Ticker

6/recent/ticker-posts

സുന്ദര നഗരം, എല്ലാവർക്കും കുടിവെള്ളം.സമഗ്ര വികസനം, നീലേശ്വരം നഗരസഭക്ക് മിച്ചബജറ്റ്

നിലേശ്വരം:ശുചിത്വ സുന്ദര നഗരം,  ഏവർക്കും കുടിവെള്ളം എന്നീലക്ഷ്യങ്ങളിലൂന്നിക്കൊണ്ടും  നഗരത്തിന്റെ  സമഗ്രവികസനത്തിനായുള്ള പദ്ധതികൾ മുന്നോട്ടു വച്ചുകൊണ്ടും നീലേശ്വരം നഗരസഭയുടെ പുതിയ ബജറ്റ്. 
2022 - 23 വർഷത്തേക്ക്  70,19,01, 571 രൂപ വരവും 68, 06, 34, 890 രൂപ ചെലവും 2,12,66,681 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന  ബജറ്റാണ് നഗരസഭാ ചെയർപേഴ്സൺ ടി.വി ശാന്തയുടെ അധ്യക്ഷതയിൽ നടന്ന കൗൺസിൽ യോഗത്തിൽ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി അവതരിപ്പിച്ചത്. സമ്പൂർണ്ണ പെൻഷൻ നഗരസഭയാക്കുന്നതടക്കം ഒട്ടേറെ ക്ഷേമ പ്രവർത്തനങ്ങൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടപ്പുറം  ഹൗസ് ബോട്ട് ടെർമിനൽ  പൂർത്തീകരിക്കുന്നതോടെ ടൂറിസ്റ്റുകളുടെ സുരക്ഷയ്ക്കും ക്രമീകരണ ത്തിനുമായി ഹൗസ് ബോട്ടുകൾക്ക് രജിസ്ട്രേഷനും ലൈസൻസും ഏർപ്പെടുത്തുന്നതിനും ബജറ്റിൽ നിർദ്ദേശമുണ്ട്.
 കടിഞ്ഞിമൂല,  വേളുവയൽ, കിഴക്കേകര, പാണ്ടിക്കോട്ട്, പുറത്തേകൈ,  തൈക്കടപ്പുറം, നീലായി, ഇടിച്ചൂടി തുടങ്ങിയ പ്രദേശങ്ങളിൽ പുതിയ കുടിവെള്ള പദ്ധതി തുടങ്ങുന്നതിനായി രണ്ടു കോടി രൂപയാണ് ബജറ്റിൽ മാറ്റിവെച്ചിട്ടുള്ളത്.  
നീലേശ്വരം ജനതയുടെ ചിരകാല സ്വപ്നമായിരുന്ന പാലായി ഷട്ടർ കം ബ്രിഡ്ജ് യാഥാർത്ഥ്യമായ സാഹചര്യത്തിൽ അവിടെ സംഭരിക്കുന്ന ശുദ്ധജലം  ഉപയോഗപ്പെടുത്തി നിലവിലുള്ള കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെടുത്തി സമഗ്ര കുടിവെള്ള പദ്ധതിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ഇതിനായി 10 ലക്ഷം രൂപ അനുവദിക്കും. 
കേന്ദ്ര സർക്കാരിന്റെ അമൃത് നഗരം പദ്ധതിയിൽ  ഉൾപ്പെടുത്തി ബൃഹത്തായ കുടിവെള്ള ശൃംഖല രൂപപ്പെടുത്താൻ പദ്ധതി ആസൂത്രണം ചെയ്യുന്നതിന്റെ  പ്രാഥമിക പഠനത്തിനായി 10 ലക്ഷം രൂപ നീക്കിവയ്ക്കും.  
