Ticker

6/recent/ticker-posts

പ്രവാസികളുടെ ആശങ്കകളും സംശയങ്ങളും അറിയിക്കാനുള്ളവേദിയായി മാറി പ്രവാസി സംഗമം

കാഞ്ഞങ്ങാട്:പ്രവാസികളുടെ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും പരിഹാരം നല്‍കി എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ സംഘടിപ്പിച്ച പ്രവാസിസംഗമം. 
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പ്രദര്‍ശന വിപണന മേള നടക്കുന്നത്. മുന്‍ എം പി പി. കരുണാകരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വളർച്ചയിൽ പ്രവാസികളുടെ സംഭാവന അതുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലോക കേരള സഭ പ്രവാസികൾക്കുള്ള വലിയ അംഗീകാരമാണ്. സർക്കാർ പ്രവാസികൾക്കു നൽകുന്ന സേവനങ്ങൾ അർഹരായവരിലെത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത  അധ്യക്ഷയായി. പ്രവാസികളും വ്യവസായവും എന്ന വിഷയത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത്കുമാര്‍ സംസാരിച്ചു. കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് അറിയേണ്ട പ്രാഥമിക വിവരങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. സംസ്ഥാനസര്‍ക്കാര്‍ പ്രവാസി വ്യവസായികള്‍ക്കായി ഒരുക്കുന്ന വിവിധ സൗകര്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രവാസികളും ടൂറിസവും എന്ന വിഷയത്തില്‍ ഡി ടി പി സി സെക്രട്ടറി ലിജോ ജോസഫ് സംസാരിച്ചു. ടൂറിസം മേഖലയില്‍ വ്യവസായികള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച്
 വിശദീകരിച്ചു. 
ഒട്ടേറെ പ്രവാസികളാണ് കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. പ്രവാസത്തിനുശേഷം നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികളുടെ സംശയങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഉദ്യോഗസ്ഥര്‍ മറുപടി പറഞ്ഞു. നോര്‍ക്ക റൂട്ട്‌സ് വഴി കേരളത്തിലെ പ്രവാസികള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍, ലോണുകള്‍, സബ്‌സിഡികള്‍, നോര്‍ക്കയുടെ സേവനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. നോര്‍ക്ക റൂട്ട്‌സ് കോഴിക്കോട് മേഖലാ ഓഫീസ് സെന്റര്‍ മാനേജര്‍ ടി  അനീഷ്, നോര്‍ക്ക റൂട്ട്‌സ് കോഴിക്കോട് മേഖലാ ഓഫീസ് അസിസ്റ്റന്റ്് സെക്ഷന്‍ ഓഫിസര്‍ കെ ബാബുരാജന്‍, നോര്‍ക്ക റൂട്ട്‌സ് കോഴിക്കോട് മേഖലാ ഓഫീസ് ജൂനിയര്‍ എക്‌സിക്യൂട്ടിവ് പി രജനി എന്നിവര്‍  പ്രവാസികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.  കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി പി ചന്ദ്രന്‍, കേരള പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി അബ്ദുള്‍ റസാഖ് തായലക്കണ്ടി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം മധുസൂദനന്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിധീഷ് ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഫോട്ടോ : എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സംഘടിപ്പിച്ച പ്രവാസി സംഗമം മുന്‍ എം പി പി കരുണാകരന്‍ ഉദ്ഘാടനം ചെയ്യുന്നു.
Reactions

Post a Comment

0 Comments