Ticker

6/recent/ticker-posts

കോവിഡ് ബാധിച്ച് കിടപ്പിലായ ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭാര്യക്കും ബന്ധുവിനും ജീവപര്യന്തം തടവ് ശിക്ഷ

കാഞ്ഞങ്ങാട്:വീട്ടിനുള്ളിൽ ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യക്കും ബന്ധുവിനും ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി.
 പിലിക്കോട് മടിവയലിൽ 67 വയസ്സുകാരനായ പത്താനത്ത് കുഞ്ഞമ്പുവിനെ വീട്ടിനുള്ളിൽ  കൊലപ്പെടുത്തിയ കേസിലാണ് ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം തടവും പിഴയും വിധിച്ചത്. കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി-II ആണ് ശിക്ഷ വിധിച്ചത്.
കേസിലെ ഒന്നാം പ്രതിയും കൊല്ലപ്പെട്ട കുഞ്ഞമ്പുവിന്റെ ഭാര്യയുമായ ജാനകി എന്ന വെമ്പിരിച്ചി ജാനകി 55, രണ്ടാം പ്രതി രാജേഷ് എന്ന ഉണ്ട രാജേഷ് 40 എന്നിവരെയാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി-II ജഡ്ജി രാമു രമേഷ് ചന്ദ്രബാനു ശിക്ഷിച്ചത്. പ്രതികൾ 200,000 രൂപ വീതം പിഴയടയ്ക്കണം. പിഴയടച്ചില്ലെങ്കിൽ നാല് മാസം അധിക തടവ് അനുഭവിക്കണം. കൂടാതെ, കേസിൽ രണ്ടാം പ്രതിക്ക് സെക്ഷൻ 449 IPC പ്രകാരം 10 വർഷം അധിക തടവും 100,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കേസിലെ മൂന്നാം പ്രതിയായ അനിൽ എന്ന അനിമാമൻ വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തിരുന്നു.
2021 ജൂലൈ 21-ന് രാത്രി പത്തുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കോവിഡ് ബാധയെത്തുടർന്ന് ശരീരത്തിന്റെ ഒരു ഭാഗത്തിന് ശേഷിക്കുറവുണ്ടായി ശാരീരിക അവശതകൾ അനുഭവിച്ചിരുന്ന കുഞ്ഞമ്പു വീട്ടിലെ ഹാൾ മുറിയിൽ കട്ടിലിൽ കിടക്കുകയായിരുന്നു. പരിചരിച്ചുവന്നിരുന്ന ഭാര്യ ജാനകിക്ക് ഇതിലുണ്ടായ ബുദ്ധിമുട്ടുകളും ഭർത്താവുമായുള്ള നിരന്തരമായ അഭിപ്രായവ്യത്യാസങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ കണ്ടെത്തി. ജാനകിയുടെ നിർദേശപ്രകാരം അവരുടെ സാന്നിധ്യത്തിൽ രണ്ടാം പ്രതി രാജേഷും മൂന്നാം പ്രതി അനിലും ചേർന്ന് കുഞ്ഞമ്പുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കുഞ്ഞമ്പുവിന്റെ ബന്ധുവായ പ്രമോദ് നൽകിയ പരാതിയിൽ ചന്തേര പോലീസ് അസ്വാഭാവിക മരണത്തിന് ക്രൈം നമ്പർ 435/2021 കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. അന്നത്തെ ചന്തേര സബ് ഇൻസ്പെക്ടറും നിലവിൽ കാസർകോട് വിജിലൻസ് ഇൻസ്പെക്ടറുമായ ശ്രീദാസ് എം.വി.യാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. കേസിന്റെ തുടർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ചന്തേര പൊലീസ് ഇൻസ്പെക്ടറും നിലവിൽ കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യുമായ പി. നാരായണനാണ്.
വിചാരണ വേളയിൽ പ്രോസിക്യൂഷൻ 10 തൊണ്ടിമുതലുകളും 58 രേഖകളും കോടതിയിൽ ഹാജരാക്കുകയും 30 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും വിശദമായി പരിശോധിച്ച ശേഷമാണ് കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ചന്ദ്രമോഹനൻ ജി. ഹാജരായി.
Reactions

Post a Comment

0 Comments