ഒന്നു നടക്കണമെങ്കിൽ ആയിഷത്തുൽ ഫഹീമയ്ക്കും വേണം കോടികളുടെ മരുന്ന്
കാഞ്ഞങ്ങാട്: അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം. എ ) ബാധിച്ച കാഞ്ഞങ്ങാട്ടെ 20കാരി ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. അനന്തംപള്ളയിലെ അബ്ദുൾ മുത്തലിബ് -നസീമ ദമ്പതികളുടെ മകൾ ആയിഷത്തുൽ ഫഹീമയാണ് നാടിൻ്റെ കാരുണ്യത്തിനായി കേഴുന്നത്. രോഗം ബാധിച്ച് നടക്കുവാനോ നിൽക്കുവാനോ പറ്റാത്ത അവസ്ഥയാണ്. 20 വർഷമായി ദുരിതമനുഭവിക്കുകയാണ്. വിദഗ്ധ ചികിത്സ നൽകിയാൽ രോഗം ഭേദമാകുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. അതിന് 20 കോടിയിലേറെ രൂപ വേണ്ടിവരും. പ്രവാസിയായിരുന്ന അബ്ദുൾ മുത്തലിബ് ഒരപകടത്തിൽ പെട്ട് കാലിൻ്റെ ചികിത്സയിലാണ്. ഇതുവരെയുള്ള സമ്പാദ്യമെല്ലാം മകളുടെ ചികിത്സയ്ക്ക് വേണ്ടി ചെലവഴിച്ച മുത്തലിബ് അപകടത്തിൽ പെട്ടതോടെ ചികിത്സ മുന്നോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ടുകയാണ്. ഇപ്പോൾ ഓട്ടോ ഓടിച്ചാണ് ജീവിതം മുന്നോട്ടു തള്ളുന്നത്. ഫഹീമയ്ക്കു 20 വയസായതിനാൽ രോഗം മാറാൻ ദീർഘ വർഷത്തെ ചികിത്സ ആവശ്യമാണെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഒരു മാസം ആറു ലക്ഷം രൂപയുടെ മരുന്ന് ആവശ്യമായി വരും. ഒരു വർഷത്തേക്ക് 72 ലക്ഷം രൂപ വിലമതിക്കുന്ന റിസ്ഡി പ്ലാം എന്ന മരുന്നു വേണം. ഇത്രയും വലിയ തുക കണ്ടെത്താൻ കഴിയാത്തതിനാലാണ് കുടുംബത്തിൻ്റെ ദുരിതമറിഞ്ഞ നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചത്. സംസ്ഥാനത്ത് ഈ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സക്കായി കൈകോർത്ത് നാട് ഈ യുവതിയുടേയും ചികിത്സയ്ക്കായി കൂടെ നിൽക്കുമെന്നാണ് ചികിത്സാസഹായ കമ്മിറ്റിയുടെ പ്രതീക്ഷ. നീലേശ്വരം നഗരസഭാ വൈസ് ചെയർമാൻ പി. പി മുഹമ്മദ് റാഫി ചെയർമാനും വാർഡ് കൗൺസിലർ സി. രവീന്ദ്രൻ കൺവീനറും വി.സി.അബ്ദുള്ള സഅദി ട്രഷററുമായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ പേരിൽ ഫെഡറൽ ബാങ്ക് നീലേശ്വരം ശാഖയിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്. ഫഹീമയുടെ പേരിൽ ഗൂഗിൾ വഴിയും സഹായമെത്തിക്കാം. ഫോൺ: 9847638789, ഐ.എഫ്.എസ്.സി കോഡ്- FDRL 0001070 അക്കൗണ്ട് നമ്പർ 10700200012535.
0 Comments