Ticker

6/recent/ticker-posts

വനത്തിനുള്ളിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം പിഴയും

കാസർകോട്: ബന്ധുവായ യുവാവിനെ വനത്തിനകത്ത് വെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 3 ലക്ഷം രൂപ പിഴയും . അഡൂർ വെള്ളക്കാനയിലെ സുധാകരൻ എന്നു വിളിക്കുന്ന ചിതാനന്ദനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ ഗണപ്പനായക്കി നെ കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെക്ഷൻസ് കോടതി ഒന്ന് ജഡ്ജ് എ.മനോജ് ഇന്ന്
വൈകിട്ട് ശിക്ഷിച്ച് വിധി പുറപെടുവിച്ചത് .അഡൂർ കാട്ടിക്കജെ മാവിനടി എന്ന സ്ഥലത്തു താമസിക്കുന്ന ചിതാനന്ദനെ 2019 ഫെബ്രുവരി 7 ന്  ഉച്ചക്ക് 2 മണിയോടെ അഡൂർ റിസർവ്വ് ഫോറസ്റ്റിൽപ്പെട്ട വെള്ളക്കാന ഐവർക്കുഴി എന്ന സ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കാണുകയായിരുന്നു തലേ ദിവസം വൈകുന്നേരം ആറര മണിക്ക് സംഭവസ്ഥലത്തുവെച്ച് പ്രതി ചിതാനന്ദനെ കഴുത്ത് ഞെരിച്ചും തലയിൽ കല്ല് കൊണ്ടിടിച്ചും കൊലപ്പെടുത്തുകയായിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളുടെയും കൊല്ലപ്പെട്ടുകിടക്കുന്നതു കണ്ടതിൻ്റെ തലേ ദിവസം സംഭവസ്ഥലത്തു വച്ച് കൊല്ലപ്പെട്ട ചിതാനന്ദനെയും പ്രതിയെയും ഒരുമിച്ചു കണ്ട ദിനേശൻ, നാഗേഷ് എന്നിവരുടെ സാക്ഷിമൊഴികളും, സംഭവസ്ഥലത്തു നിന്നും കണ്ടെടുത്ത ചിതാനന്ദൻ്റെ രക്തം പുരണ്ട പ്രതിയുടെ തോർത്തും, പ്രതിയുടെ ദേഹത്ത് കണ്ട പരിക്കുകളും കേസിൽ നിർണ്ണായക തെളിവുകളായി .പ്രതിയായ ഗണപ്പനായക്ക് മുമ്പ് മറ്റൊരു ബന്ധുവായ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ്. ജയിലിൽ നിന്നും ഇറങ്ങി ഒന്നര വർഷത്തിനുള്ളിലാണ് രണ്ടാമത്തെ കൊലപാതകം നടത്തിയത്.കൊല്ലപ്പെട്ട ചിതാനന്ദൻ പ്രതിയുടെ കവുങ്ങിൻ തോട്ടത്തിൽ നിന്ന് അടക്കമോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു കൊലപാതകം. പ്രോസിക്യൂഷൻ കേസിൽ 25 സാക്ഷികളെ വിസ്തരിക്കുകയും 43 രേഖകളും 15 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു. ആദൂർ 
പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തിയത് എം.എ മാത്യു, എ വി ജോൺ എന്നീ സർക്കിൾ ഇൻസ്പെക്ടർമാരും അന്വേഷണം പൂർത്തീകരിച്ച് കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കെ.പ്രേംസദ നുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ: പ്ലീഡർ ആൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ ഇ.ലോഹിതാക്ഷൻ, അഡ്വ.ആതിര ബാലൻ എന്നിവർ ഹാജരായി. പിഴ അടച്ചില്ലെങ്കിൽ 2 വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
Reactions

Post a Comment

0 Comments