Ticker

6/recent/ticker-posts

കൂൺകൃഷി പരിശീലനവുമായി പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം

പിലിക്കോട്:
കൂൺ കൃഷിയുമായി കർഷകർക്കൊപ്പം പിലിക്കോട്  ഉത്തരമേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം
പരിശീലന പരിപാടികൾ ഗവേഷണ കേന്ദ്രങ്ങളിലെ ക്ലാസ് മുറികളിൽ മാത്രം ഒതുങ്ങാതെ കർഷകന്റെ പാടത്തേക്കും പറമ്പിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പിലിക്കോട് ഉത്തരമേഖല പ്രാദേശിക ഗവേഷണ കേന്ദ്രം നടപ്പിലാക്കി വരുന്ന വിവിധ പരിശീലന പരിപാടികളില്‍ ഒന്നാണ്‌ കൂൺകൃഷി പരിശീലനം, ഈ വര്‍ഷം പയ്യന്നൂർ നഗരസഭയിലെ യുവകർഷകർക്കാണ് ആരംഭിച്ചത്. പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റിയിലെ വെള്ളൂർ കണിയരി ജനകീയ വായനശാലയുമായി കൈകോര്‍ത്ത് ജൂലൈ 31ന് ഞായറാഴ്ച നടത്തിയ പരിശീലന പരിപാടി, ഉത്തര മേഖല ഗവേഷണ വിഭാഗം മേധാവി ഡോ. വനജ. ടി.യുടെ അധ്യക്ഷതയിൽ, പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ വി ലളിത ഉദ്ഘാടനം ചെയ്തു. നമ്മുടെ ആഹാരക്രമത്തിൽ കൂൺ ഉൾപ്പെടുത്തുന്നതിന്റെ പ്രാധാന്യം, വിവിധയിനം കൂണുകളെ തിരിച്ചറിയൽ, ശാസ്ത്രീയമായ കൂൺ കൃഷി രീതി, കൂൺ വിത്ത് ഉൽപാദനം തുടങ്ങിയവയിൽ കർഷകർക്ക് ക്ലാസും പ്രായോഗിക പരിശീലനവും നൽകിയത് കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. സഞ്ജു ബാലൻ, ഡോ. രാജേഷ്കുമാർ പി.പി എന്നിവരാണ്. കൂൺകൃഷി പരിശീലനത്തിനു ചുക്കാന്‍ പിടിക്കുന്നത് പദ്ധതിയുടെ പ്രിന്‍സിപ്പല്‍ ഇന്‍‌വെസ്റ്റിഗേറ്ററായ അസിസ്റ്റന്റ് പ്രൊഫസര്‍ കുമാരി അനുപമ. എസ് ആണ്‌.
പ്രിയേഷ് എൻ. പി, സ്വാഗതമാശംസിച്ച ചടങ്ങിൽ  വാർഡ് കൗൺസിലർ . ഒ. സുമതി., ലൈബ്രറി കൗൺസിൽ മേഖലാ കൺവീനർ  വി. പി. രാജൻ ആശംസകൾ അർപ്പിച്ചു ,  ജനകീയ വായനശാലയുടെ സെക്രട്ടറി 
സിറാജ്‌ സി. എച്ച് നന്ദി പറയുകയും ചെയ്തു.
പ്രകൃതിയിലെ ജീവജാലങ്ങളില്‍ നഗ്നനേത്രം കൊണ്ട് കാണാന്‍ പറ്റാത്തതും ഔഷധത്തിനും ആഹാരത്തിനും ഉപയോഗിക്കുന്ന നിരവധി ഇനങ്ങള്‍ ഫംഗസ് വിഭാഗത്തിലുണ്ട്. ഇതില്‍ പ്രധാനപ്പെട്ടവയാണ് കൂണ്‍ അഥവാ മഷ്റൂം. ഇവ മാംസളമായ ഇതളുകളോടെ കാണപ്പെടുന്നു. പ്രകൃതിയില്‍ ഏകദേശം 45000 ജനുസ്സില്‍പെട്ട കൂണുകളുണ്ടെന്നും അതില്‍ 2000-ത്തില്‍ പരം ഭക്ഷ്യയോഗ്യമാണെന്നും കണക്കാക്കപ്പെട്ടിരിക്കുന്നു.  പുരാതന കാലം മുതല്‍ക്കുതന്നെ കൂണ്‍ ഒരു ആഹാര പദാര്‍ത്ഥമായി മനുഷ്യന്‍ കരുതിയിരുന്നു. ഭക്ഷ്യയോഗ്യമായ കൂണുകള്‍ പ്രകൃതിയുടെ മഹത്തായ സംഭാവനയാണ്. അതുകൊണ്ട് തന്നെ അവയുടെ പ്രാധാന്യവും ഉപയോഗവും ഇന്ന് ഏറിവരികയാണ്. സാധാരണ ഭക്ഷണം എന്നതിലുപരി വളരെയേറെ പോഷകസമ്പന്നവും ഔഷധമൂല്യവുമായ ആഹാരമായിട്ടാണ് ഇന്ന് നാം കൂണുകളെ അംഗീകരിച്ചിട്ടുളളത്.  