കാഞ്ഞങ്ങാട് : ടൂറിസ്റ്റ്കേന്ദ്രമായറാണിപുരം ഫോറസ്റ്റിൽ നായാട്ടിനിടെ അറസ്റ്റിലായ അഞ്ചംഗ നായാട്ടു സംഘത്തിന് കീഴ്കോടതി അനുവദിച്ച ജാമ്യം കാസർകോട് ജില്ലാ കോടതി റദ്ദാക്കി. കള്ളത്തോക്കും തിരകളും വാഹനവുമടക്കം പിടിയിലായ പനത്തടി സ്വദേശികളായ പുത്തൻപുരയിൽ സെൻ്റിൽ ജോർജ് 35, പുത്തൻപുരയിൽ ജോസ് ജോസഫ് 56,ഞാറക്കാട്ട് സോണി തോമസ് 53, അജു മാത്യു 35, തൃശൂർ സ്വദേശി റിച്ചാർഡ് എൽദോസ് എന്നിവർക്ക് ഹോസ്ദുർഗ് മജിസ്ട്രേറ്റ്കോടതി നൽകിയ ജാമ്യമാണ് റദ്ദാക്കിയത്. കഴിഞ്ഞ മാസം 13ന് പനത്തടി ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ബി.സേസപ്പ,ബി.എഫ്.ഒ വിഷ്ണു കൃഷ്ണൻ, എം വിനീത്, ഡി. വിമൽ രാജ്, പ്രവീൺ കുമാർ, എൻ.കെ. സന്തോഷ്,ഗിരീഷ് കുമാർ എന്നിവർ ചേർന്ന് പിടികൂടിയ നായാട്ട് സംഘത്തിനാണ് ജാമ്യം ലഭിച്ചത്. പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ വനപാലകർ മേൽ കോടതിയെ സമീപിക്കുകയായിരുന്നു. ഈ അപ്പീലിലാണ് ഫോറസ്റ്റിന് അനുകൂലമായി വിധി വന്നത്. ഒരു കള്ളതോക്ക്, ഏഴ് തിരകൾ, കർണാടക റജിസ് ട്രേഷൻ മഹീന്ദ്ര ജീപ്പ് ഉൾപെടെ സംഘത്തിൽ നിന്നും പിടികൂടിയിരുന്നു. വനത്തിനുള്ളിൽ മൃഗവേട്ടക്കിടെയായിരുന്നു സംഘം പിടിയിലായത്. വനപാലകർ റജിസ്ട്രർ ചെയ്ത കേസിൽ കോടതി ജാമൃമനുവദിച്ചെങ്കിലും കള്ളത്തോക്കും തിരകളും സൂക്ഷിച്ചതിന് വനപാലകർ നൽകിയ പരാതിയിൽ രാജപുരം പൊലീസ് മറ്റൊരു കേസ് റജിസ്ട്രർ ചെയ്തിരുന്നു. ഈ കേസിൽ അറസ്റ്റിലായ പ്രതികളെ മജിസ്ട്രേറ്റ് കോടതി റിമാൻ്റ് ചെയ്തതിനെ തുടർന്ന് ഇപ്പോൾ റിമാൻ്റിലാണുള്ളത്. ജില്ലാ കോടതി ഉത്തരവ് പ്രകാരം വനപാലകർ റജിസ്ട്രർ ചെയ്ത കേസിലും പ്രതികൾ ഇനി റിമാൻ്റിൽ കഴിയേണ്ടി വരും.
0 Comments