കാസർകോട് :
നവകേരള നിര്‍മ്മിതിയുടെ അടുത്ത ഘട്ടത്തിലേക്കുള്ള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന് ജില്ലയില്‍ നാളെ (നവംബര്‍ 18) തുടക്കം. ആദ്യ വേദിയായായ മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 30 മീറ്റര്‍ ഉയരത്തില്‍ ജര്‍മ്മന്‍ പന്തലാണ് സദസ്സിനായി ഒരുക്കിയത്. കാസര്‍കോടിന്റെ തനത് കലാരൂപങ്ങള്‍ കൊണ്ട് അലങ്കരിച്ചതാണ് പ്രധാന കവാടം. പ്രധാന പാതകള്‍ ദീപാലങ്കാരത്താലും തോരണത്താലും ഭംഗിയാക്കി. നവകേരള സദസ്സിന് മുന്നോടിയായി ഉച്ചക്ക് രണ്ട് മുതല്‍ യക്ഷഗാനം, സംഘ നൃത്തം, ഭരതനാട്യം, തിരുവാതിര, മാപ്പിളപ്പാട്ട്, കൈകൊട്ടിക്കളി തുടങ്ങി വിവിധ കലാപരിപാടികള്‍ നടക്കും. വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള സദസ് ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി കെ.രാജന്‍ അദ്ധ്യക്ഷത വഹിക്കും. ഡിസംബര്‍ 23ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് സമാപനം. മഞ്ചേശ്വരം മണ്ഡലം നവകേരള സദസ്സ് പ്രചരണാര്‍ത്ഥം വെള്ളിയാഴ്ച വിളംബര ഘോഷയാത്രയും മഞ്ചേശ്വരത്തിന്റെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കലാ പരിപാടികളും അരങ്ങേറി.
പൈവളിഗെ പഞ്ചായത്ത് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു
ജില്ലയില്‍ നവംബര്‍ 18,19 തീയതികളിലായി നടക്കുന്ന നവകേരള സദസ്സിന്റെ ആദ്യ വേദിയായ മഞ്ചേശ്വരം മണ്ഡലത്തിന്റെ പ്രചരണാര്‍ത്ഥം വിളംബര ഘോഷയാത്ര നടത്തി. പൈവളിഗെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഘോഷയാത്രയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, സംഘാടക സമിതി കണ്‍വീനറായ ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥ്, പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍.ജയാനന്ദ,
പുത്തിഗെ പ്രസിഡന്റ് സുബ്ബണ്ണ ആള്‍വ, പൈവളികെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയന്തി, വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഭാരതി തുടങ്ങിയവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി. ജനപ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവര്‍ പങ്കെടുത്തു.
ചേവാര്‍ റോഡിൽ
ആരംഭിച്ച് പൈവളിഗെ അവസാനിച്ച ഘോഷയാത്ര ജനപങ്കാളിത്തം കൊണ്ടും കലാപ്രകടനങ്ങള്‍ കൊണ്ടും മികച്ചതായി.
കേരള വസ്ത്രം അണിഞ്ഞ സ്ത്രീകള്‍, മുത്തു കുടകള്‍, വാദ്യമേളങ്ങള്‍, ഒപ്പന, യക്ഷഗാനം തുടങ്ങിയ വിവിധ ഇനം വേഷങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍, എന്നിവ ഘോഷയാത്രയ്ക്ക് മാറ്റേകി.
നവകേരള സദസ്സ് സംസ്ഥാന തല ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് 3.30ന് മഞ്ചേശ്വരം പൈവളിഗെ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും.സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ഭാവി പ്രവര്‍ത്തനങ്ങളും ജനങ്ങളിലേക്കെത്തിക്കാനും ജനങ്ങളുമായി സംവദിക്കാനുമായി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും നവകേരള സദസ്സ് സംഘടിപ്പിക്കും.
മഞ്ചേശ്വരത്തിന്റെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കലാ പരിപാടികള്‍ അരങ്ങേറി
മഞ്ചേശ്വരം മണ്ഡലം നവ കേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം പുത്തിഗെ വിദ്യാലയത്തിലെ കുട്ടികളുടെയും, പ്രാദേശിക കലാകാരന്മാരുടെയും, കൈരളി പട്ടുറുമാല്‍ പരിപാടിയിലൂടെ പ്രശസ്തരായ കലാകാരന്മാരുടെയും കലാപരിപാടികള്‍ അരങ്ങേറി. മഞ്ചേശ്വരം നവകേരള സദസ്സിന് വേദിയാകുന്ന പൈവളിഗെ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് കലാപരിപാടികള്‍ അരങ്ങേറിയത്. യക്ഷഗാനം, തിരുവാതിര ഒപ്പന, ഭരതനാട്യം, മോഹിനിയാട്ടം മാപ്പിളപ്പാട്ട് തുടങ്ങിയ കലാപരിപാടികളാണ് അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, മുന്‍ എം.പി പി.കരുണാകരന്‍, സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥ്, വിവി രമേശൻ എന്നിവര്‍ പങ്കെടുത്തു.
0 Comments