നീലേശ്വരം | നീലേശ്വരം താലൂക്കിന്റെ ആവശ്യം സംസ്ഥാന സർക്കാറിന് മുന്നിൽ വിശദീകരിക്കുന്നതിന് സർവകക്ഷി സംഘത്തെ തിരുവനന്തപുരത്തേക്ക് അയക്കുമെന്ന് മുതിർന്ന സി പി എം നേതാവും നീലേശ്വരം നഗരസഭാ വൈസ് ചെയർമാനുമായ പി പി മുഹമ്മദ് റാഫി അറിയിച്ചു.
വർഷങ്ങളുടെ പഴക്കമുള്ള ആവശ്യമായ നീലേശ്വരം താലൂക്ക് എത്രയും വേഗം യാതാർഥ്യമാകേണ്ടതുണ്ട്. നാലോളം കമ്മീഷനുകൾ നീലേശ്വരം താലൂക്ക് യാതാർഥ്യമാകേണ്ടതിന്റെ പ്രധാന്യം സർക്കാരിനെ അറിയിച്ചതാണ്. താലൂക്കിന് വേണ്ടി സർക്കാറിൽ ശക്തമായ സമ്മർദ്ദം ചെലുത്തും.
സമൂഹത്തിലെ വിമർശനങ്ങൾ ഭരണസമിതി പൂർണമനസോടെ ഉൾക്കൊള്ളുന്നു. ഭരണാധികാരികളെ വിമർശിക്കാൻ ജനങ്ങൾക്ക് അധികാരമുണ്ട്. ഭരണസമിതിലുള്ള പ്രതീക്ഷയാണ് വിമർശനങ്ങൾ. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ നിരവധി വികസന പ്രവർത്തികൾ നീലേശ്വരത്ത് പൂർത്തിയാകും. പുരോഗതി എന്ന് പറഞ്ഞാൽ കെട്ടിടങ്ങളാണെന്ന കാഴ്ചപ്പാട് നഗരസഭക്കില്ല. വിദ്യാഭ്യാസ മേഖല, ആരോഗ്യ മേഖല, ക്ഷേമ പ്രവർത്തനങ്ങൾ, കാർഷിക മേഖലയുടെ അഭിവൃദ്ധി, ഇവ എല്ലാം ചേരുമ്പോഴാണ് വികസനം, അഥവാ പുരോഗതി യാതാർഥ്യമാകുന്നത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ സമൂഹത്തിന് വലിയ മാറ്റം നീലേശ്വരത്ത് കാണാൻ കഴിയും. വികസനത്തിൽ പുതിയ അധ്യായം നീലേശ്വരത്ത് തുറക്കും.
നഗരകേന്ദ്രീകൃത വികസനമാണ് നഗരസഭാ ലക്ഷ്യമാക്കുന്നത്. വികസനത്തിൽ നഗരസഭ പ്രഥമ പരിഗണന നൽകുന്നത്
രാജ റോഡ് പുനരുദ്ധാരണത്തിനാണ്. നഗരസഭക്ക് മുന്നിൽ പ്രഥമ പരിഗണയിലുള്ള ഒന്നാണ് രാജ റോഡ് . കച്ചേരികടവ് പാലം റോഡിന്റെയും രാജ റോഡ് നവീകരണത്തിന്റെയും പ്രവവർത്തികൾ പുരോഗമിക്കുകയാണ്. കച്ചേരിക്കടവ് പാലത്തിന്റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചു കഴിഞ്ഞു. കച്ചേരികടവ് റോഡ് പാലം ടെണ്ടർ അടുത്ത ദിവസം നടക്കും. പാലം യാതാർഥ്യമായാൽ നിടുങ്ങണ്ട മുതൽ മെയിൻ ബസാർ വരെ പുതിയ ടൗൺ ഷിപ്പ് സൃഷ്ടിക്കപ്പെടും അദ്ദേഹം അറിയിച്ചു.
നഗരത്തിൽ ടൗൺ ബസ്റ്റാൻഡിന് പുറമെ ദേശീയ പാതയുടെ അരികിലും പുതിയ ബസ്റ്റാന്റ് നിർമ്മിക്കേണ്ടതുണ്ട് .
ദേശീയ പാതയുടെ അരികിൽ ബസ്റ്റാന്റ് നിർമ്മിക്കണമെന്നാശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്, അത് വേഗത്തിൽ യാഥാർഥ്യമാക്കണം. സ്ഥലലഭ്യതയാണ് പ്രധാന വെല്ലുവിളി, അത് മറികടക്കാൻ നമുക്ക് കഴിയും. ഏത് വികസന പദ്ധതിയും സമയമെടുത്ത് മാത്രമേ യാതാർഥ്യമാക്കാൻ കഴിയുകയുള്ളൂ. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ വികസനം യാതാർഥ്യമാകണമെന്നാണ് പുതു തലമുറയുടെ ആഗ്രഹം, അതിന് അവരെ കുറ്റം പറയുവാൻ കഴിയില്ല, അത്തരം ചുറ്റുപാടിലാണ് അവർ ജീവിക്കുന്നത് അദ്ദേഹം വിശദമാക്കി.
