കാഞ്ഞങ്ങാട്: പൊതുജനാരോഗ്യ സംരക്ഷണവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ഓപ്പറേഷൻ സേഫ് ബൈറ്റിന്റെ ഭാഗമായി അജാനൂർ ഗ്രാമപഞ്ചായത്തിലെ മഡിയൻ മേഖലയിലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി. പരിശോധനയിൽ പഴകിയതും ഉപയോഗയോഗ്യമല്ലാത്തതുമായ ഭക്ഷ്യസാധനങ്ങൾ കണ്ടെത്തി പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷണശാലകളിലെ ശുചിത്വനിലവാരം, ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതമായ സംഭരണരീതി, ഭക്ഷണം തയ്യാറാക്കുന്ന സാഹചര്യം, ജീവനക്കാരുടെ ആരോഗ്യസുരക്ഷ, കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ചു. സ്ഥാപനങ്ങളിലെ ഭക്ഷ്യസുരക്ഷാ ക്രമീകരണങ്ങൾ, ശുചിത്വപരിപാലനം, ആവശ്യമായ രേഖകളുടെ ലഭ്യത, നിയമാനുസൃതമായ ആരോഗ്യ മാനദണ്ഡങ്ങൾ പരിശോധിച്ചു. ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് നിർബന്ധമായും ഹെൽത്ത് കാർഡ് ഉണ്ടായിരിക്കണമെന്നും സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന കുടിവെള്ളം പരിശോധിച്ചതിന്റെ രേഖകൾ സൂക്ഷിക്കണമെന്നും അധികൃതർ വ്യക്തമാക്കി. ആവശ്യമായ രേഖകളില്ലാതെയും ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃതമായ കർശന നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള ഭക്ഷ്യവിതരണവും ശുചിത്വവീഴ്ചകളും അനുവദിക്കാനാവില്ലെന്ന വ്യക്തമായ സന്ദേശമാണ് പരിശോധനയിലൂടെ ആരോഗ്യവകുപ്പ് നൽകുന്നത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി വരുംദിവസങ്ങളിലും പരിശോധനകൾ ശക്തമായി തുടരുമെന്നും അധികൃതർ അറിയിച്ചു. പരിശോധനയിൽ മെഡിക്കൽ ഓഫീസർ ഡോ. അനിൽകുമാർ ഹെൽത്ത് സൂപ്പർവൈസർ ബിജു ബാലുശ്ശേരി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഗോപകുമാർ, സുബൻ ഫുഡ് ഇൻസ്പെക്ടർമാരായ രാഖി ലിനിഷ ഓഫീസ് സ്റ്റാഫ് രാജു പങ്കെടുത്തു.
0 Comments