കാഞ്ഞങ്ങാട് :അരയി പുഴയിൽ ഒഴുക്കിൽ പെട്ടത് പോത്ത്. നിലവിളിച്ചതാവട്ടെ പോത്തിൻ്റെ ഉടമയും. ഇന്നലെ വൈകുന്നേരം നാട്ടുകാരെയും ഫയർ ഫോഴ്സിനെയും മണിക്കൂറുകളോളം വട്ടം ചുറ്റിച്ച നിലവിളിക്ക് പിന്നിലെ കാരണം വ്യക്തമായ ആശ്വാസത്തിലാണ് നാട്ടുകാർ. പുഴയിൽ നിന്നും
നിലവിളി ശബ്ദം പലരും കേട്ടതോടെ കുത്തി ഒഴുകുന്ന അരയി പുഴയിൽ ആരോ വീണതായ സംശയമുണ്ടായി. തുടർന്ന് സ്ഥലത്ത് നാട്ടുകാരും
ഫയർഫോഴ്സും തിരച്ചിൽ നടത്തി. കാർത്തിക പുഴയുടെ പടിഞ്ഞാറ് ഭാഗം കല്ലൂർ താഴ എന്ന സ്ഥലത്ത് നിന്നു മാണ് നിലവിളി കേട്ടത്. നാട്ടുകാർ നടത്തിയതിരച്ചിലിൽ ആരെയും കണ്ടെത്താനായില്ല. തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. കാഞ്ഞങ്ങാട് നിന്നും ഫയർ
ഫോഴ്സ് എത്തി വ്യാപക തിരച്ചിൽ നടത്തി. പുഴയുടെ ഓരങ്ങളിലും വെള്ളം കയറിയ വയലിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരച്ചിൽ മണിക്കൂറുകളോളം തുടർന്നിരുന്നു. റസ്ക്യൂ ബോട്ട് ഉൾപെടെ തിരച്ചിലിന് ഉപയോഗിച്ചു. രാത്രിയോടെയാണ് നിലവിളിയുടെ കാരണം നാട്ടുകാരറിയുന്നത്. പുഴയോരത്ത് മേയാൻ വിട്ട പോത്തിൻ കുട്ടി വെള്ളത്തിൽ വീണ് ഒഴുകിയതിനെ തുടർന്ന് ഉടമ നിലവിളിച്ചതാണെന്നാണ് വ്യക്തമായത്. പുഴയുടെ അൽപ്പം താഴെ നിന്നും ഉടമ പോത്തിൻ കുട്ടിയെ രക്ഷിച്ച് അത് വഴി പോവുകയും ചെയ്തു. നിലവിളി കേട്ട നാട്ടുകാരാകട്ടെ ആശങ്കയിൽ തിരച്ചിൽ നടത്തുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപ് വിദ്യാർത്ഥി ഇതേ പുഴയിൽ മുങ്ങി മരിച്ചതിന് ശേഷം നാട്ടുകാർ ജാഗ്രതയിലുമായിരുന്നു. പോത്തിൻ്റെ ഉടമ യാവട്ടെ തിരച്ചിൽ നടത്തുന്ന കാര്യമൊന്നും തത്സമയം അറിഞ്ഞതുമില്ല.
0 Comments