കാഞ്ഞങ്ങാട് : ടർഫ് ഗ്രൗണ്ടുകളെ കേന്ദ്രീകരിച്ച് ലഹരി മാഫിയ പ്രവർത്തിക്കാനുള്ള സാഹചര്യത്തെ മുൻനിർത്തി ഹോസ്ദുർഗ് സ്റ്റേഷൻ പരിധിയിലെ മുഴുവൻ ടർഫ് ഗ്രൗണ്ടുകളുടെയും പ്രവർത്തന സമയം രാത്രി 11 മണി വരെയാക്കി പരിമിതപെടുത്തുന്നതിന് തീരുമാനമായി. കാഞ്ഞങ്ങാട് പോലീസ് സബ്ബ് ഡിവിഷണൽ ഓഫീസിൽ ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന ടർഫ് ഗ്രൗണ്ട് ഉടമകളുടെ യോഗത്തിലാണ് തീരുമാന മുണ്ടായത്. ഗ്രൗണ്ടുകളിൽ വിദ്യാർത്ഥികൾക്ക് അനുവദനീയമായ സമയം വൈകുന്നേരം 7 മണി വരെ മാത്രം ആയിരിക്കും.കളിസ്ഥലങ്ങളെ ലക്ഷ്യമാക്കി രാത്രികാലങ്ങളിൽ പുറം നാടുകളിൽ നിന്ന് ആളുകൾ എത്തിച്ചേരുന്നത് പോലീസ് നിരീക്ഷിച്ചു വരികയാണ്. ഇത്തരം ആളുകളുടെ സഞ്ചാരം നാട്ടുകാരുടെ സ്വൈര്യജീവിതത്തിന് തടസമാകുന്നതിനാലും രക്ഷിതാക്കളിൽ നിന്നും നട്ടുകാരിൽ നിന്നും നിരന്തരമായി ലഭിക്കുന്ന പരാതിയെ മുൻനിർത്തിയും ആണ് പോലീസ് ടർഫ് ഗ്രൗണ്ട് ഉടമകളുടെ പിന്തുണയോടെ ഇത്തരമൊരു തീരുമാനത്തിലെത്തി ചേർന്നത്.
0 Comments