Ticker

6/recent/ticker-posts

പൊലീസ് സ്റ്റേഷനിൽ നിന്നും പൊലീസുകാരൻ മൊബൈൽ ഫോൺ മോഷ്ടിച്ചു, കേസ്

കാഞ്ഞങ്ങാട്:പൊലീസ് സ്റ്റേഷനിൽ നിന്നും പൊലീസുകാരൻ മൊബൈൽ ഫോൺ മോഷ്ടിച്ചു. പൊലീസ് സ്റ്റേഷനിൽ നിന്നും ഫോൺ മോഷ്ടിച്ച സീനിയർ സിവിൽ പൊലീസുകാരനതിരെ എസ് ഐ യുടെ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്തു.
ചന്തേര സ്റ്റേഷനിലാണ് പൊലീസ് സേനക്ക് തന്നെ നാണക്കേടായ സംഭവം. മോഷ്ടിച്ച മൊബൈൽ ഫോൺ പൊലീസുകാരൻ വിൽപ്പ നടത്തുകയും ഇത് പൊലീസ് കണ്ടെത്തുകയും ചെയ്തു.
ചന്തേര സ്റ്റേഷനിലെ പൊലീസുകാരൻ ബൈജുവിനെതിരെയാണ് മോഷണത്തിന് കേസെടുത്തിട്ടുള്ളത്.
ചന്തേര എസ്.ഐ വിഷ്ണു എസ്. നായരുടെ പരാതിയിലാണ് കേസ്.
സംഭവത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെ:
ഇക്കഴിഞ്ഞ
16 ആം തീയ്യതി കാലത്ത് 9 മണിക്ക് ചന്തേര പൊലീസ് സ്റ്റേഷനിലെ സ്റ്റാഫുകളുടെ വാട്ട്സ്അപ്പ് ഗ്രൂപ്പായ ചന്തേര എന്ന ഗ്രൂപ്പിൽ രതീഷ് എന്ന പൊലീസുകാരൻ ഒരു ഫോട്ടോയും അതിന് താഴെ ഒരു ടെക്സ്റ്റ് മെസ്സേജും അപ്പ് ലോഡ് ചെയ്തതായി കണ്ടിട്ടുള്ളതാണ്.  ഫോൺ കാണാതായി, സുഭദ്ര രാമന്തളി  എന്നിങ്ങനെയും ആയതിന് താഴെയായി 'ഈ പേപ്പറിൽ പൊതിഞ്ഞു വച്ച ഒരു കറുത്ത കവർ ഉള്ള മൊബൈൽ ഫോൺ പാറാവിൻ്റെ മേശയിൽ നിന്നും കാണാതായിട്ടുണ്ട് ആരെങ്കിലും മാറ്റി വെച്ചിട്ടുണ്ടെങ്കിൽ അറിയിക്കുക' എന്നിങ്ങനെയുള്ള മെസ്സേജുകളാണ് വന്നത്. എസ്. ഐ ഉടനെ തന്നെ സ്റ്റേഷനിലെ സി.പി ഓട് എന്താണ് പ്രശ്നം എന്ന് ചോദിച്ചു. 
 8 ന്  വഴിയിൽ നിന്നും കളഞ്ഞ് കിട്ടി എന്ന് പറഞ്ഞ് ചന്തേര പൊലീസ് സ്റ്റേഷന് സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളി ഒരു Redmi Note 9-Pro മൊബൈൽ ഫോൺ സ്റ്റേഷനിൽ ജി.ഡി ചാർജ്ജിലുണ്ടായിരുന്ന എ.എസ്.ഐ ഹരീഷിന് ഏൽപ്പിച്ചിരുന്നു . മൊബൈൽ ഫോണിൻ്റെ ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിക്കുന്നതിലേക്കായി സ്റ്റേഷൻ പാറാവ് ബുക്കിൽ രേഖപ്പെടുത്തി ജി.ഡി ചാർജ്ജ് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആളെ ഏൽപ്പിച്ചിരുന്നു എന്നും തുടർന്ന്  മൊബൈൽ ഫോണിലേക്ക് വന്ന കാൾ നമ്പരിൽ ഫോൺ പയ്യന്നൂർ രാമന്തളി സ്വദേശിനിയായ സുഭദ്ര നായർ എന്ന സ്ത്രീയുടേതാണ് എന്നും അടുത്ത ദിവസം തന്നെ ഫോൺ കൈപ്പറ്റി കൊള്ളാമെന്ന് അവർ അറിയിച്ചതിനെ തുടർന്ന് അവരുടെ പേരും വിലാസവും ഫോൺ നമ്പരും ഒരു കടലാസിൽ എഴുതി അതേ കടലാസിൽ തന്നെ ഫോൺ പൊതിഞ്ഞ് പാറാവ് മേശയുടെ വലുപ്പിൽ സൂക്ഷിച്ച് വെച്ചതായിരുന്നു. പിന്നീട് സുഭദ്രനായരുടെ മകൻ ദർശൻ മൊബൈൽ ഫോൺ കൈപ്പറ്റുന്നതിന് വേണ്ടി ഒരാഴ്ച കഴിഞ്ഞ് സ്റ്റേഷനിൽ വരികയും ചെയ്തു .