ആയുര്‍വേദ വൈദ്യ ഗ്രന്ഥമായ ശുശ്രുതസംഹിതയില്‍ കൂണുകളുടെ ഇനങ്ങള്‍, ഗുണം, ഔഷധമൂല്യം തുടങ്ങിയവയെപ്പറ്റി വളരെ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. ഗ്രീക്ക്, ഈജിപ്ഷ്യന്‍, റോമന്‍, ചൈനീസ്, മെക്സിക്കന്‍ സംസ്കാരങ്ങളിലെല്ലാം കൂണ്‍ ഒരു ഔഷധ പ്രാധാന്യ ഭക്ഷണമായി പരാമര്‍ശിച്ചിട്ടുണ്ട്. ചരിത്രാതീത കാലം മുതല്‍ക്കുതന്നെ മനുഷ്യന്‍ കൂണുകളുടെ ഉപയോഗം, സംസ്കരണം തുടങ്ങിയ വശങ്ങള്‍ സ്വായത്തമാക്കിയിരുന്നു. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുകൂലമായ കൂണുകളാണ് ചിപ്പിക്കൂണ്‍, പാല്‍ക്കൂണ്‍, വൈക്കോല്‍ കൂണ്‍ എന്നിവ.  
കൂണിന്‍റെ പോഷകമൂല്യം:
ഉയര്‍ന്ന തരം മാംസ്യം, ജീവകങ്ങള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ ഉത്തമ പാഷകാഹാരമാണ് കൂണ്‍.  ഏറ്റവും പോഷക മൂല്യമുളള കൂണുകള്‍ പാലിന്‍റെയും ഇറച്ചിയുടെയും അത്രതന്നെ പോഷക മൂല്യങ്ങള്‍ പ്രദാനം ചെയ്യുന്നു. കലോറി ധാരാളം അടങ്ങിയ ധാന്യ വിളകളാണ് ഒരു സാധാരണ ഇന്ത്യക്കാരന്‍റെ ആഹാരം.  ഇതില്‍ മാംസ്യത്തിന്‍റെ അളവ് വളരെ കുറവാണ്. മാംസ്യത്തിന്‍റെ ലഭ്യതക്കുറവ് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ സഹായിക്കുന്ന ഉത്തമ സസ്യാഹാരമാണ് കൂണുകള്‍. ഉയര്‍ന്ന തരം മാംസ്യത്തിനു പുറമെ വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി എന്നിവയുടെയും ഗര്‍ഭിണികള്‍ക്കാവശ്യമായ ഫോളിക്കാസിഡിന്‍റെയും വിറ്റാമിന്‍ ബി12 -ന്‍റെയും അപൂര്‍വ്വ  ശേഖരമാണ് കൂണുകള്‍.  ഇവ രണ്ടും സാധാരണ പച്ചക്കറികളില്‍ കാണാറില്ല.  കൂടാതെ പൊട്ടാസ്യം ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ മൂലകങ്ങളും കൂണില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ സോഡിയത്തിന്‍റെ അളവ് വളരെ കുറവുമാണ്.  
കൂണിന്‍റെ ഔഷധമൂല്യം : 
കൂണുകളുടെ ആന്‍റിബയോട്ടിക്, ആന്‍റിവൈറല്‍, ആന്‍റിടൂമര്‍, ഹൈപ്പോകൊളെസ്ട്രമിക് കഴിവുകള്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു.  നിലമാങ്ങ, പ്ലാച്ചാണം, ചെവിക്കൂണ്‍, പന്നിക്കൂണ്‍, പാമ്പ് കൂണ്‍ എന്നിവ നമ്മുടെ നാട്ടില്‍ ധാരാളമായി ഉപയോഗിക്കുന്ന ഔഷധകൂണുകളാണ്.  മുണ്ടിനീര്, പശുവിന്‍റെ അകിട് വീക്കം എന്നീ അസുഖങ്ങള്‍ക്ക് പ്ലാച്ചാണവും മഞ്ഞപ്പിത്തം, ചര്‍ദ്ദി, വയറിളക്കം എന്നീ അസുഖങ്ങള്‍ക്ക് നിലമാങ്ങയും പല്ല് വേദന, വയറുവേദന എന്നിവയ്ക്ക് ചെവിക്കൂണും ഉപയോഗിക്കുന്നു.  അതുപോലെ സന്ധിവാതം, മരവിപ്പ് എന്നിവയ്ക്ക് പന്നിക്കൂണും ഉപയോഗിക്കുന്നു.
ബന്ധപ്പെടാം: 9947034879, 9447333968.
Reactions

Post a Comment

0 Comments