കാഞ്ഞങ്ങാട്: ഒച്ചോട് ഒച്ച്, എവിടെ നോക്കിയാലും ഒച്ച്. ഒരു നാടാകെ ഒച്ച് ഭീതിയിലായിട്ട് മാസങ്ങൾ പിന്നിട്ടു. അജാനൂർ പഞ്ചായത്തിൽ ആളുകൾ തിങ്ങി താമസിക്കുന്ന നോർത്ത് ചിത്താരി, സെൻട്രൽ ചിത്താരി, സൗത്ത് ചിത്താരി, മഡിയൻ, കൂളിക്കാട്, ചാമുണ്ഡിക്കുന്ന് മേഖലകളിലെ ജനങ്ങളൊന്നാകെ ഒച്ച് ഭീതിയിലാണ്. ആഫ്രിക്കൻ ഇനത്തിൽപ്പെട്ട ഒച്ചാണ് നാട് കീഴടക്കിയിരിക്കുന്നത്. ഏറെ വിഷമുള്ള ഇനമാണ് ആഫ്രിക്കൻ ഒച്ചെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. മൂന്ന് മാസം മുൻപെ ഒച്ചിൻ്റെ സാന്നിധ്യമുണ്ടെങ്കിലും കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് ആഫ്രിക്കൻ ഒച്ചുകൾ പെറ്റ് പെരുകിയത്. ആയിരക്കണക്കിന് ഒച്ചുകളാണ് ഓരോ വീടുകൾക്ക് ചുറ്റുമുള്ളത്. വീടിൻ്റെ അകത്തും പുറത്തുമെല്ലാം ഭിത്തിയിൽ ഇവ ഒട്ടിപ്പിടിച്ച് കിടക്കുന്നു. കിണറിലുൾപ്പെടെ കുടിവെള്ളത്തിലെല്ലാം ഒച്ചുകൾ വീണ് കിടക്കുന്നു. പച്ചക്കറി, പഴവർഗങ്ങൾ മുഴുവൻ ഒച്ചുകൂട്ടങ്ങൾ കാഷ്ടിച്ചും ഭക്ഷിച്ചും കയ്കനികൾ നശിപ്പിച്ചതോടെ നാട്ടുകാർ എന്ത് ചെയ്യണമെന്നറിയാതെ അജാനൂർ പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചു. കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് യോഗം ഒച്ച് വിഷയം ചർച്ച ചെയ്തെങ്കിലും പരിഹാരം കണ്ടെത്താനായില്ല. ഉപ്പ് പ്രയോഗം മാത്രമാണ് പ്രതിവിധിയെന്നാണ് ആരോഗ്യ വിഭാഗം നാട്ടുകാരെ അറിയിച്ചത്. ആയിരക്കണക്കിന് വരുന്ന ഒച്ചിൻ കൂട്ടങ്ങളെ ഉപ്പ് ഉപയോഗിച്ച് എങ്ങനെ നശിപ്പിക്കുമെന്ന സംശയത്തിലാണ് നാട് . തെങ്ങ്, പേരക്ക, കപ്പ് മാങ്ങ, വിവിധ മരങ്ങൾ , വാഴകളിലുൾപ്പെടെ ഇവ സ്ഥാനം പിടിച്ചു. ഓരോ മരത്തിലും ചെടികളിലും നൂറെണ്ണം വരെ ഒച്ചുകളെ കാണാം. ആഫ്രിക്കൻ ഒച്ചിൻ്റെ സാന്നിധ്യം മൂലം കുട്ടികൾക്കുൾപ്പെടെ ചൊറിച്ചിൽ ബാധിച്ചു. ഒച്ച് ഭീതി മൂലം രക്ഷിതാക്കൾ കുട്ടികളെ വിട്ടിൽ നിന്നും പുറത്തിക്കാൻ ഭയപ്പെടുകയാണ്.ഇതിന് പരിഹാരം കാണണമെന്ന്
സാമൂഹ്യ പ്രവർത്തകൻ ഹാറൂൺ ചിത്താരി അധികൃതരോട് ആവശ്യപ്പെട്ടു
0 Comments