കാനറ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് 3,75,151 രൂപ തട്ടിയെടുത്ത കേസിൽ, സമാനമായ നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ യുവാവിനെയാണ് തൃശ്ശൂരിൽ നിന്ന് പിടികൂടിയത്. എറണാകുളം ഇടപ്പള്ളി മാലിയക്കൽ റോഡ് അമൃതം ഗൗരി അപ്പാർട്ട്മെന്റിൽ വാസുദേവപുരം പാലസ് സ്വദേശി കിഷോർ ശങ്കർ42 ആണ് പിടിയിലായത്.
പുതുക്കൈ സ്വദേശിയായ സിദ്ധാർഥിനെ 2026 നവംബർ 16-ന് പഴനിയിൽ വെച്ചാണ് പ്രതി പരിചയപ്പെടുന്നത്. കാസർകോട് വിദ്യാനഗർ കാനറ ബാങ്കിലെ എൻ.ആർ.ഐ സെക്ഷൻ മാനേജരാണെന്നും പേര് ശ്രീറാം എന്നാണെന്നും തെറ്റായി പരിചയപ്പെടുത്തിയാണ് സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയെടുത്തത്. തുടർന്ന് ബാങ്കിൽ ജോലി ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് 2026 നവംബർ 16 മുതൽ 23 വരെയുള്ള കാലയളവിൽ പല തവണകളായി 3,75,151 രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് അയപ്പിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു.
സംഭവത്തിൽ 2026 നവംബർ 25-ന് ഹോസ്ദുർഗ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതി സമാന സ്വഭാവത്തിലുള്ള മറ്റ് പല തട്ടിപ്പ് കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതോടെ, കൂടുതൽ കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നത് തടയുന്നതിനും പ്രതിയെ വേഗത്തിൽ പിടികൂടുന്നതിനുമായി കാഞ്ഞങ്ങാട് ഡി.
വൈ. എസ്.പി എം.വി. അനിൽ കുമാറിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം അന്വേഷണസംഘം രൂപീകരിച്ചു.
വെള്ളരിക്കുണ്ട് സർക്കിൾ ഓഫീസിലെ എ.എസ്. ഐ രഞ്ജിത്ത്, കാസർകോട് ഡി.എച്ച്.ക്യു സൈബർ വിദഗ്ദൻ ജി.എ.എസ്.ഐ ശിവകുമാർ പള്ളിയത്ത്, ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ രാജേഷ് എന്നിവർ, തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ പഴനി സ്വാമി, ശ്രീജിത്ത് എന്നിവരുടെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കുടുക്കിയത്. കേസ് രജിസ്റ്റർ ചെയ്ത് 48 മണിക്കൂറിനുള്ളിൽ തൃശ്ശൂർ ജില്ലയിലെ പൂങ്കുന്നത്ത് നിന്ന് പ്രതിയെ സാഹസികമായി പിടികൂടി ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി.
വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത സമാനമായ അഞ്ച് തട്ടിപ്പ് കേസുകളിലും പ്രതി ഉൾപ്പെട്ടിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്:
ആലപ്പുഴ ജില്ലയിലെ മാന്നാർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസ്
തിരുവനന്തപുരം സിറ്റിയിലെ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്
മലപ്പുറം ജില്ലയിലെ എടക്കര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്
തൃശ്ശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്
ജില്ലയിലെ വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് എന്നിവയുമുണ്ട്.
0 Comments