കൽപറ്റ: ദുരിത ബാധിതർ
ക്കൊപ്പം നിൽക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളം ഒറ്റക്കല്ല. ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യും. എല്ലാ സഹായവും ചെയ്യുമെന്നും പറഞ്ഞു.
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമേഖല സന്ദർശനം പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർത്തിയാക്കി. ഹെലികോപ്ടറില്‍ ദുരന്തമേഖലകളില്‍ ആകാശനിരീക്ഷണം നടത്തി. ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ ആകാശത്തുനിന്ന് നോക്കിക്കണ്ടു.
മൂന്ന് ഹെലികോപ്ടറുകളിലായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ഉദ്യോഗസ്ഥ സംഘവും അനുഗമിച്ചു. ദുരന്തമേഖലയിലെ ആകാശനിരീക്ഷണത്തിനുശേഷം പ്രധാനമന്ത്രി കൽപറ്റയിലെ എസ്.കെ.ജെ.എം സ്‌കൂൾ ഗ്രൗണ്ടിൽ ഇറങ്ങി. ഇവിടെനിന്ന് റോഡ് മാർഗം മേപ്പാടിയിലേക്കു എത്തി. ദുരിതാശ്വാസ ക്യാംപുകളും ആശുപത്രികളും സന്ദർശിച്ചു.
ഇതിനുശേഷം കല്‍പറ്റയില്‍ കലക്ടറേറ്റിലേക്ക് എത്തി. ഇവിടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേർന്നു. മുഖ്യമന്ത്രി, കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. ദുരന്തത്തിന്‍റെ വ്യാപ്തി വ്യക്തമാക്കുന്ന സ്ക്രീന്‍ പ്രസന്‍റേഷന്‍ ചീഫ് സെക്രട്ടറി അവതരിപ്പിച്ചു. മേഖലയുടെ പുനര്‍നിര്‍മാണവും പുനരധിവാസവും ഉള്‍പ്പെടെ സംസ്ഥാനം തയാറാക്കിയ പദ്ധതികള്‍ അവതരിപ്പിച്ചു. ദേശീയ-അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം മുഖ്യമന്ത്രി മുന്നോട്ടുവച്ചു.
ഇന്നു രാവിലെ 11 മണിയോടെയാണ് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തില്‍ ഇറങ്ങിയത്. വിമാനത്താവളത്തില്‍നിന്ന് ഉടന്‍ തന്നെ വ്യോമസേനാ ഹെലികോപ്ടറിൽ വയനാടിലെ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് പുറപ്പെടുകയായിരുന്നു. 4.55നാണ് യോഗം അവസാനിച്ച് പ്രധാനമന്ത്രി മടങ്ങിയത്. 2000 കോടിയായിരുന്നു കേരളം ആവശ്യപ്പെട്ടത്. എന്നാൽ ഇന്ന് പ്രഖ്യാപനം ഉണ്ടായില്ല. പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങി.
0 Comments