കാഞ്ഞങ്ങാട്:വടക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന വലിയപറമ്പ് കായലിന്റെ സിരാകേന്ദ്രമായ കോട്ടപ്പുറത്ത് അതിരുകളില്ലാത്ത ആഘോഷങ്ങൾക്ക് ഇനി ആധുനിക സൗകര്യങ്ങൾ!
ടൂറിസം വകുപ്പിന്റെ 500 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള കോട്ടപ്പുറത്തെ ഫ്ലോട്ടിങ് ബോട്ട് ജെട്ടിയാണ് കഴിഞ്ഞ ദിവസം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മോടികൂട്ടി, രൂപാന്തരം വരുത്തി, അന്താരാഷ്ട്ര നിലവാരമുള്ള ഒഴുകുന്ന വേദിയാക്കി മാറ്റിയത്. മുപ്പതോളം ഹൗസ്ബോട്ടുകളുള്ള കോട്ടപ്പുറത്ത് ഇദംപ്രഥമമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. ജലാശയത്തിൽ ഒരുക്കിയ ആദ്യത്തെ open utility celebration platform (തുറസ്സായ വിവിധോദ്ദേശ ആഘോഷവേദി) യാണ് ഇത്.
എട്ട് കോടി രൂപ മുതൽ മുടക്കി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് കോട്ടപ്പുറത്ത് നിർമ്മിക്കുന്ന ഹൗസ്ബോട്ട് ടെർമിനലിന്റെ പ്രവർത്തനം ഏപ്രിൽ മാസത്തിൽ ആരംഭിക്കുന്നതോടുകൂടി ഹൗസ്ബോട്ടുകളുടെ എണ്ണവും, അതിന് ആനുപാതികമായി വിനോദ സഞ്ചാരികളുടെ എണ്ണവും വൻതോതിൽ വർദ്ധിക്കുമെന്നാണ് ടൂറിസം വകുപ്പ് അധികൃതരുടെ കണക്കുകൂട്ടൽ.
ഹൗസ്ബോട്ട് യാത്രയിൽനിന്നും വ്യത്യസ്തമായ അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന ഈ നൂതന ആശയത്തിന്റെ നടത്തിപ്പ് സ്വകാര്യ സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ നൽകാനാണ് ഡിടിപിസി ഉദ്ദേശിക്കുന്നത്. ഏറ്റവും ഉയർന്ന പ്രതിമാസ വാടക വാഗ്ദാനം ചെയ്യുന്നവർക്ക് കരാർ അടിസ്ഥാനത്തിൽ മൂന്നു വർഷത്തേക്കായിരിക്കും വേദി നടത്തിപ്പിന് നൽകുക. ആദ്യഘട്ടത്തിൽ വിജയകരമായി നടത്തിപ്പ് പൂർത്തിയാക്കിയാൽ തുടർനടത്തിപ്പിനുള്ള സാധ്യതകൂടി ഉൾപ്പെടുത്തിയായിരിക്കും ഈ സംവിധാനം ലീസിന് നൽകുക.
വിവാഹവുമായി ബന്ധപ്പെട്ട ഔട്ട് ഡോർ ഫോട്ടോ ഷൂട്ടിംഗ്, പിറന്നാളാഘോഷം, അത്താഴ സൽക്കാരം, കുടുംബ സംഗമം, വാലൻടൈൻസ് ഡേ സെലിബ്രേഷൻ, കാൻഡിൽ ലൈറ്റ് ഡിന്നർ എന്നിവക്ക് ആകർഷകമായ വേദിയാക്കി ഇത് മാറ്റാവുന്നതാണെന്ന് ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ് പറഞ്ഞു.
കരാർ അടിസ്ഥാനത്തിൽ നടത്തിപ്പിനായി വേദി ആവശ്യമുള്ളവർക്കുള്ള അപേക്ഷ ഫോറം കാസറഗോഡ് വിദ്യാനഗറിലുള്ള ഡിടിപിസി ഓഫീസിൽ നിന്നും ലഭ്യമാണ്. ഫെബ്രുവരി 5 നാണ് പൂരിപ്പിച്ച അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. വിശദ വിവരങ്ങൾക്ക് 9746462679 & +91 4994 256450 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
0 Comments