കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ട് എട്ട് വയസുകാരനെ കെട്ടിയിട്ട് പീഡിപ്പിച്ച പ്രതിക്ക് 30 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി.
 പ്രതിക്ക്  30 വർഷവും  3 മാസവും കഠിന തടവും  36000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും ഒരു മാസവും അധിക തടവിനും ശിക്ഷയാണ് വിധിച്ചത്.   ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന  ആൺ കുട്ടിയെയാണ് പീഡിപ്പിച്ചത്. 
ആവിയിൽ കണ്ടംകടവിലെ ടി.പി.  മുഹമ്മദ്‌ മിദി ലാജിനെ 24 യാണ് ശിക്ഷിച്ചത്. 2023 ഫെബ്രുവരി
 23 ന്  വൈകുന്നേരം 4.30 മണിക്ക്
കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യണമെന്നുള്ള  ഉദ്ദേശത്തോടുകൂടി  റോഡിൽ നിന്നും ബലമായി പുതുതായി കെട്ടുന്ന ഒരു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടർന്ന്
കൈകൾ കെട്ടുകയും വായ പൊത്തുകയും ചെയ്ത ശേഷം ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു.
സംഭവം വീട്ടിൽ പറഞ്ഞാൽ  കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും  ചെയ്തു. കേസിൽ സ്പെഷ്യൽ  കോർട്ട് ഫോർ ദി ട്രയൽ ഓഫ് ഓഫൻസസ്  അണ്ടർ പോക്സോ ആക്ട് ഹോസ്ദുർഗ് ജഡ്ജ്  പി.എം.
സുരേഷ് ആണ് ശിക്ഷ  വിധിച്ചത്.പോക്സോ ആക്ട്  6(1) r/w 5(m)പ്രകാരം 20 വർഷം  കഠിന തടവും 25,000 രൂപ  പിഴയും, പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവും, ഇന്ത്യൻ ശിക്ഷ നിയമം 370(4) പ്രകാരം 10 വർഷം കഠിന തടവും, 10,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവും  506(1) പ്രകാരം 3 മാസം തടവും 1000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 1 മാസം അധിക തടവും ആണ് ശിക്ഷ . ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ഹോസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി  കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ  ഇൻസ്‌പെക്ടർ ആയിരുന്ന കെ.പി. ഷൈൻആണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ. ഗംഗാധരൻഹാജരായി.