മാലിന്യ സംസ്കരണം കുറ്റമറ്റതാക്കാൻ 25 ലക്ഷം രൂപ ചെലവിൽ ചിറപ്പുറം പ്ലാന്റിലെ റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റർ  നവീകരിക്കും. ശേഖരിക്കുന്ന പ്ലാസ്റ്റിക്  സംസ്കരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റാനുള്ള  കെട്ടിട സൗകര്യമൊരുക്കാനും ആധുനിക യന്ത്രസാമഗ്രികൾ സ്ഥാപിക്കുന്നതിനും ലോകബാങ്ക് സഹായത്തോടെ ഒരു കോടി രൂപ ചെലവഴിക്കും. 
നഗരസഭാ പരിധിയിൽ വിവിധ കേന്ദ്രങ്ങളിൽ  മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി  സെന്ററുകൾ  സ്ഥാപിക്കാൻ 70 ലക്ഷം രൂപയും   ഉറവിട മാലിന്യസംസ്കരണത്തിനായി 10 ലക്ഷം രൂപയും  അനുവദിക്കും. 
ചിറപ്പുറം പരമ്പരാഗത ശ്മശാനം വാതക ശ്മശാനമാക്കി മാറ്റുന്നതിന് കെട്ടിട സൗകര്യങ്ങൾക്കായി മാത്രം 48 ലക്ഷം രൂപ നഗരസഭ  വകയിരുത്തിയിട്ടുണ്ട്. 33 ലക്ഷം രൂപയ്ക്കുള്ള അനുബന്ധ സൗകര്യങ്ങൾ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനും  റോട്ടറി ക്ലബ് നീലേശ്വരവും ചേർന്ന്  നിർവഹിക്കും.  ചാത്തമത്ത് ശ്മശാനം 75 ലക്ഷം രൂപ ചെലവിട്ട് വാതക ശ്മശാന മാക്കിമാറ്റുന്ന പ്രവൃത്തി ഉടൻ പൂർത്തീകരിക്കും. രണ്ട് ശ്മശാനങ്ങളുടെയും സൗന്ദര്യവത്കരണത്തിന് 10 ലക്ഷം രൂപ ചെലവഴിക്കും.
നഗരസഭയിലെ നാരാംകുളങ്ങര, മന്ദംപുറം, പാലായി,  പട്ടേന, ചാത്തമത്ത്  ചിറപ്പുറം, പള്ളിക്കര, അമരാച്ചേരി പൊതു കുളങ്ങൾ ശുചീകരിച്ച് സംരക്ഷിക്കാൻ 50 ലക്ഷം രൂപ നീക്കിവയ്ക്കും.  
നഗരസഭാ പ്രദേശത്തെ  ഡ്രെയിനേജുകളുടെ നിർമ്മാണത്തിനും  നവീകരണത്തിനുമായി  ഒന്നരക്കോടി വകയിരുത്തിയിട്ടുണ്ട്. 
നീലേശ്വരം മാർക്കറ്റിൽ  ദേശീയപാതയോരത്ത് ടോയ്ലറ്റ് കോംപ്ലക്സ്  ഉൾപ്പെടെ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രവും പുതിയ നഗരസഭാ ഓഫീസ് പരിസരം, ടൗൺ ബസ് സ്റ്റാൻഡ്,  കോൺവെൻറ് ജംഗ്ഷൻ എന്നിവിടങ്ങളിൽ പൊതു ശൗചാലയങ്ങളും  നിർമിക്കാൻ 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
നീലേശ്വരം നഗരത്തിന്റെ ജീവനാഡിയായ രാജാറോഡ് വികസനത്തിന്റെ  അനുബന്ധ പ്രവർത്തനങ്ങൾക്ക് 25 ലക്ഷവും, സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച കച്ചേരിക്കടവ് പാലം - അപ്രോച്ച് റോഡ് നിർമ്മാണത്തിന്റെ  അനുബന്ധ പ്രവൃത്തികൾക്ക് 10 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.  നഗരത്തിന് പുതിയ വികസന കവാടം  തുറന്നെടുക്കുന്ന പദ്ധതികളാവും ഇത്.
