കാഞ്ഞങ്ങാട് : സൂചി കുത്താൻ ഇടമില്ലാത്ത വിധം തിരക്കിൽ വീർപ്പ് മുട്ടി മാവേലി എക്സ്പ്രസ്. എല്ലാ ദിവസവും വൈകീട്ട് 5.30 ന് മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലിയിലാണ് തിരക്ക് മൂലം യാത്രക്കാർ കൊടിയ ദുരിതമനുഭവിക്കുന്നത്. കാസർകോടിനും കോഴിക്കോടിനു മിടയിലുള്ള യാത്രയിലാണ് വലിയ തിരക്ക്. ആളുകൾ തൂങ്ങി പിടിച്ചാണ് യാത്ര ചെയ്യുന്നത്. ഈ സമയമത്രയും ഒന്ന് തിരിഞ്ഞ് നിൽക്കാൻ പോലും യാത്രക്കാർക്ക് ആവില്ല. മിക്ക ദിവസങ്ങളിലേയും ഇതേ തിരക്കാണ്. ശനി, ഞായർ ദിവസങ്ങളിൽ തിരക്ക് മൂർദ്ദ ന്യാവസ്ഥയിലെന്ന് യാത്രക്കാർ പറയുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്രക്കാർ കൂടുതലും ആശ്രയിക്കുന്നത് മാവേലിയെയാണ്. രാവിലെ 6 മണിയോടെ ട്രെയിൻ തിരുവനന്തപുരത്തെത്തുന്നതിനാൽ ഓഫീസുകളിലുൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് പോകുന്ന വരിൽ ഭൂരിഭാഗവും ആശ്രയിക്കുന്നത് മാവേലിയെയാണ്. വൈകീട്ട് ജോലികഴിഞ്ഞ് പോകുന്ന ഉദ്യോഗസ്ഥരടക്കമുള്ള വരും ഈ ട്രെയിനിനെയാണ് ആശ്രയിക്കുന്നത്. റിസർവേഷൻ ലഭിക്കാൻ വലിയ ബുദ്ധിമുട്ടാണെന്ന് യാത്രക്കാർ പറഞ്ഞു. വൈകുന്നേരങ്ങളിൽ നിരവധി ട്രെയിനുകളുണ്ടെങ്കിലും ഇവയൊന്നും യാത്രാ പ്രശ്നത്തിന് പരിഹാരമാകുന്നില്ല. ചെന്നൈ മെയിലിലും വലിയ തിരക്ക് അനുഭവപ്പെടുന്നു. രാവിലെ മംഗലാപുരം ഭാഗത്തേക്ക് പോകുന്ന പഴയ പാസഞ്ചർ ട്രെയിനിലും വലിയ തിരക്കാണനുഭവപ്പെടുന്നത്. രാവിലെ സർക്കാർ ഓഫീസുകളിലേക്കടക്കമെത്തേണ്ട നൂറുകണക്കിന് ഉദ്യോഗസ്ഥർ ആശ്രയിക്കുന്നത് ഈ ട്രെയിനിനെയാണ്. യാത്രക്കാർ തൂങ്ങി പിടിച്ച് യാത്ര ചെയ്യുന്നത് പതിവ് കാഴ്ചയായി. വാതിൽപടികളിൽ തൂങ്ങി പിടിച്ചുള്ള യാത്ര വലിയ അപകടസാധ്യതയാണ് ചൂണ്ടിക്കാട്ടുന്നത്.
0 Comments