കാഞ്ഞങ്ങാട്:ജൈവ നെൽകൃഷി രീതികളിലും നെൽകൃഷിയിലെ യന്ത്രവൽക്കരണത്തിനുമായുള്ള പിലിക്കോട് ഗവേഷണ കേന്ദ്രത്തിന്റെ പരിശീലനം ഈ വർഷവും തുടരുന്നു
നെൽകൃഷിയിൽ ജൈവകൃഷിരീതികളും യന്ത്രവത്ക്കരണവും എങ്ങനെ പ്രായോഗികമായി കൊണ്ടുവരാം എന്ന് കർഷകരെ പഠിപ്പിക്കുന്നതിനായി ഞാറ്റടി മുതൽ കൊയ്ത്ത് വരെ കർഷകന്റെ പാടത്ത് ചെന്ന് നാല് മാസക്കാലം പരിശീലനം നല്കുന്ന ദൗത്യം 2015 മുതൽ പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം കണ്ണൂർ കാസറഗോഡ് ജില്ലകളിൽ നടത്തി വരുന്ന ഒരു പദ്ധതിയാണ് “യന്ത്രവത്കൃത ജൈവനെൽകൃഷി പരിശീലനം - വിത്ത് മുതൽ കൊയ്ത്ത് വരെ കർഷകന്റെ പാടത്ത്”. പഞ്ചായത്ത് മുൻസിപാലിറ്റികളിലെ തിരഞ്ഞെടുത്ത പാടശേഖരത്തിൽ ഒരു നിശ്ചിത സ്ഥലത്ത് നടപ്പിലാക്കി മാതൃക കാട്ടുക എന്നതാണ് പ്രധാന ലക്ഷ്യം. കർഷകർക്കുള്ള പരിശീലനം ക്ലാസ്മുറികളിൽ നിന്നും മാറ്റി കർഷകന്റെ കൃഷിസ്ഥലത്തായിരിക്കണം എന്ന സന്ദേശമാണ് പ്രധാനം. ഈ വർഷം കേരള കാർഷിക സർവ്വകലാശാലയുടെ സുവർണ്ണ ജൂബിലിയുടെ ഭാഗമായും ഭാരത സ്വാതന്ത്ര്യത്തിന്റെ 75-ആം വാർഷികത്തിന്റെ ഭാഗമായും നടത്തുന്ന ‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായും ഗവേഷണ കേന്ദ്രം, കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി പരിധിയിലെ കാരാട്ട് വയൽപാടശേഖരമാണ് തിരഞ്ഞെടുത്തത്.
ജൈവകൃഷിയുടെ സുരക്ഷിത ഭക്ഷണം, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കൽ, യന്ത്ര വൽക്കരണത്തിലൂടെ തൊഴിലാളിക്ഷാമം പരിഹരിക്കൽ, നെൽവയൽ സംരക്ഷണം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി കൊണ്ടാണ് കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി കാസറഗോഡ് കണ്ണൂർ ജില്ലകളിൽ ഗവേഷണ കേന്ദ്രം ഈ പദ്ധതി നടപ്പിലാക്കി വരുന്നത്.
നാലു മാസം നീണ്ടുനിൽക്കുന്ന നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളിൽ രണ്ടു തരം പരിശീലന പരിപാടികൾ കർഷകന്റെ പാടത്ത് തന്നെ ചെന്നു നൽകികൊണ്ടാണ് ഗവേഷണ കേന്ദ്രം ഈ സംരംഭം നടപ്പിലാക്കുന്നത്. "ജൈവ നെൽകൃഷിയിൽ പ്രായോഗിക പരിശീലനം", "നെൽകൃഷി യന്ത്രവൽക്കരണം" എന്നിവയാണ് ഈ രണ്ട് പരിശീലന പരിപാടികൾ. പരിശീലനങ്ങൾ ഗവേഷണകേന്ദ്രത്തിൽ കേന്ദ്രീകരിക്കാതെ കർഷകൻറെ പാടത്ത് വെച്ച് വിള സമയം തന്നെ നല്കുന്നു എന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. നവംബർ ആദ്യവാരം ആരംഭിച്ച ഈ പരിശീലന പരിപാടി എട്ടോളം ഘട്ടങ്ങളായി കൊയ്ത്ത് വരെയുള്ള വിവിധ സമയങ്ങളിൽ പൂർത്തീകരിക്കും.
കാർഷിക യന്ത്രവൽക്കരണത്തിലൂടെ തൊഴിലാളി ക്ഷാമം പരിഹരിക്കൽ, തൊഴിൽ കാര്യക്ഷമത വർദ്ധിപ്പിക്കൽ, ആരോഗ്യ സുരക്ഷ എന്നീ ലക്ഷ്യങ്ങൾ വച്ചുകൊണ്ടുള്ള നെൽകൃഷി യന്ത്രവൽക്കരണ പരിശീലന പരിപാടിയിൽ വിവിധ ഘട്ടങ്ങളിലായി ബ്രഷ് കട്ടർ, പവർ ടില്ലർ, ട്രാക്ടർ, പായ ഞാറ്റടി, ഞാറ് നടീൽ യന്ത്രം, കളപറിക്കൽ യന്ത്രം, മെഷീൻ റിപ്പയർ എന്നിവയിൽ പരിശീലനം നൽകുന്നു.