17 കോടി രൂപ ചെലവിൽ നിർമ്മിക്കാൻ തീരുമാനിച്ച ടൗൺ ബസ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സിന്റെ  പ്രോജക്ട് സാങ്കേതിക അനുമതിക്കായി സർക്കാരിലേക്ക് അയച്ചിരിക്കുകയാണ്.  കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെൻറ് ഫിനാൻസ് കോർപ്പറേഷനിൽ നിന്നും പദ്ധതിത്തുകയുടെ 90 ശതമാനം വായ്പ ലഭ്യമാക്കാൻ വേണ്ടിയുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.  നിർമ്മാണത്തിന്റെ  പ്രാരംഭ പ്രവർത്തനങ്ങൾക്കായി നഗരസഭ ഈ ബജറ്റിൽ 50 ലക്ഷം രൂപ അനുവദിക്കും.
വിവിധ ഭാഗങ്ങളിലുള്ള നഗരസഭാ റോഡുകളുടെ നവീകരണത്തിനും പുതിയ റോഡുകളുടെ  നിർമാണത്തിനുമായി നാലു കോടി രൂപയാണ് ആകെ  അനുവദിക്കുന്നത്. 
സംസ്ഥാന സർക്കാർ 13. 92 കോടി അനുവദിച്ച  കടിഞ്ഞിമൂല - മാട്ടുമ്മൽ - കോട്ടപ്പുറം റോഡ് പാലത്തിന്റെ  അപ്രോച്ച്  റോഡിനായി  10 ലക്ഷവും , സംസ്ഥാന സർക്കാർ  അഞ്ചു കോടി രൂപ അനുവദിച്ചിട്ടുള്ള  നീലേശ്വരം തളി ക്ഷേത്രം റോഡ് മെക്കാഡം ടാറിങ് (തെരു റോഡ് ഉൾപ്പെടെ) പ്രവൃത്തിയുടെ അനുബന്ധ പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപയും നഗരസഭ മാറ്റിവയ്ക്കും.
2019 -20 പദ്ധതി വർഷം നിർമാണം ആരംഭിച്ച നഗരസഭയുടെ പുതിയ ഓഫീസ് കെട്ടിടം അനുബന്ധ പ്രവൃത്തികൾ പൂർത്തിയാക്കി ഈ വർഷം ഉദ്ഘാടനം ചെയ്യും. പൂർത്തീകരണത്തിനായി നാലു കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. പുതിയ ഓഫീസിൽ സോളാർ പാനൽ സ്ഥാപിക്കാൻ 10 ലക്ഷവും ഫർണിച്ചറടക്കം  അനുബന്ധ സൗകര്യങ്ങളൊരുക്കാൻ 25 ലക്ഷവും  നഗരസഭാ സേവനങ്ങൾ ഓൺലൈനാക്കി മാറ്റാൻ 10 ലക്ഷവും നൽകും.
അഴിത്തല ടൂറിസം പദ്ധതിക്കായി ടൂറിസം വകുപ്പ് തയ്യാറാക്കിയ 25 കോടി രൂപയുടെ പദ്ധതിയിൽ ആദ്യഘട്ടമായി കാസർകോട് വികസന പേജിൽ നിന്ന് അഞ്ചു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ബേക്കൽ റിസോർട്സ്  ഡെവലപ്മെൻറ് കോർപറേഷൻ നിർവഹണ ഏജൻസിയായി  നടപ്പാക്കുന്ന ഈ പദ്ധതിക്ക് വേണ്ടി 25 സെൻറ് ഭൂമി കൈമാറുന്ന വിഷയത്തിൽ നഗരസഭ നിരാക്ഷേപ സാക്ഷ്യപത്രം നൽകിക്കഴിഞ്ഞു.  അഴിത്തലയിൽ ടൂറിസ്റ്റുകളുടെ വാഹന പാർക്കിങ് യാഡിനായി ബജറ്റിൽ 5 ലക്ഷം രൂപ അനുവദിക്കും.
