കാഞ്ഞങ്ങാട് :കാല്‍നൂറ്റാണ്ട് കൊണ്ട് കുടുംബശ്രീ കേരളത്തില്‍ ഉണ്ടാക്കിയ മാറ്റം സമഗ്രമായ സ്ത്രീശാക്തീകരമാണെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്. കന്നഡ മേഖലയിലെ വനിതകളുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് കുടുംബശ്രീ നടപ്പിലാക്കുന്ന പദ്ധതിയായ കന്നഡ സ്‌പെഷ്യല്‍ പ്രോജക്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കന്നഡ മേഖലയ്ക്ക് വേണ്ടി ഇത്തരമൊരു നീക്കം നടത്തിയ കുടുംബശ്രീയെ മന്ത്രി അഭിനന്ദിച്ചു. കുടുംബശ്രീ പെണ്‍കരുത്തിന്റെ മഹാപുസ്തകമാണ്. അരക്കോടിയോളം വനിതകള്‍ സംസ്ഥാനത്ത് കുടുംബശ്രീയില്‍ അംഗങ്ങളായിട്ടുണ്ട്. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി കുടുംബശ്രീ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി.
ലോകം ശ്രദ്ധിച്ച കേരളത്തിന്റെ വിജയകഥയാണ് കുടുംബശ്രീ. കേരളത്തെ ഇന്ന് നയിക്കുന്ന സ്ത്രീകളില്‍ പലരും കുടുംബശ്രീയിലൂടെ ഉയര്‍ന്നുവന്നവരാണ്. സ്വന്തമായി വരുമാനം നേടാന്‍ ലക്ഷകണക്കിന് സ്ത്രീകളെ കുടുംബശ്രീ പ്രാപ്തരാക്കി. കക്ഷിരാഷ്ട്രീയ ഭേദമന്യേ നിരവധി ജനപ്രതിനിധികളെയും നേതാക്കളെയും കുടുംബശ്രീ സൃഷ്ടിച്ചു. കന്നഡ മേഖലയിലെ സാഹിത്യ കല മേഖലയ്ക്ക് എല്ലാവിധ പിന്തുണയും കുടുംബശ്രീയുടെ ഭാഗത്ത് നിന്നുണ്ടാവും. യുവസ്ത്രീജനങ്ങള്‍ക്ക് വേണ്ടി ഷീ സ്റ്റാര്‍ട്‌സ് പദ്ധതികള്‍ വിപുലീകരിക്കും. ഇന്ത്യയിലെ തന്നെ ആദ്യത്തെ ജലമെട്രോയുടെ ടിക്കറ്റിങ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത് കുടുംബശ്രീ പ്രവര്‍ത്തകരാണ്. ഏത് പ്രൊഫെഷണല്‍ മേഖലയെക്കാളും മികവ് കുടുംബശ്രീയ്ക്കുണ്ടെന്നും മന്ത്രി പറഞ്ഞു.
ചായ്യോത്ത് മാ കെയര്‍ സെന്റര്‍ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു
ചായ്യോത്ത് കുടുംബശ്രീ രജത ജൂബിലി വര്‍ഷത്തില്‍ സംയോജന സാധ്യത പ്രയോജനപ്പെടുത്തി നടപ്പിലാക്കുന്ന നൂതന പദ്ധതി മാ കെയര്‍ സെന്റര്‍, ഒരു വീട് ഒരു കാര്‍ഷിക യന്ത്രം, കെശ്രീ ബ്രാന്റ് ചായ്യോത്ത് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായി. കുടുംബശ്രീയും ജില്ലാ പഞ്ചായത്തുമാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ വിശദീകരണം കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സി.എച്ച്.ഇക്ബാലും മാകെയര്‍ സെന്റര്‍ സംരംഭകര്‍ക്കുള്ള സബ്ബ്‌സിഡി വിതരണം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മിയും കെശ്രീ ബ്രാന്റ് ഉത്പന്നം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂരും നിര്‍വ്വഹിച്ചു. കെ.ശകുന്തള സി.വി.പ്രമീള, ടി.പി.ശാന്ത, കെ.വി.ഷൈജമ്മ ബെന്നി, പി.അജിത് കുമാര്‍, പി.ധന്യ, ആര്‍.സി.രജനി ദേവി, കെ.ഉഷാ രാജു, റീത്ത, മുഹമ്മദ് അഷറഫ്, ഷീബ, പാറക്കോല്‍ രാജന്‍, കുര്യാക്കോസ് പ്ലാപ്പറമ്പന്‍, പി.ടി. നന്ദകുമാര്‍, രാഘവന്‍ കൂലേരി എന്നിവര്‍ സംസാരിച്ചു. കിനാനൂര്‍ - കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി സ്വാഗതവും ചായ്യോം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് സി.ബിജു നന്ദിയും പറഞ്ഞു. ജില്ലയിലെ കുടുംബശ്രീ സ്ഥാപക നേതാക്കളായ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി എന്നിവരെ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു.
0 Comments