കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ വ്യാപക പരിശോധന.രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഓപ്പറേഷൻ സേഫ് ബൈറ്റിന്റെ ഭാഗമായാണ് ടൗണിലെ ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ ഉൾപ്പെടെയുള്ള ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കിയത്. ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങൾക്കും ഭക്ഷ്യവിഷബാധക്കും കാരണമായേക്കാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക, പൊതുജനങ്ങൾക്ക് സുരക്ഷിതവും ശുചിത്വപൂർണവുമായ ഭക്ഷണം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിശോധന നടത്തിയത്. ഭക്ഷണം തയ്യാറാക്കുന്നതിലും സൂക്ഷിക്കുന്നതിലും വിതരണം ചെയ്യുന്നതിലും സ്ഥാപനങ്ങൾ പുലർത്തുന്ന ശുചിത്വനിലവാരം പ്രത്യേകം പരിശോധിച്ചു. പാചകപ്പുര മുതൽ ഭക്ഷണവിതരണം വരെ പരിശോധന നടന്നു. സ്ഥാപനങ്ങളിലെ പാചകപ്പുരകളുടെ ശുചിത്വം, ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതമായ സംഭരണം, അസംസ്കൃതവും പാകം ചെയ്തതുമായ ഭക്ഷണസാധനങ്ങൾ വേർതിരിച്ച് സൂക്ഷിക്കുന്ന രീതി, ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാരുടെ വ്യക്തിശുചിത്വം, ശുദ്ധജല ലഭ്യത, പാത്രങ്ങളുടെയും ഉപകരണങ്ങളുടെയും വൃത്തി, മാലിന്യസംസ്കരണ സംവിധാനം, സ്ഥാപനങ്ങളുടെ പരിസരശുചിത്വം തുടങ്ങിയ കാര്യങ്ങൾ പരിശോധനയുടെ ഭാഗമായി വിലയിരുത്തി. ഭക്ഷണസാധനങ്ങൾ മലിനമാകാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ, ഈച്ചകളും മറ്റ് പ്രാണികളും കടന്നുകയറാനുള്ള സാധ്യതകൾ, ഭക്ഷ്യവസ്തുക്കൾ അനുചിതമായ സാഹചര്യങ്ങളിൽ സൂക്ഷിക്കുന്ന രീതി തുടങ്ങിയവ ഒഴിവാക്കുന്നതിനുള്ള നിർദേശങ്ങളും നൽകി. പരിശോധനയിൽ കണ്ടെത്തിയ പോരായ്മകളുടെ അടിസ്ഥാനത്തിൽ രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള ശുചിത്വവീഴ്ചകൾ അനുവദിക്കാനാവില്ലെന്ന് പരിശോധനാ സംഘം വ്യക്തമാക്കി. സ്ഥാപനങ്ങളിൽ ആവശ്യമായ ശുചിത്വമാനദണ്ഡങ്ങൾ ഉറപ്പാക്കുകയും കണ്ടെത്തിയ പോരായ്മകൾ അടിയന്തരമായി പരിഹരിക്കുകയും വേണമെന്ന് നിർദേശം നൽകി. നോട്ടീസ് നൽകി എന്നതുകൊണ്ട് പരിശോധനാ നടപടികൾ അവസാനിക്കുന്നില്ലെന്നും നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തുടർപരിശോധനകൾ നടത്തുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. നിർദേശങ്ങൾ അവഗണിക്കുന്നവർക്കെതിരെ നിലവിലുള്ള നിയമവ്യവസ്ഥകൾ പ്രകാരം തുടർനടപടികൾ സ്വീകരിക്കും. ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ, തട്ടുകടകൾ തുടങ്ങിയ ഭക്ഷ്യവ്യാപാര സ്ഥാപനങ്ങൾ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഉത്തരവാദിത്വം ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഉപഭോക്താക്കൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് സ്ഥാപന ഉടമകളുടെ അടിസ്ഥാന ഉത്തരവാദിത്വമാണ്. ലാഭത്തിനുവേണ്ടി ഭക്ഷ്യശുചിത്വ മാനദണ്ഡങ്ങളിൽ വെള്ളം ചേർക്കുന്ന പ്രവണതകൾ അനുവദിക്കാനാവില്ലെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. ഓപ്പറേഷൻ സേഫ് ബൈറ്റിന്റെ ഭാഗമായി നഗരപ്രദേശങ്ങളിലെ ഭക്ഷ്യവ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ കൂടുതൽ ശക്തമാക്കും. നിയമങ്ങളും ശുചിത്വനിർദേശങ്ങളും പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പരിശോധന, നോട്ടീസ്, തുടർനടപടികൾ എന്നിവയുമായി ആരോഗ്യവകുപ്പ് രംഗത്തുണ്ടാകും. ഹെൽത്ത് സൂപ്പർവൈസർ ബിജു ബാലുശ്ശേരിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ മുരളീധരൻ, പി.വി. സജീവൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനുരാഗ പി. മണി പങ്കെടുത്തു.
0 Comments