ഹൗസ് ബോട്ടുകൾക്ക് രജിസ്ട്രേഷനും ലൈസൻസും ഏർപ്പെടുത്തും. പാലായിയിൽ കയാക്കിങ് ഉൾപ്പെടെ ടൂറിസം വികസനത്തിനായി 10 ലക്ഷം നൽകും.
മുണ്ടേമ്മാട്,  പൊടോതുരുത്തി, ഓർച്ച, എന്നിവിടങ്ങളിൽ ടൂറിസം വകുപ്പുമായി സഹകരിച്ച് വഴിയോര ടൂറിസത്തിനുള്ള പദ്ധതികൾ യാഥാർഥ്യമാക്കുന്നതിനായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.  
കാർഷിക മേഖലയിൽ തെങ്ങ് - നെൽകൃഷി വികസനത്തിന് 30 ലക്ഷം രൂപ അനുവദിക്കും. കൃഷിഭവനോടനുബന്ധിച്ച് പ്രാഥമിക വിള ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്തും. വീട്ടിലൊരു നാട്ടുമാവ് പദ്ധതിയിലൂടെ നീലേശ്വരം ഗോമാങ്ങയുടെ  പ്രചാരണത്തിന് ഒരു ലക്ഷം രൂപ നൽകും .  തരിശുഭൂമികൾ കണ്ടെത്തി  തൊഴിലുറപ്പ് പദ്ധതിയും  സന്നദ്ധപ്രവർത്തകരെയും പ്രയോജനപ്പെടുത്തി പച്ചക്കറി, കപ്പ, വാഴ, പൂക്കൾ തുടങ്ങിയവയുടെ കൃഷി പ്രോത്സാഹിപ്പിക്കും. വീട്ടുവളപ്പിൽ പച്ചക്കറിത്തോട്ടം പദ്ധതിക്ക് ഒരു ലക്ഷം നൽകും.
പാലായി, പട്ടേന പാടശേഖരങ്ങളിൽ കുളം നവീകരിച്ച് കനാൽ വഴി കൃഷിക്ക് വെള്ളം എത്തിക്കുന്നതിനും കൃഷിസാമഗ്രികൾ എത്തിക്കുന്നതിന് ആവശ്യമായ റോഡ് നിർമാണത്തിനും 30 ലക്ഷം വകയിരുത്തും. 
ക്ഷീരകർഷകർക്ക് കാലിത്തീറ്റയും പാൽ സബ്സിഡിയും നൽകുന്നതിന് 10 ലക്ഷം അനുവദിക്കും.
യോഗയും വ്യായാമവും പരിശീലിപ്പിക്കുക,  ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കുക,  ഒന്നും രണ്ടും ഘട്ട കാൻസർ നിയന്ത്രണ പ്രതിരോധമാർഗങ്ങൾ നടപ്പാക്കുക,  പാലിയേറ്റീവ് പരിചരണം തുടങ്ങിയ മാർഗങ്ങളിലൂടെ  ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുന്നതിനുള്ള  ഹെൽത്തി നീലേശ്വരം പ്രോജക്ടിനായി 10 ലക്ഷം രൂപയും പോസ്റ്റ് കോവിഡ് ക്ലിനിക്കിന് 5 ലക്ഷവും നൽകും.
