കാഞ്ഞങ്ങാട് : സംഘർഷം പതിവായതോടെ ട്രെയിനുകളിൽ രഹസ്യ പൊലീസിനെ വിന്യസിക്കാൻ തീരുമാനം. ട്രെയിൻ യാത്രക്കാർക്ക് സുരക്ഷയൊരുക്കാനാണിത്. പ്രത്യേകിച്ച് സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും സുരക്ഷിതമായ യാത്ര ഒരുക്കുക മാണ് പൊലീസിൻ്റെ ലക്ഷ്യം. മംഗലാപുരത്തുനിന്നുമുള്ള ലോക്കൽ ട്രെയിനിൽ വിദ്യാർത്ഥികൾ പരസ്പരവും വിദ്യാർത്ഥികളും മറ്റു യാത്രക്കാർ തമ്മിലുള്ള സംഘർഷം പതിവായതോടെയാണ് രഹസ്യ പൊലീസ് വരുന്നത്. ഇന്നലെ ജില്ല പൊലീസ് മേധാവി വിജയ ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ട്രെയിനിൽ സംഘർഷമുണ്ടാകുന്നത് തടയാൻ കർശന നടപടിക്ക് തീരുമാനമായി. അഡീഷണൽ പൊലീസ് സൂപ്രൻ്റ് ദേവദാസൻ, ഡി.വൈ.എസ്.പി സി.കെ.അനിൽകുമാർ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഇൻസ്പെക്ടർ ശശി, റെയിൽവേ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ രജികുമാർ എന്നിവരുടെ സാന്നിധ്യത്തിൽ സുരക്ഷാ മീറ്റിംഗ് നടന്നു. സുരക്ഷിത യാത്രക്ക് സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ചർച്ച ചെയ്തു. കുറ്റ കൃത്യങ്ങൾ ഉണ്ടായാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതിനും ട്രെയിനുകളിൽ മഫ്റ്റി പൊലീസിനെ വിന്യസിക്കാനും തീരുമാനിക്കുകയായിരുന്നു.
0 Comments