Ticker

6/recent/ticker-posts

സൈബർ ലോകത്തെ ചിലന്തിവലകൾ സെമിനാർ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്:രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ 'എന്റെ കേരളം' പ്രദര്‍ശന വിപണനമേളയില്‍ സൈബര്‍ സെമിനാര്‍ സംഘടിപ്പിച്ചു. കാസര്‍കോട് ജില്ലാ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ സെമിനാറില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ കാരണങ്ങള്‍, ഇത്തരം കുറ്റകൃത്യങ്ങളില്‍ കുട്ടികളും മുതിര്‍ന്നവരും ഇരകളാക്കുന്ന സാഹചര്യങ്ങള്‍, സൈബര്‍ ലോകത്ത് ശ്രദ്ധിക്കേണ്ട വിവരങ്ങള്‍, സൈബര്‍ ചതിയില്‍ പെട്ടുപോയാല്‍ ചെയ്യണ്ട കാര്യങ്ങള്‍ എന്നിവ ചര്‍ച്ചചെയ്തു. ജില്ലാ അഡീഷണല്‍ എസ് പി ഹരിശ് ചന്ദ്ര നായ്ക് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട്  ഡി വൈ എസ് പി  ഉദ്യോഗസ്ഥന്‍ ഡോ വി ബാലകൃഷ്ണന്‍ സെമിനാര്‍ എടുത്തു. കാസര്‍കോട് ഗവ: പോളി ടെക്‌നിക്ക് ലെക്ചറര്‍ വി.കെ ശ്രീജേഷ്, കാഞ്ഞങ്ങാട് എസ് ബി ഐ റീജിയണല്‍ ഓഫീസ് മാര്‍ക്കറ്റിംഗ് മാനേജര്‍ വിനീത്, ജില്ലാ സൈബര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഇ അനൂബ് കുമാര്‍, ജില്ലാ സൈബര്‍ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ പി കെ അജിത്ത്, ജില്ലാ സൈബര്‍ അസ്സിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍  പി രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

മൊബൈല്‍ ഫോണുകളില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍,  എടിഎം പിന്‍  നമ്പര്‍ തുടങ്ങിയവ സേവ് ചെയ്യാതിരിക്കുക. ബാങ്ക് വിവരങ്ങള്‍ അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയ  ആവശ്യപ്പെട്ടുവരുന്ന ഫോണ്‍ കോളുകള്‍ ബ്ലോക്ക് ചെയുക. ഫോണില്‍ ലോക്കുകള്‍ സജ്ജീകരിക്കുകയും, ഇമെയില്‍ പാസ്‌വേഡുകള്‍ മറ്റൊരാള്‍ക്ക് ലഭിക്കാത്തവിധം സംരക്ഷിക്കുക, അനാവശ്യ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ നല്‍കുന്ന പെര്‍മിഷനിലൂടെ സ്വന്തം വിവരങ്ങള്‍ കൈമാറാതെ നോക്കുക ,തുടങ്ങിയ സുരക്ഷാ നിര്‍ദേശങ്ങളും,
ഏറെ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ മോര്‍ഫിങ്, മെസ്സേജ് സ്പൂഫിങ് , കാള്‍ സ്പൂഫിങ്, ഓണ്‍ലൈന്‍ പണം തട്ടിപ്പ് തുടങ്ങി  വ്യാപകമായ സൈബര്‍ കുറ്റകൃത്യങ്ങളില്‍  ഇരയായേക്കാമെന്ന   മുന്നറിയിപ്പും  സെമിനാര്‍ നല്‍കി. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് തടയിടുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സജ്ജമാണ്. 1930 എന്ന ടോള്‍ ഫ്രീ നമ്പറിലും പരാതികള്‍ നല്‍കാം.

സെമിനാറില്‍  സൈബര്‍ വിദഗ്ധര്‍, ബാങ്കിങ് മേഖലയിലെ ഐടി വിദഗ്ധര്‍, വിവിധ മേഖലയിലെ പ്രമുഖ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ പി സതീഷ്  സ്വാഗതവും, ജനമൈത്രി ബീറ്റ് ഓഫീസര്‍ രഞ്ജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു.

ഫോട്ടോ : എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കാസര്‍കോട് ജില്ലാ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സൈബര്‍ സെമിനാര്‍ ജില്ലാ അഡീഷണല്‍ എസ് പി ഹരിശ്ചന്ദ്ര നായ്ക് ഉദ്ഘാടനം ചെയ്യുന്നു.



പരിമിതികളെ കഴിവുകള്‍ കൊണ്ട് മറികടന്ന് ഓട്ടിസം ഡയറി മ്യൂസിക് ബാന്‍ഡ്

പരിമിതികളെ കഴിവുകള്‍ കൊണ്ട് മറികടന്ന് ആസ്വാദകര്‍ക്ക് മുന്നില്‍ സംഗീതവിസ്മയം തീര്‍ത്ത്  ഓട്ടിസം ഡയറി മ്യൂസിക് ബാന്‍ഡ്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ആലാമി പള്ളിയില്‍ നടത്തിവരുന്ന എന്റെ കേരളം പ്രദര്‍ശന നഗരിയിലാണ്  സംഗീതാസ്വാദകര്‍ക്കായി സംഗീതവിസ്മയം ഒരുക്കിയത്. തങ്ങളുടെ പരിമിതികളെ കഴിവുകള്‍ കൊണ്ട് മറികടന്ന  കലാകാരന്മാരായ മര്‍വാന്‍ മുനവ്വര്‍, സായി ഹരി, നിഹാല്‍ അഹമ്മദ്, ഇ പി ആരോമല്‍ എന്നിവരാണ് വേദിയില്‍ അണിനിരന്നത്. ഇവര്‍ക്ക് പുറമെ ജോബ് സാജ്, എം ആര്‍ റോഷന്‍, നന്ദു എന്നിവര്‍ വയലിന്‍ ഫ്യൂഷന്‍ അവതരിപ്പിച്ചു. സംഗീത ചികിത്സയുടെ ഭാഗമായി ഭിന്നശേഷിക്കുട്ടികള്‍ക്ക് വേണ്ടി ഇങ്ങനെയൊരു മ്യൂസിക് ബാന്‍ഡ് തയ്യാറാക്കിയത് സംഗീത അധ്യാപകന്‍ എടപ്പാള്‍ സ്വദേശിയായ നിര്‍ഷാദ് നിനിയാണ്. മലയാളം, തമിഴ്, ഹിന്ദി, കന്നട, അറബിക് ഭാഷകളിലായി പതിനഞ്ചോളം പാട്ടുകള്‍ പാടിയും ഗിത്താര്‍, കീബോര്‍ഡ് തുടങ്ങിയ സംഗീത ഉപകരണങ്ങള്‍കൊണ്ട് തങ്ങളുടേതായ പ്രകടനങ്ങള്‍ കാഴ്ചവച്ചുമാണ് ഇവര്‍ സംഗീതാസ്വാദകരുടെ നിറകൈയ്യടി നേടിയത്. നിരവധി ആളുകളാണ് ഈ സംഗീത സാഗരത്തിന് സാക്ഷിയാകാന്‍ ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡിലെ വേദിയില്‍ എത്തിയത്. ജില്ലാ സാമൂഹിക വകുപ്പ്്, ജില്ലാ സാമൂഹിക നീതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
Reactions

Post a Comment

0 Comments