നീലേശ്വരം താലൂക്ക് ആശുപത്രിയിൽ മരുന്ന്,  ലാബ് അനുബന്ധ സാമഗ്രികൾ ലഭ്യമാക്കുന്നതിന് 50 ലക്ഷം രൂപയും ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനത്തിനായി  20 ലക്ഷം രൂപയും അനുവദിക്കും.  തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അനുബന്ധ പ്രവർത്തനങ്ങൾക്ക് 15 ലക്ഷം, കേന്ദ്രം മുഴുവൻ സമയം പ്രവർത്തിപ്പിക്കുന്നതിന് 10 ലക്ഷം,   തൈക്കടപ്പുറം ഹോമിയോ ആശുപത്രിക്കും പാലായി ആയുർവേദാശുപത്രിക്കും കെട്ടിടനിർമ്മാണത്തിന് 10 ലക്ഷം,  കാര്യങ്കോട് നഗര ആരോഗ്യ കേന്ദ്രം വിപുലീകരിക്കാൻ 5 ലക്ഷം,  എൻ.കെ.ബി.എം ആശുപത്രിയിൽ   കുട്ടികളുടെ ക്ലിനിക്ക് ആരംഭിക്കുന്നതിന്  10 ലക്ഷം , പാലിയേറ്റീവ് പദ്ധതി 20 ലക്ഷം,  വയോമിത്രം പദ്ധതി 10 ലക്ഷം  എന്നിങ്ങനെ തുക  മാറ്റിവയ്ക്കും. 
ഇഎംഎസ് സ്റ്റേഡിയത്തിന്റെ പരിപാലനത്തിനും  ചിറപ്പുറം നഗരസഭാ സ്റ്റേഡിയം നവീകരണത്തിനും പത്തുലക്ഷം രൂപ വീതം  മാറ്റിവയ്ക്കും. ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, നീന്തൽ മേഖലകളിലെ പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകും .  പാലായി മിനി സ്റ്റേഡിയം പ്രാരംഭ പ്രവൃത്തികൾക്കായി 10 ലക്ഷം നൽകും .
കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി നഗരസഭ കേന്ദ്രീകരിച്ച് കൗൺസിലിംഗ് സെൻറർ ആരംഭിക്കും.  പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിനുള്ള പരിശീലനം നൽകും . പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകുന്ന മികവ് പദ്ധതി നടപ്പാക്കും. 
സ്കൂളുകളിൽ ജിയോ ലാബ് സ്ഥാപിക്കും. ക്ലാസുമുറികളുടെ ഹൈടെക് വത്കരണം പൂർത്തിയാക്കാൻ 10 ലക്ഷം വകയിരുത്തും.
ഗ്രന്ഥശാലാ സംഘത്തിൽ അഫിലിയേറ്റ് ചെയ്ത വായനശാലകൾക്ക് കമ്പ്യൂട്ടർ, പ്രോജക്റ്റർ, സ്ക്രീൻ , ഇന്റർനെറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്താൻ 15 ലക്ഷം നൽകും.  അഭ്യസ്ഥവിദ്യരായ ഉദ്യോഗാർത്ഥികൾക്ക് സിവിൽ സർവീസ് നിലവാരത്തിലുള്ള പരിശീലനം (3 ലക്ഷം), പെൺകുട്ടികൾക്ക് കായിക പരിശീലനം ( ഒരു ലക്ഷം), പുതിയ നഗരസഭാ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ഫ്രീ ഇന്റർനെറ്റ് സോൺ (2 ലക്ഷം) എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്.

പുതിയ തലമുറയ്ക്ക് നീലേശ്വരത്തെ സാംസ്കാരികചരിത്രം തൊട്ടറിയാൻ സഹായിക്കുന്ന കൾച്ചറൽ കോറിഡോർ രൂപപ്പെടുത്താൻ  5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പടിഞ്ഞാറ്റംകൊഴുവൽ അരയാൽ തറയിൽ നിർമ്മിക്കുന്ന ഗാന്ധിസ്മൃതി മണ്ഡപം പൂർത്തീകരണത്തിനായി 5 ലക്ഷം രൂപ നൽകും .
കോട്ടപ്പുറം ടൗൺ ഹാളിൽ ഫർണിച്ചർ അടക്കം അനുബന്ധ സൗകര്യങ്ങൾ സജ്ജീകരിക്കുന്നതിന് 10 ലക്ഷം രൂപ ചെലവഴിക്കും. 
വനിതാശിശുക്ഷേമ മേഖല 1.28 കോടി രൂപയാണ് ഈ വർഷം ചെലവഴിക്കുക.
