കാഞ്ഞങ്ങാട്: അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്തെ കൊടക്കാട് കെ നാരായണൻ മാസ്റ്റർ നഗറിൽ മൂന്നുനാൾ നീളുന്ന കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോൽസവത്തിന് പ്രൗഢഗംഭീരമായ തുടക്കം.
പ്രശസ്ത നോവലിസ്റ്റ് എം മുകുന്ദൻ പുസ്തമേളയുടെ ഉദ്ഘാടനം നിർവഹിച്ചു.
കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത അധ്യക്ഷയായിരുന്നു. എൺപതിൻ്റെ നിറവിലെത്തിയ എം മുകുന്ദനെ എഴുത്തുകാരൻ സി വി ബാലകൃഷ്ണൻ ആദരിച്ചു. നിരൂപകൻ ഇ പി രാജഗോപാലൻ ആദരഭാഷണം നടത്തി.സി വി ബാലകൃഷ്ണൻ, ഇ പി രാജഗോപാലൻ, ദിവാകരൻ വിഷ്ണുമംഗലം എന്നിവരെ മുൻ എം പി പി കരുണാകരനും ജില്ലയിലെ മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകൻ എസ് നാരായണ ഭട്ടിനെ ഗ്രന്ഥാലോകം ചീഫ് എഡിറ്റർ പി വി കെ പനയാലും ആദരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ വി കുഞ്ഞിരാമൻ ആമുഖഭാഷണം നടത്തി. ജില്ലാതല വായനാ മത്സര വിജയികൾ, പുസ്തകോത്സവ ലോഗോ തയാറാക്കിയ ടി വി മധു കാരിയിൽ എന്നിവർക്ക് അനുമോദനം നൽകി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് എ കെ ശശിധരൻ നന്ദിയും പറഞ്ഞു.കവി ദിവാകരൻ വിഷ്ണുമംഗലത്തിൻ്റെ കാവ്യാലാപനത്തോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ചരിത്രഗാഥ സെമിനാർ സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും.പി എൻ പണിക്കർ അവാർഡ് നേടിയ അഡ്വ.പി അപ്പുക്കുട്ടനെ അനുമോദിക്കും.വൈകിട്ട് 3 മണിക്ക് നടക്കുന്ന ലൈബ്രറി പ്രവർത്തക സംഗമം അഡ്വ.പി അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കൃഷ്ണകുമാർ പള്ളിയത്തിൻ്റെ കഥാപ്രസംഗം. 6 മണിക്ക് നാടക രാത്രി രാജ് മോഹൻ നീലേശ്വരം ഉദ്ഘാടനം ചെയ്യും. മരണ മൊഴി ( മധു ബേഡകം), ജോസഫിൻ്റെ റേഡിയോ (തെസ്ബിയൻ തിയറ്റേഴ്സ് ആലപ്പുഴ) എന്നീ നാടകങ്ങളാണ് അരങ്ങിലെത്തുക. 19 ന് തിങ്കളാഴ്ച രാവിലെ 10.30 ന് ചലച്ചിത്ര ഗാനാലാപന മത്സരം കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും. മേള തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് സമാപിക്കും.
0 Comments