Ticker

6/recent/ticker-posts

തീപിടിച്ച തുണിക്കട കത്തിച്ചാമ്പലായി, ഫയർ ഫോഴ്സ് തീയണച്ചത് നാല് മണിക്കൂർ നടത്തിയ പരിശ്രമത്തിൽ, രക്ഷാപ്രവർത്തനം നടത്തിയത് കെട്ടിടത്തിൻ്റെ ചുമര് തുരന്ന്

കാഞ്ഞങ്ങാട് : ഇന്ന് രാവിലെ തീപിടുത്തമുണ്ടായ മദർ ഇന്ത്യ വെഡിംഗ് ടെക്സ്റ്റൈൽ പൂർണമായും കത്തിച്ചാമ്പലായി. രണ്ട് വാഹനങ്ങൾ ഉപയോഗിച്ച് നാല് മണിക്കൂർ ഫയർഫോഴ്സ് നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.  വസ്ത്രങ്ങൾ മുഴുവൻ കത്തിനശിച്ചു. കെട്ടിടത്തിനും തീപിടിച്ച് വലിയ നഷ്ടമുണ്ട്. കല്ലട്ര ഷോപ്പിംഗ് കോംപ്ലക്സിലെ താഴത്തെ നിലയിലായാണ് വസ്ത്രാലയം. ഇടുങ്ങിയ പ്രദേശമായതിനാൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് രക്ഷാപ്രവർത്തനം പ്രയാസമാക്കി. ഷട്ടർ പൊളിക്കാനുള്ള ശ്രമത്തിനിടെ ഉടമ താക്കോലുമായെത്തിയെ തുറന്നെങ്കിലും പുക ഭീകരമായ നിലയിലായതിനാൽ അകത്ത് കയറാനായില്ല. തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ച് അകത്തു കയറി കെട്ടിടത്തിൻ്റെ ചുമര് തുരന്ന് പുക പുറത്തേക്ക് കടക്കാൻ വഴിയൊരുക്കി. അകത്തെ ഗ്ലാസുകളും തകർത്തു. ഇതിന് ശേഷമാണ് അൽപ്പമെങ്കിലും രക്ഷാപ്രവർത്തനം സുഗമമായ തെന്ന് അഗ്നി രക്ഷാ ഉദ്യോഗസ്ഥർ ഉത്തര മലബാറിനോട് പറഞ്ഞു. 11500 ലിറ്റർ വെള്ളം വഹിക്കുന്ന ഒരു വാഹനവും 4500 ലിറ്റർ വഹിക്കുന്ന വാഹനത്തിൽ രണ്ട് തവണയുമെത്തിച്ചാണ് തീ അണച്ചത്. പൊലീസും സഹായത്തിനെത്തി. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് സംശയമെങ്കിലും ഉറപ്പാക്കിയിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. സമീപത്തെ മറ്റ് കടകളിലേക്ക് പടരും മുൻപ് തീ നിയന്ത്രിക്കാനായി. കാഞ്ഞങ്ങാട് ഫയർ
അസി. ഓഫീസർ കെ. സതീശൻ, സീനിയർ ഓഫീസർ ഗണേഷൻ കിണറ്റിൻകര, മറ്റ് ഓഫീസർമാരായ ഷിജു, മുകേഷ്, ലിനേഷ്, അജിത്ത്, ഡ്രൈവർമാരായ അജിത്ത്, പ്രിത്തിരാജ്ഹോം ഗാർഡുകളായ നാരായണൻ, സന്തോഷ് കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Reactions

Post a Comment

0 Comments