കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് 10 വയസു കാരന് കടുത്ത ആരോഗ്യ പ്രശ്നം. പുല്ലൂർ പെരളത്തെ അശോകന്റെ മകനും വേലാശ്വരം ഗവ. യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയുമായ ആദിനാഥാണ് ചികിത്സ പിഴവിനെ തുടർന്ന് ദുരിതത്തിലായത്. ഹെർണിയിയയ്ക്കുള്ള ശസ്ത്രക്രിയയ്ക്കിടെ അബദ്ധത്തിൽ ഞരമ്പ് മുറിയുകയായിരുന്നു. ജില്ലാ ആശുപത്രിയിലെ സീനിയർ സർജൻ ഡോ.വിനോദാണ് ശസ്ത്രക്രിയ നടത്തിയതെന്ന് അശോകൻ പറഞ്ഞു. കഴിഞ്ഞമാസം 18നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.19ന് ആദ്യ ശസ്ത്രക്രിയയ്ക്കായി തിയേറ്ററിൽ കൊണ്ടുപോയി. നിമിഷങ്ങൾക്കകം ഡോക്ടർ പുറത്തേക്ക് വന്ന് രക്ഷിതാവിനോട് കാര്യങ്ങൾ പറഞ്ഞു. അബദ്ധത്തിൽ ഞരമ്പ് മുറിഞ്ഞു പോയെന്നും ഉടൻതന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോകണമെന്നുമാണ് പറഞ്ഞത്. ഏർപ്പാടുകൾ ചെയ്തുതരാമെന്നും കൂടെ പോയാൽ മാത്രം മതിയെന്നുമാ ണ് ഡോക്ടർ പറഞ്ഞത്.ഉടൻ തന്നെ കണ്ണൂരിലേക്ക് പോവുകയായിരുന്നു. കണ്ണൂരിലെത്തിയപ്പോൾ കുട്ടിയുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. തൽക്കാലം ഞരമ്പിന്റെ മുറിവുണക്കാൻ മാത്രമേ കഴിയുകയുള്ളൂവെന്നും തൽക്കാലം തുന്നി ചേർക്കാൻ കഴിയില്ലെന്നുമാണ് പറഞ്ഞത്.വളർച്ചയ്ക്കനുസരിച്ച് വികസിക്കുമ്പോൾ രക്തം കട്ട കെട്ടി നിൽക്കുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. 20 വയസിനു ശേഷമേ എന്തെങ്കിലും ചെയ്യാൻ കഴിയുവെന്നും ഡോക്ടർമാർ പറഞ്ഞു. അഞ്ചുദിവസത്തെ ചികിത്സയ്ക്ക് ശേഷം ആദി നാഥിനെ വീട്ടിലേക്ക് കൊണ്ടുപോയി. ആറുമാസത്തെ വിശ്രമവും ഡോക്ടർമാർ നിർദേ ശിച്ചിട്ടുണ്ട്. പിന്നീട് മംഗളുരു കെ.എം.സി ആശുപത്രിയിലും വിദഗ്ധ ഉപദേശത്തിനായി അശോകൻ മകനെ കൊണ്ടു പോയി. തൽക്കാലം ഞരമ്പുകൾ യോജിപ്പിക്കാൻ കഴിയില്ലെന്ന് തന്നെയായിരുന്നു മംഗളൂരുവിലെയും ഉപദേശം. ഞരമ്പ് മുറിയുകയും ഹെർണിയ ശസ്ത്രക്രിയ നടത്താൻ കഴിയാത്ത സാഹചര്യത്തിലും എന്തുചെയ്യണമെന്നറിയാതെ പ്രയാസത്തിലായിരിക്കുകയാണ് അശോകനും കുടുംബവും. ഇത് സംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫിസർക്ക് പരാതിയും നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഡി.എം.ഒ ഇന്ന് ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
0 Comments