നീലേശ്വരം നഗരസഭയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട്. പാലാഴി ഷട്ടർകം ബ്രിഡ്ജ് യാതാർഥ്യമായതോടെ ബ്രിഡ്‌ജിന്റെ കിഴക്ക് ഭാഗത്ത് വലിയ രീതിയിൽ ശുദ്ധ ജലം സംഭരിക്കപ്പെട്ടിട്ടുണ്ട്. പാലാഴി മുതൽ അഴിത്തല വരെയുള്ള തീരദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ഈ വെള്ളത്തിന് കഴിയും. നീലേശ്വരം കൂടാതെ ചെറുവത്തുർ, കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നവുംഇതുവഴി പരിഹരിക്കാൻ കഴിയും. കേന്ദ്ര, സംസ്ഥാന സർക്കാർ ശ്രമിച്ചാൽ പാലായി കേന്ദ്രീകരിച്ചു ഭൃഹത്തായ കുടിവെള്ള പദ്ധതി യാതാർഥ്യമാക്കാൻ കഴിയും അദ്ദേഹം പറഞ്ഞു.
2021 ബജറ്റിൽ സർക്കാർ അനുവദിച്ച മിനി സിവിൽ സ്റ്റേഷന്റെ പ്രവൃത്തികൾ ഈ വർഷം തന്നെ തുടക്കം കുറിക്കും. നിർമ്മാണം പൂർത്തിയായാൽ സ്ഥല സൗകര്യമില്ലാത്ത കാരണം നീലേശ്വരത്ത് നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് പോയ സർക്കാർ ഓഫീസുകൾ തിരികെ കൊണ്ട് വരും.നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന നഗരസഭ കാര്യാലയം ഉടൻ തുറക്കും. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നീലേശ്വരത്ത് ഫയർ സ്റ്റേഷൻ നിർമ്മിക്കുന്നതിന് ചിറപ്പുറത്ത്
ആഭ്യന്തര വകുപ്പ് സ്ഥലപരിശോധന നടത്തിയിരുന്നു, എന്നാൽ ഇതുവരെ തുടർനടപടി ഉണ്ടായില്ല. ഫയർ സ്റ്റേഷൻ യാതാർഥ്യമാക്കുന്നതിന് ഭരണസമിതി മുൻകൈയെടുക്കും. ഹോസ്ദുർഗ് ആർ ടി എ ഓഫീസ് വിഭജിച്ചു നീലേശ്വരത്ത് പുതിയ ആർ ടി എ ഓഫീസ് ആരംഭിക്കേണ്ടതുണ്ട്, ഇതിന് ആവശ്യമായ ശ്രമം ഭരണസമിതി നടത്തും. കോട്ടപ്പുറത്ത് നിർമ്മിക്കുന്ന മിനി ടൌൺ ഹാൾ നിർമ്മാണം പൂർത്തിയാക്കി മെയ് മാസത്തിൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും.
ടൂറിസം മേഖലയിൽ നിരവധി പദ്ധതികൾ നീലേശ്വരത്ത് യാതാർഥ്യമാക്കേണ്ടതുണ്ട്. അഴിത്തലയിലും കോട്ടപ്പുറത്തും പാലയിലും നഗരസഭ മുൻകൈ എടുത്ത് പുതിയ ടൂറിസം പദ്ധതികൾ യാതാർഥ്യമാക്കും. സംസ്ഥാന സർക്കാർ നീലേശ്വരത്ത് പ്രഖ്യാപിച്ച കല്ലളൻ വൈദ്യർ സ്മാരകത്തിന് ചിറപ്പുറത്ത് ഒരു ഏക്കർ സ്ഥലം നഗരസഭ അനുവദിച്ചു. നിർമ്മാണം വേഗത്തിൽ ആരംഭിക്കും. നീലേശ്വരത്ത് അനുവദിച്ച ലോ കോളജ് പാലായി സർവകലാശാല ഓഫ് കാമ്പസിന് സമീപം പണിയും. സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് മുമ്പ് ക്ലാസ് ആരംഭിക്കുന്നതിന് ആവശ്യമായ സ്ഥല സൗകര്യം നഗരസഭ ഒരുക്കും റാഫി അറിയിച്ചു. കോട്ടപ്പുറം കടിഞ്ഞിമൂല, മുണ്ടേമാട് പാലങ്ങൾ ഈ വർഷം നിർമ്മാണം ആരംഭിക്കും.
നഗരസഭ നിരവധി പദ്ധതികൾ സർക്കാറിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്, പുതിയ സർക്കാർ സ്ഥാപനങ്ങളും ഓഫീസുകളും നീലേശ്വരത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് ഭരണസമിതി. കോട്ടപ്പുറത്ത് പുതിയ സർക്കാർ ആശുപത്രിയും അഴിത്തലയിൽ ലൈറ്റ് ഹൗസും ചിറപ്പുറത്ത് റവന്യൂ ടവറും യാതാർഥ്യമാക്കും.
0 Comments