ചെറുവത്തൂർ : വീരമലക്കുന്ന് ഏറെ സംരക്ഷിക്കപ്പെടേണ്ടതും ശാസ്ത്രീയമായ പഠനങ്ങൾ നടത്തേണ്ടതുമായ ഒരു സ്ഥലമാണെന്ന് സബ്ജില്ലാ ശാസ്ത്രമേളയിലെ ഗവേഷണ പ്രോജക്ട് മത്സരത്തിൽ തെളിവുകൾ നിരത്തി വാദിക്കുകയാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ജില്ലാ തല മത്സരത്തിന് അർഹത നേടിയ ഇഖ്‌ബാൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിനികളായ സനാ സമദും ഷിയാ ജന്നയും.
കേരളത്തിൽ ആദ്യമായി ഒരു സസ്യ ഫോസിൽ കണ്ടെത്തിയ പ്രദേശം എന്നുള്ള രീതിയിൽ ഭൂമിശാസ്ത്രപരമായും ജൈവശാസ്ത്രപരമായും ഏറെ പ്രാധാന്യമർഹിക്കുന്ന ഭൂപ്രദേശമാണ് വീരമലക്കുന്ന് എന്ന് പ്രോജക്ടിലൂടെ ഇവർ സമർത്ഥിച്ചിട്ടുണ്ട്.
വീരമലക്കുന്നിനോട് സമാനമായ ഭൂപ്രകൃതിയുള്ള തിരുവനന്തപുരം ജില്ലയിലെ വർക്കല ക്ലിഫ് ഉൾപ്പെടുന്ന വാർക്കലി രൂപീകരണവും, മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം ലാറ്ററേറ്റും ഇന്ത്യയിൽ ആകെയുള്ള 34 ജിയോ ഹെറിറ്റേജ് സൈറ്റുകളിൽ പെടുന്നു എന്നും
മണ്ണെടുപ്പിനും മറ്റു ചൂഷണങ്ങൾക്കും കർശനമായ നിയന്ത്രണം അവിടെയുണ്ട് എന്നും പ്രൊജക്റ്റിലൂടെ സനയും ഷിയയും ചൂണ്ടിക്കാണിക്കുന്നു.
ഈ രണ്ട് ജിയോ ഹെറിറ്റേജ് സൈറ്റുകൾക്കും സമാനമായ പല പ്രത്യേകതകളും വീരമലക്കുന്നിന് ഉണ്ടായിട്ടും അർഹിക്കുന്ന പ്രാധാന്യം വീരമലക്കുന്നിന് ലഭിച്ചിട്ടില്ല എന്ന ആശങ്ക പ്രൊജക്റ്റിലൂടെ ഇവർ പങ്ക്‌വെക്കുന്നു. പ്രോജക്റ്റിന്റെ ഭാഗമായി വീരമലക്കുന്നിൽ നിന്നും നിരവധി തരത്തിലുള്ള ശിലകളും ഇലകളുടെ ഫോസിലും കണ്ടെടുത്ത് പ്രൊജക്റ്റിൽ അവതരിപ്പിച്ച് ശാസ്ത്രമേളയിൽ ഇവർ ശ്രദ്ധ നേടി. വീരമലക്കുന്നിൽ നിന്നും ലഭിച്ച സാമ്പിളുകളിൽ ശാസ്ത്രീയമായ ചില പരീക്ഷണങ്ങൾ നടത്തി അവയുടെ പ്രത്യേകതയും, അതുവഴി വീരമല കുന്നിൽ ഉള്ള ശിലകൾക്ക് വെള്ളം സംഭരിക്കാനുള്ള ശേഷി കൂടുതലാണെന്നും ഈ കുട്ടികൾ പ്രോജക്ടിലൂടെ കണ്ടെത്തി അവതരിപ്പിച്ചത് നിലവിലെ സാഹചര്യം പരിശോധിക്കുമ്പോൾ വളരെയധികം പ്രാധാന്യം അർഹിക്കുന്നതാണ് എന്ന് കാണേണ്ടതാണ്. സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർത്ഥിനികൾ എന്നുള്ള രീതിയിൽ നമ്മുടെ പ്രദേശത്ത് ജലത്തിന്റെ അക്ഷയഖനിയായ ഒരു കുന്നിനെ സംരക്ഷിക്കേണ്ടത് കടമയാണ് എന്നുള്ള ഉത്തമ ബോധ്യത്തിൽ നിന്നുമാണ് ഈ പ്രൊജക്റ്റ് എന്ന ആശയം ഉടലെടുത്തത് എന്നും, കേവലം ഒരു മത്സരം എന്നതിലപ്പുറം കുട്ടികളായ ഞങ്ങൾക്ക് ഞങ്ങളുടെ അഭിപ്രായങ്ങളും ആശങ്കകളും പങ്കുവെക്കാനുള്ള ഒരു വേദിയായിട്ട് കൂടിയാണ് ശാസ്ത്രമേളയെ ഞങ്ങൾ കാണുന്നതെന്നും സനയും ഷിയയും പറഞ്ഞു. ഇരുവരും കാഞ്ഞങ്ങാട് ഇഖ്‌ബാൽ ഹയർ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിനികളാണ്. സ്കൂളിലെ അധ്യാപകനായ സന്ദീപ് മാഷാണ് കുട്ടികളെ പ്രോജക്ടിനായി തയ്യാറാക്കിയത്.
0 Comments