കാസർകോട്: വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി കാറിൽ കടത്തുകയായിരുന്ന 6.99 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് പേരെ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തൊടി എഴുതും കടവ് മുഹമ്മദ് സവാദ് അലി 43, കുഡ്ലു ചൗക്കി കെ.കെ. പുറം അക്ഷയ് 30 എന്നിവരാണ് പിടിയിലായത്.
മുട്ടത്തൊടി വില്ലേജിലെ ബി.സി. റോഡിൽ ദേശീയപാത 66-ന്റെ സർവീസ് റോഡിനോട് ചേർന്നുള്ള കെട്ടിടത്തിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ചാണ് ഇവർ പിടിയിലായത്. വിദ്യാനഗർ പൊലീസ് സബ് ഇൻസ്പെക്ടർ വിജയൻ മേലത്തുവിന്റെ നേതൃത്വത്തിലുള്ള സംഘം പട്രോളിംഗ് നടത്തുന്നതിനിടെ സംശയാസ്പദമായി നിർത്തിയിട്ടിരുന്ന കാർ പൊലീസ് വാഹനം കണ്ട് പെട്ടെന്ന് മുന്നോട്ടെടുക്കാൻ ശ്രമിക്കുകയായിരുന്നു. കാർ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച നിലയിൽ കവറുകളിലായി സൂക്ഷിച്ച എം.ഡി.എം.എ കണ്ടെത്തിയത്. മയക്കുമരുന്ന് വലിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ട്യൂബ്, ലൈറ്റർ, സിഗരറ്റ് പാക്കറ്റുകൾ, സിപ് ലോക്ക് കവറുകൾ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എസ്.ഐ. വിജയൻ വിജയൻ മേലത്തിനൊപ്പം എസ്.ഐ. ജഗദീശൻ , എ.എസ്.ഐ.മാരായ സുരേഷ് ബാബു, പ്രദീപ് കുമാർ, സി.പി.ഒ. ഷീന, ഹോം ഗാർഡ് സജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
0 Comments