Ticker

6/recent/ticker-posts

പെരിയ ഇരട്ട കൊലക്കേസ്: കെ. മണികണ്ഠൻ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചു

കാഞ്ഞങ്ങാട് :കെ. മണികണ്ഠൻ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചു. ഫേസ്ബുക്കിലൂടെ രാത്രിയാണ് മണികണ്ഠൻ രാജിക്കാര്യം അറിയിച്ചത്. ബ്ലോക്ക് അംഗത്വവും രാജിവെച്ചു.
"പൊതു ജീവിതത്തിൽ, മറ്റൊരു മാറ്റത്തിന് സമയമായിരിക്കുന്നു. 
 പാർടി എന്നെ ഏൽപ്പിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്ന ഉത്തരവാദിത്തം  അവസാനിപ്പിക്കുന്നതിൻ്റെ  ഭാഗമായി തൽ സ്ഥാനത്തു നിന്നും ഞാൻ  രാജിവെച്ചിരിക്കുകയാണ് ".മണികണoൻ ഫേസ്ബുക്കിൽ കുറിച്ചു.
അഞ്ച് വർഷത്തേക്കുള്ള  കാലാവധി കഴിയാൻ ഇനി ഏതാനും മാസങ്ങൾ മാത്രം ബാക്കിയുള്ള  സമയത്ത്, ഇങ്ങനൊരു മാറ്റം എന്തിനെന്ന് പാർടിയെ സ്നേഹിക്കുന്നവരും, എൻ്റെ പൊതു പ്രവർത്തനത്തെ മാനിക്കുന്നവരും തീർച്ചയായും ഉന്നയിക്കും.
അവർക്ക് വേണ്ടിയാണ് ഈ കുറിപ്പെന്ന് പറഞ്ഞ് മണികണ്ഠൻ തുടരുന്നു.
പെരിയ സംഭവത്തിൻ്റെ പേരിൽ സിപി എം നേതാക്കളെ കള്ളക്കേസ്സിൽ പെടുത്തിയതിൻ്റെ ഭാഗമായി സിബിഐ കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി റദ്ദാക്കുകയും നേതാക്കൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നല്ലോ...
സംഭവത്തിൽ രാഷ്ട്രീയമായി പ്രതി ചേർക്കപ്പെട്ടവരിൽ  ഏക ജനപ്രതിനിധി ഞാൻ മാത്രമാണ്.
കേസ് തന്നെ പൂർണ്ണമായും  റദ്ദാക്കണമെന്ന അപ്പീൽഹരജി മേൽകോടതിയുടെ പരിഗണനയിലാണ് എന്നതിനാൽ, അതേ പറ്റി കൂടുതൽ പ്രതികരിക്കുന്നില്ല. 
നീതി സമയത്ത് പ്രവർത്തിച്ചില്ലെങ്കിൽ, ഒരർഥത്തിൽ അവിടെ അനീതിയാകും തുടരുക, എന്ന അംബേദ്കറുടെ പ്രസ്താവനയാണ് ഓർമ വരുന്നത്.
  കൃത്രിമമായി കെട്ടിപ്പൊക്കിയ കള്ളക്കേസിൽ നിന്നും പൂർണ മോചിതരായി വരുമെന്ന ഉറച്ച വിശ്വാസം ഞങ്ങൾക്കുണ്ട്.
അപ്പീൽ നൽകിയിട്ടുണ്ടെന്ന വാദം നിരത്തി  സാങ്കേതികമായി, പദവിയിൽ തുടരാൻ എനിക്ക് ഇപ്പോഴും ബുദ്ധിമുട്ടില്ല.!
നേരത്തേ രാജിവെക്കണമെന്ന് ആലോചിച്ചതായിരുന്നു. പക്ഷെ അതിൻ്റെ പേരിൽ ഒരു ഉപതെരെഞ്ഞെടുപ്പ് കൂടി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച് ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല എന്ന ബോധ്യത്താലാണ് ഇതുവരെ പദവിയിൽ തുടർന്നു പോയത്. 
ഇനിയൊരു ഇടക്കാല തെരെഞ്ഞെടുപ്പിൻ്റെ സാധ്യതയും ഇല്ലെന്ന് മണികണ്ഠൻ തൻ്റെ ഫേസ്ബുക്ക് പേജിൽ പറഞ്ഞു
ഒട്ടും തല കുനിക്കാതെ,
ഒട്ടും മറയില്ലാതെ,
ഒട്ടും ചാഞ്ചല്യമില്ലാതെ,
പാർട്ടിക്കായി...
എന്നെ സ്നേഹിക്കുന്നവർക്കായി....
ജനങ്ങൾക്കായി...
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പദവി  ഒഴിഞ്ഞിരിക്കുകയാണ്.
നിയമത്തേയും നീതി നിർവ്വഹണത്തേയും മാനിക്കുന്ന ഒരാളെന്ന നിലയിലാണ്,  കുടിലതയ്ക്കും  കാട്ടുനീതിക്കുമെതിരായി ധാർമ്മികതയുടെ നേരുയർത്തിപ്പിടിക്കുന്നത്.
ഞങ്ങളുടെ മേൽ കെട്ടിച്ചമച്ച ഈ കള്ളക്കേസ്സിന് ശേഷമാണ് എന്നെ വൻ ഭൂരിപക്ഷത്തിൽ ബ്ലോക്കു പഞ്ചായത്തിലേക്ക് ജനങ്ങൾ തെരെഞ്ഞെടുത്തത്.
 അവരുടെ വിശ്വാസവും പ്രതീക്ഷയും കാത്തു സൂക്ഷിച്ചു തന്നെയാണ് 
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിനെ കേരളത്തിലെ മികച്ച ബ്ലോക്ക് പഞ്ചായത്തുകളിലൊന്നാക്കി മാറ്റാൻ കഴിഞ്ഞത്. കക്ഷിരാഷ്ട്രീയത്തിനതീതമായി എൻ്റെ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയും ലഭിച്ചിട്ടുണ്ട്. 
ഇപ്പോൾ പൊതു പ്രവർത്തന ജീവിതത്തിലെ ഒരധ്യായം കഴിഞ്ഞുവെന്നേയുള്ളൂ.... മണികണ്ഠൻ അഭിപ്രായപ്പെട്ടു.

            
Reactions

Post a Comment

0 Comments