കാഞ്ഞങ്ങാട് : കെ.എസ്.ആർ.ടി.സി ബസിൽ കാഞ്ഞങ്ങാട് ഭാഗത്തേക്ക് കഞ്ചാവ് കടത്തിക്കൊണ്ട് വരികയായിരുന്ന യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പടന്നക്കാട് ലക്ഷം വീട് സ്വദേശിയും ഹോസ്ദുർഗ് സ്കൂൾ റോഡിൽ പുഞ്ചാവി ക്വാർട്ടേഴ്സിൽ താമസിക്കുന്ന കെ.എം. അഷറഫിനെ 36 യാണ് അറസ്റ്റ് ചെയ്തത്. ബസിനകത്ത് ഉണ്ടായിരുന്ന യുവാവിൻ്റെ ബാഗിൽ നിന്നും 800 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെത്തി. മേൽപ്പറമ്പ് എസ്.ഐ വി .കെ. അനീഷിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്. കാസർകോട് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കെ.എൽ 15 എ 177 നമ്പർ ബസിൽ നിന്നു മാണ് പ്രതിയെ പിടികൂടിയത്. സംശയകരമായ സാഹചര്യത്തിൽ ഒരാൾ ഈ ബസിലിരുന്ന് പണം എണ്ണുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ചട്ടഞ്ചാലിൽ പൊലീസ് ബസ് തടഞ്ഞു നിർത്തി. കണ്ടക്ടർ പണം എണ്ണിയ ആളെ കാണിച്ചു നൽകിയതിൽ 53 കാരനായ യാത്രക്കാരനെ ചോദ്യം ചെയ്തു. അർബുദ രോഗിയാണെന്നും തിരുവനന്തപുരം സ്വദേശിയാണെന്നും പൊലീസിനെ അറിയിച്ചു. സഹായമായി പലരും നൽകിയതുകയാണിതെന്ന് ഇദ്ദേഹം പറഞ്ഞു. ഈ സമയം തൊട്ട് പിന്നിലെ സീറ്റിലിരിക്കുകയായിരുന്ന യുവാവ് പൊലീസിനെ കണ്ട് പരുങ്ങി. ലഗേജ് സൂക്ഷിക്കുന്ന മുകൾ ഭാഗത്തെ റാക്കി ലേക്ക് യുവാവ് നോക്കുന്നത് കൂടി കണ്ട പൊലീസ് സംശയം തീർക്കുന്നതിനാണ് ബാഗ് പരിശോധിച്ചത്. ഉണങ്ങിയ പൂവും തണ്ടു മടങ്ങിയ കഞ്ചാവായിരുന്നു ബാഗിൽ കടലാസിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്നത്. ബസിനെ വിട്ടയച്ച ശേഷം യുവാവിനെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടാണ് സംഭവം.
0 Comments