കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ സോളാർ വിളക്ക് കാലുകൾ എടുത്തുമാറ്റി. കെ.എസ്.ടി.പി റോഡ് നിർമ്മാണത്തിന്റെ ഭാഗമായി നഗരത്തിൽ സ്ഥാപിച്ച സോളാർ വിളക്ക് കാലുകളും പാനലുകളുമാണ് മാറ്റിയത്. നാലുവരിപ്പാതയിൽ നോർത്ത് കോട്ടച്ചേരി മുതൽ പുതിയ കോട്ട സ്മൃതി മണ്ഡപം വരെ വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച കൂറ്റൻ വിളക്ക് കാലുകളാണ് പാനലുകൾ ഉൾപ്പടെ മാറ്റിയത്. നാല് വരിപ്പാതയിൽ ഡിവൈഡറിന് മൂകളിലായിട്ടാണ് സോളാർ പാനലുകൾ സ്ഥാപിച്ചിരുന്നത്. ഏതാനും മാസങ്ങൾ സോളാർ വിളക്കുകൾ കത്തിയിരുന്നുവെങ്കിലും പിന്നീട് ഓരോന്നായി കണ്ണ് ചിമ്മി. സോളാർ വിളക്കുകൾ പൂർണ്ണമായും പ്രവർത്തന രഹിതമായ നിലയിലായിരുന്നു. ഇപ്പോൾ ഡി.ടി.പി.സി. (ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ) നേതൃത്വത്തിൽ ഡിവൈഡറുകളിൽ പുതിയ വിളക്കുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നിലവിലുണ്ടായിരുന്ന വൈദ്യുതി കാലുകളും സോളാർ പാനലുകളും എടുത്തു മാറ്റിയത്. ജില്ലാ വികസന സമിതി യോഗത്തിൽ കാഞ്ഞങ്ങാട് നഗരത്തിൽ കെ.എസ്.ടി.പി റോഡിലെ ഡിവൈഡറുകളിൽ സ്ഥാപിച്ച വിളക്കുകളെ സംബന്ധിച്ച് പരാതി ഉയർന്നതിനെ തുടർന്ന് ജില്ലാ കലക്ടർ ഇടപെട്ടാണ് വിഷയം ഡി.ടി.പി.സി ക്ക് കൈമാറാൻ തീരുമാനമുണ്ടായതെന്ന് പറയുന്നു.
0 Comments