കാഞ്ഞങ്ങാട് :
അലൂമിനിയം ഫാബ്രിക്കേഷൻ ബിസിനസ് നടത്തുന്ന വെള്ളിക്കോത്ത് പെരളത്തെ ഏഴുപ്ലാക്കൽ റോയി ജോസഫിൻ്റെ 48 മരണവുമായി ബന്ധപ്പെട്ട് കരാറുകാരൻ നരേന്ദ്രനെ ഹോസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. ഇൻസ്പെക്ടർ പി. അജിത് കുമാറിൻ്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. മാവുങ്കാൽ മൂലക്കണ്ടത്ത് നിർമ്മാണത്തിലുള്ള മൂന്ന് നിലകെട്ടിടത്തിൻ്റെ ഉടമയായ റോയി ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെ മംഗലാപുരം ആശുപത്രിയിലാണ് മരിച്ചത്. മാവുങ്കാൽ മൂലക്കണ്ടത്ത് നിർമ്മാണത്തിലുള്ള മൂന്ന് നിലകെട്ടിടത്തിന് മുകളിൽ നിന്നും
കരാറുകാരൻ
ചവിട്ടി താഴെയിട്ടതാണെന്ന സുഹൃത്തിൻ്റെ പരാതിയിൽ കരാറുകാരൻ നരേന്ദ്രനെതിരെ ഹോസ്ദുർഗ് പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.
റോയിയും കരാറുകാരൻ നരേന്ദ്രനും മൂന്നാംനിലയിൽ
സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. നിർമ്മാണം സംബന്ധിച്ച് ഇരുവരും തർക്കമുണ്ടായി എന്നാണ് പറയുന്നത്. റോയിയെ , നരേന്ദ്രൻ കൊല്ലണമെന്ന ഉദ്ദേശത്തോട് കൂടിയാണോ തള്ളിയിട്ട തെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. നരേന്ദ്രനെതിരെ കൊലക്കുറ്റമല്ലെങ്കിൽ നരഹത്യാ കുറ്റം ചുമത്താനാണ് സാധ്യത. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കി മാത്രമെ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുവെന്നാണ് സൂചന. റോയിയിൽ നിന്നും പൊലീസിന് മരണമൊഴിയെടുക്കാൻ സാധിച്ചിരുന്നില്ല. പൊലീസ് മംഗലാപുരം ആശുപത്രിയിലെത്തിയിരുന്നുവെങ്കിലും ഗുരുതരാവസ്ഥയിലായതിനാലാണ് മൊഴിയെടുക്കാൻ കഴിയാതെ പോയത്. തുടർന്നാണ് സുഹൃത്തിൻ്റെ പരാതിയിൽ നടപടി സ്വീകരിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്കായി പൊലീസ് ഹോസ്ദുർഗ് മംഗലാപുരത്തേക്ക് പോയി.
0 Comments