മാലക്കല്ല്: പുഴുവരിച്ച കോഴിക്കറി വിതരണം ചെയ്തതായ പരാതിയെ തുടര്‍ന്ന് മാലക്കല്ലിലെ ബിഗ്ഗസ്റ്റ് ഫാമിലി റസ്റ്റോറന്റ് ആന്‍ഡ് കൂള്‍ബാര്‍ എന്ന സ്ഥാപനം രാജപുരം പോലീസ് അടച്ചു പൂട്ടി സീല്‍ ചെയ്തു. ഇന്നലെ ആരോഗ്യ, ഭക്ഷ്യ സുരക്ഷ, പോലീസ്, പഞ്ചായത്ത് വകുപ്പുകള്‍ സംയുക്തമായി ഇവിടെ നടത്തിയ പരിശോധനയില്‍ പഴകിയതെന്ന് സംശയിക്കുന്ന ഭക്ഷണസാധനങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ചു. ഇവ പരിശോധനയ്ക്കായി കോഴിക്കോട്ടെ റീജിയണല്‍ അനലിറ്റിക്കല്‍ ലാബിലേക്കയച്ചു. ഹോട്ടലില്‍ സൂക്ഷിച്ചിരുന്ന ഇറച്ചിയും മീനും പിടിച്ചെടുത്ത് നശിപ്പിച്ചു.
തിങ്കളാഴ്ച രാത്രിയാണ് ഹോട്ടലില്‍ നിന്നു ലഭിച്ച കോഴിക്കറിയില്‍ പുഴുവരിച്ച കഷണങ്ങള്‍ കണ്ടെത്തിയതായി പരാതി ഉയര്‍ന്നത്. തുടര്‍ന്ന് രാത്രി തന്നെ പോലീസ് ഹോട്ടലില്‍ പരിശോധന നടത്തി പൂട്ടി സീല്‍ ചെയ്യുകയായിരുന്നു.
ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ ബിനു ഗോപാല്‍, അനൂപ് ജോസ്. പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി.സി.നിഷോകുമാര്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.വിമല, ജോബി ജോസഫ്, സി.മനോജ് കുമാര്‍, സി.പി.അജിത്ത്, സുരജിത് എസ്.രഘു, രാജപുരം എസ്ഐ മുരളീധരന്‍, എഎസ്ഐ ചന്ദ്രന്‍, കള്ളാര്‍ പഞ്ചായത്ത് ക്ലാര്‍ക്ക് അബ്ദുള്ള എന്നിവര്‍ ചേര്‍ന്നാണ് ഇന്നലെ പരിശോധന നടത്തിയത്. കോഴിക്കോട് നിന്നുള്ള റിപ്പോര്‍ട്ട് കൂടി കിട്ടിയശേഷം കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
0 Comments