കാഞ്ഞങ്ങാട് : യുവാവിനെയും കുടുംബത്തെയും വധിക്കുമെന്ന് കാറിൽ വധഭീഷണി. കാഞ്ഞങ്ങാട് സൗത്തിലെ അർജ്ജുനൻ്റെ കാറിലാണ് വധഭീഷണി കുറിപ്പുള്ളത്. കാറിൻ്റെ പുറത്തെ സൈഡിൽ ഇരുമ്പ് പോലുള്ള ആയുധം ഉപയോഗിച്ച് കോറി വരച്ചാണ് എഴുതിയിട്ടുള്ളത്. ഇംഗ്ലീഷിലാണ് വധഭീഷണി.ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തെയടക്കം കൊല്ലുമെന്നാണ് ഭീഷണി.2025 പുതുവർഷത്തിൽ ജനുവരി 2 നകം വധിക്കുമെന്നാണ് ഭീഷണി. കഴിഞ്ഞ ദിവസം പട്ടാപകൽ 3 മണിയോടെയാണ് എഴുതിയത്. വാടക വീടിന് മുന്നിൽ നിർത്തിയിട്ട കാറിലാണ് എഴുതിയത്. കാറിനടുത്ത് ഒരാളെ കണ്ട് അർജ്ജുൻ പുറത്തിറങ്ങിയ സമയം അക്രമി ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മൂന്ന് തവണയായി ഇയാളെ വീടിന് പരിസരത്ത് കാണുകയും ചെയ്തു. മാസ്ക് ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാനായില്ല. വിവരമറിഞ്ഞ് ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അന്യ സംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ഇവരല്ലെന്ന് കണ്ട് വിട്ടയച്ചു. ഇതിന് തലേ ദിവസം ഇതേ കാറിൻ്റെ ലോക്ക് നശിപ്പിക്കാൻ ശ്രമം നടന്നിരുന്നു. തൊട്ടടുത്ത് താമസിക്കുന്ന അംഗപരിമിതൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന മുചക്ര വാഹനത്തിൻ്റെ താക്കോൽ ലോക്കിൽ ഈർക്കിലുകൾ തിരുകി കയറ്റിയ നിലയിലും കണ്ടിരുന്നു. കാർ ഷോറൂം ജീവനക്കാരനായ അർജ്ജുൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
0 Comments