മൊബൈൽ ഫോൺ സൂക്ഷിച്ച് വെച്ച മേശ വലിപ്പിൽ അത് കാണാത്തതിനെ തുടർന്ന് ഫോൺ കണ്ടെത്തി വിവരം അറിയിക്കാമെന്ന് പറഞ്ഞ് ദർശനെ മടക്കി അയക്കുകയും ചെയ്തിരുന്നു.  തുടർന്ന്  സ്റ്റേഷനിലെ സൈബർ കാര്യങ്ങൾ നോക്കുന്ന 
 രജനീഷ് , സുഭദ്രാ നായരുടെ മൊബൈൽ ഫോണിൻ്റെ IMEI നമ്പർ ട്രേസ്ഔട്ട് ചെയ്ത് മൊബൈൽ ഫോൺ കണ്ടെത്തുന്നതിനുള്ള നടപടി ആരംഭിക്കുകയായിരുന്നു. കാണാതായ മൊബൈൽ ഫോണിൻ്റെ IMEI trace out ചെയ്തതിൽ മൊബൈൽ ഫോണിൽ 14 മുതൽ 9567250766 എന്ന നമ്പർ ഉപയോഗിക്കുന്നുണ്ട് എന്നും  ടവർ ലൊക്കേഷൻ ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട നീർച്ചാൽ എന്ന സ്ഥലത്ത് ആണ് എന്ന് കണ്ടെത്തി.
 സിം അഡ്രസ് മൊഹമ്മദ് ആരീസ്.കെ, നീർച്ചാൽ, ബദിയടുക്ക എന്ന് വ്യക്തമായി. തുടർന്ന്  മൊഹമ്മദ് ആരിസ് എന്നയാളോട് ചന്തേര പോലീസ് സ്റ്റേഷനിൽ ഹാജരായി മൊബൈൽ ഫോൺ ഹാജരാക്കി തരാൻ നിർദ്ദേശം നൽകി. 24 ന് ചന്തേര പോലീസ് സ്റ്റേഷനിൽ ഹാജരാവുകയും തുടർന്ന് മൊബൈൽ ഫോൺ   ബന്തവസ്സിലെടുക്കുകയും ചെയ്തു. മുഹമ്മദ് ആരിസിനോട് ചോദിച്ചതിൽ 13 ന് പരിചയമുള്ള  പൊലീസുകാരൻ  മൊബൈൽ ഫോൺ വിൽപ്പനക്കായി കൊണ്ടു വന്നതാണ് എന്നും പറഞ്ഞു.
   അന്നേ ദിവസം പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ബൈജു  പറാവ് മേശയുടെ വലുപ്പ് തുറന്ന് മൊബൈൽ ഫോൺ പുറത്തെടുക്കുന്നതും മൊബൈൽ ഫോണിനകത്ത് നിന്നും സിം ഊരിയെടുത്ത് പൊട്ടിച്ച് കഷണങ്ങളാക്കി ഇടത് ചുമരിൻ്റെ ഭാഗത്തേക്ക് ഇട്ടതായി സി. സി. ടി വി യിൽ കണ്ടെത്തി.
  പറാവ് ഡ്യൂട്ടി ചെയ്യുന്ന മുൻവശം ക്യാബിന് സമീപത്തായി  ചുമരിനോട് ചേർന്നുള്ള തറയിലും ബാറ്ററിയുടെയും ചുമരിൻ്റെയും ഇടയിൽ നിന്നും എയർടെൽ കമ്പനിയുടെ ഒരു സിം കാർഡിന്റെ രണ്ട് കഷണങ്ങൾ കണ്ടെടുക്കുകയും  ചെയ്തു. പ്രാഥമിക അന്വേഷണം നടത്തി പൊലീസുകാരൻ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ എടുത്ത കാര്യത്തിന്  സ്പെഷ്യൽ റിപ്പോർട്ട് തയ്യാറാക്കി 24 തീയ്യതി ജില്ലാ പൊലീസ് മേധാവിക്ക് സമർപ്പിക്കുകയും ചെയ്തു . 10,000 രൂപയോളം വിലവരുന്ന  മൊബൈൽ ഫോൺ പ്രതി കളവ് ചെയ്തതിന്  ചന്തേര പൊലീസ്  കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. 
Reactions

Post a Comment

0 Comments