നീലേശ്വരം : താൻ മരിച്ചതായി വ്യാജ രേഖയുണ്ടാക്കി 55 സെൻ്റ് സ്ഥലം തട്ടിയെടുത്തെന്ന വയോധികൻ്റെ പരാതിയിൽ വില്ലേജ് ഓഫീസർ അടക്കം ഏഴ് പേർക്കെതിരെ നീലേശ്വരം പൊലിസ് കേസ് റജിസ്ട്രർ ചെയ്തു. നീലേശ്വരം പള്ളിക്കരയിലെ വാഴ വളപ്പിൽ അമ്പാടിയുടെ മകൻ വി.വി. ഭാസ്ക്കരൻ്റെ 67 പരാതിയിൽ നീലേശ്വരം സ്വദേശികളായ പി.കെ. രാജലക്ഷ്മി, പി.കെ. വൈശാഖ്, പി.കെ. വൈഷ്ണവി, സുനിൽ കുമാർ, സരസ്വതി, ശ്രീധരൻ, പേരോൽ വില്ലേജ് ഓഫീസർ എന്നിവർക്കെതിരെയാണ് കേസ്. കേസിൽ ഏഴാം പ്രതിയാണ് വില്ലേജ് ഓഫീസർ. ഭാസ്ക്കരൻ നീലേശ്വരം പൊലീസിലെത്തി പരാതി നൽകുകയായിരുന്നു. 2014 മെയ് 24ന് ഭാസ്ക്കരൻ്റെ കൈ വശമുണ്ടായിരുന്ന പേരോലിലെ 55 സെൻ്റ് സ്ഥലം ഭാസ്ക്കരൻ മരിച്ചതായി രേഖയുണ്ടായി തട്ടിയെടുത്തെന്നാണ് പരാതി. ഒന്ന് മുതൽ മൂന്ന് വരയുള്ള പ്രതികൾ അനന്തരാവകാശികളാണെന്ന് വ്യാജ രേഖയുണ്ടാക്കി ലീഗൽ ഹെയർ സർട്ടിഫിക്കറ്റ് സമ്പാദിച്ച് ആൾമാറാട്ടം നടത്തി മോഡല്ലോ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിൽ റജിസ്ട്രർ ചെയ്ത് ചതിചെയ്തെന്നാണ് കേസ്.
0 Comments