സ്വന്തമായി കെട്ടിടം ഇല്ലാത്ത കോട്ടപ്പുറം, തെരു, തട്ടാച്ചേരി, തൈക്കടപ്പുറം അംഗൻവാടികൾക്ക് കെട്ടിടം നിർമ്മിക്കുന്നതിന് നഗരസഭാ വിഹിതമായി 10 ലക്ഷം രൂപ നൽകും. മുഴുവൻ അംഗൻവാടികളും ഹൈടെക് ആക്കുന്നതിനു 30 ലക്ഷം രൂപ വകയിരുത്തും. 
കച്ചേരിക്കടവിൽ കുട്ടികളുടെ പാർക്കും വയോജന പാർക്കും നിർമ്മിക്കാൻ 5 ലക്ഷവും വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനായി കലാമേളകൾ സംഘടിപ്പിക്കുന്നതിന് 50,000 രൂപയും വകയിരുത്തിയിട്ടുണ്ട്.
സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുന്ന വാതിൽപടി സേവന പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് രണ്ട് ലക്ഷം രൂപ അനുവദിക്കും
ലൈഫ് ഭവന നിർമ്മാണ പദ്ധതിക്കുവേണ്ടി നഗരസഭാ വിഹിതമായി ഒരു കോടി രൂപ കണ്ടെത്തും. 
പുതിയ ബഡ്സ് സ്കൂൾ കെട്ടിടത്തിൽ ഫർണിച്ചറിനായി 5 ലക്ഷം,
കുടുംബശ്രീ വനിതകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾക്ക് 10 ലക്ഷം, പ്രവാസികൾ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് സബ്സിഡി നൽകുന്നതിന് പത്ത് ലക്ഷം എന്നിങ്ങനെ മാറ്റിവയ്ക്കും.
നികുതി ശോഷണം തടഞ്ഞും  സമയബന്ധിതമായി നികുതി വസൂലാക്കിയും സാധ്യമായ പുതിയ വരുമാന സ്രോതസുകൾ കണ്ടെത്തി നഗരസഭയുടെ ധനാഗമ മാർഗ്ഗങ്ങൾ വിപുലപ്പെടുത്തുമെന്നും കുറഞ്ഞ സമയത്തിനുള്ളിൽ പരാതി രഹിതമായി സേവനങ്ങൾ നൽകുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും ബജറ്റ് അവതരിപ്പിച്ചു കൊണ്ട് വൈസ് ചെയർമാൻ മുഹമ്മദ് റാഫി  പറഞ്ഞു.

പോയ ഒരു വർഷം കോവിഡ് മഹാമാരി വരുത്തിവെച്ച പ്രതിസന്ധികൾക്കിടയിലും കരുതലോടെ ചുവടുവയ്ക്കാൻ നഗരസഭ സാധിച്ചിട്ടുണ്ട്. വാർഷിക പദ്ധതി പ്രവർത്തനങ്ങളിലൂടെയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങളോട്  ചേർന്നു നിന്നുകൊണ്ടും ഏതൊക്കെ വഴികളിലൂടെ വികസനം കൊണ്ടു വരാൻ സാധിക്കുമോ അത്തരം വഴികളിലൂടെയെല്ലാം നാടിന്റെ വികസനം സാധ്യമാക്കുക എന്നതാണ് ഭരണസമിതി ഉദ്ദേശിക്കുന്നത്. നീലേശ്വരത്ത് ജനതയെ പരിപൂർണ്ണ വിശ്വാസത്തിലെടുത്ത് കൊണ്ടാവും വികസന പദ്ധതികൾ നടപ്പാക്കുകയെന്ന്  ആമുഖ പ്രസംഗത്തിൽ ചെയർ പേഴ്സൺ ടി.വി. ശാന്ത പറഞ്ഞു.
Reactions

Post a Comment

0 Comments