ഇതിനോടൊപ്പം തന്നെ ജൈവകൃഷിയുടെ തത്വങ്ങൾ, ഘടകങ്ങൾ, വിവിധ സംവിധാനങ്ങൾ, നെൽകൃഷിയുടെയും വയലുകളുടെയും പ്രസക്തി എന്നിവയെക്കുറിച്ചും നെൽ കൃഷിയിലെ മണ്ണ് സംരക്ഷണ രീതികളും, മണ്ണിനെ ഉത്പാദനക്ഷമത ഉള്ളതാക്കി മറ്റുന്ന വിവിധ രീതികളെയും കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും ഈ പരിപാടി ലക്ഷ്യം വെക്കുന്നു.
പദ്ധതിയുടെ പ്രസക്ത ഘട്ടങ്ങൾ: വിളവിറക്കുന്നതിനു തൊട്ടു മുൻപ് നടത്തുന്ന ബോധവത്കരണ ക്ലാസ് പാടശേഖരത്തിലെ ആവാസവ്യവസ്ഥ വിശകലനം ചെയ്യും. നിലവിലുള്ള ഉത്പാദനോപാധികൾ എന്തെല്ലാം മറ്റു ജൈവിക അജൈവിക സമ്മർദ്ദങ്ങൾ എന്തെല്ലാം എന്നിങ്ങനെയുള്ള വിശദമായ പരിശോധന, പാടശേഖരത്തിലെ മണ്ണിനും കാലാവസ്ഥയ്ക്കും അനുസരിച്ചുള്ള ജൈവ നെല്ലിനം തീരുമാനിക്കുൽ, നിലമൊരുക്കൽ, വിവിധ ജൈവ വള നിർമ്മാണം, വിവിധ പോഷക ലായനികളുടെ നിർമ്മാണം, ഗുണമേന്മയുള്ള വിത്ത് തെരഞ്ഞെടുക്കൽ, വിത്ത് മുളപ്പിക്കുന്ന രീതി, തെരഞ്ഞെടുത്ത വിത്ത് പരിചരണം, ഞാറ്റടി തയ്യാറാക്കുന്ന വിധം, ഞാറുനടൽ പരിശീലനം, കീടരോഗബാധയെ തിരിച്ചറിയൽ മിത്ര കീടങ്ങളെ മനസ്സിലാക്കൽ, ജൈവകൃഷിയുടെ സസ്യസംരക്ഷണ തത്വങ്ങളെ കുറിച്ചും കീടരോഗബാധയ്ക്ക് എതിരേയുള്ള മുൻകരുതലുകളെകുറിച്ചും മനസ്സിലാക്കൽ, വിവിധ കീട-രോഗ ജൈവ നിയന്ത്രണ ഉപാധികൾ തയ്യാറാക്കൽ. അവസാന ഘട്ടമായി ശാസ്ത്രീയ രീതിയിലുള്ള കൊയ്ത്ത്, വിത്ത് സംസ്കരണം, അരിയുടെ ആരോഗ്യപ്രദമായ ഉപയോഗരീതികളെക്കുറിച്ചും പരിശീലനം നല്കുന്നു.
കാരാട്ട് വയൽ പാടശേഖരത്ത് അഞ്ച് ഏക്കറയിലേക്ക് ആവശ്യമായ 150 കി. ഗ്രാം ജൈവ നെൽവിത്ത്, കേരള പിറവിദിവസത്തിൽ ഗവേഷണകേന്ദ്രം മേധാവി ഡോ. വനജ ടി., കാഞ്ഞങ്ങാട് മുൻസിപ്പൽ ചെയർപേഴ്സൺ കെ..വി.സുജാതക്ക് കൈമാറി. വിതരണം ചെയ്ത "ഏഴോം -2" ജൈവനെല്ലിനം ഗവേഷണ കേന്ദ്രത്തിൽ ജൈവകൃഷിരീതിയിൽ ഉല്പാദിപ്പിച്ചതാണ്. തിരഞ്ഞെടുത്ത 20 കർഷകർ വിജയകരമായി മൂന്ന് ഘട്ടങ്ങൾ പൂർത്തികരിച്ചു കഴിഞ്ഞു.
നാലാം ഘട്ടമായ ഞാറ് നടീൽ കാഞ്ഞങ്ങാട് നഗരസഭ കൃഷി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, ജാനകികുട്ടി. സി. അധ്യക്ഷത വഹിച്ച ചടങ്ങിൽ, യന്ത്രവത്കൃത ഞാറു നടീൽ, കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ സുജാത കെ.വി., നിർവഹിച്ചു. ഞാറ്റുവേല കർഷക കൂട്ടായ്മ കൺവീനർ സ്വാഗതം പറയുകയും, പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം മേധാവി, ഡോ.വനജ ടി, മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞയും പ്രൊജക്റ്റ് ലീഡറുമായ , കുമാരി അനുപമ. എസ് പദ്ധതി നടത്തിപ്പിന്റെ വിവിധ ഘട്ടങ്ങൾ വിശദീകരിച്ചു. നഗരസഭാ കൗൺസിലർമാരായ എം.. ബൽരാജ്, വീണ . പി. കെ, .ടി. മുഹമ്മദ് കുഞ്ഞി, ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞ . ക്രിസ് ജോസഫ്, കൃഷി ഓഫീസർ ശ്രീ. മുരളി, മൈനർ ഇറിഗേഷൻ സബ്ഡിവിഷൻ അസ്സി.എക്സ്.എഞ്ചിനീയർ, . സുധാകരൻ എ.പി., കാരാട്ട് വയൽ പാടശേഖര സമിതി സെക്രട്ടറി, അനീസ്, പി., കാർഷിക കർമ്മ സേന സെക്രട്ടറി, .എൻ. ഉണ്ണികൃഷ്ണൻ, സി. കുഞ്ഞിരാമൻ നായർ എന്നിവർ സന്നിഹിതരായിരുന്നു.
0 Comments