Ticker

6/recent/ticker-posts

ഉമ്മയെ കാണാൻ 100 കിലോമീറ്റർ താണ്ടി കാഞ്ഞങ്ങാട്ടെത്തി, കടവരാന്തയിൽ വിങ്ങിപൊട്ടിയ 12 വയസുകാരന് തുണയായി പൊലീസും ഹോം ഗാർഡും

കാഞ്ഞങ്ങാട്: ഉമ്മയെ കാണാൻ കടവരാന്തയിൽ വിങ്ങിപൊട്ടി നിൽക്കുകയായിരുന്ന പന്ത്രണ്ട് വയസുകാരന് തുണയായി ഹോം ഗാർഡും പൊലീസും. മാതാവിനെ തേടി നൂറ് കിലോമീറ്ററിലേറെ താണ്ടി കാഞ്ഞങ്ങാട്ടെത്തിയതാണ് കുട്ടി. മൂന്ന് ദിവസം മുൻപ് കർണാടകയിലെ അനാഥാലയത്തിലെ പ0ന സ്ഥലത്താക്കി മടങ്ങിയതായിരുന്നു മാതാവ്. തിങ്കളാഴ്ച രാത്രി 8 മണിയോടെ നഗരത്തിലെ കട വരാന്തയിൽ പരിഭ്രമിച്ച് നിൽക്കുകയായിരുന്ന സുള്ള്യ തംബാജെ സ്വദേശിയായ കുട്ടിക്കാണ് നിയമപാലകർ തുണയായത്. യതീംഖാന സ്ഥാപനത്തിൽ പഠിക്കുകയായിരുന്ന കുട്ടിയാണ് ആരോടും പറയാതെ മാതാവിനെ അന്വേഷിച്ചിറങ്ങിയത്. പിതാവിന്റെ മരണശേഷം മാതാവ് രണ്ടാം വിവാഹം നടത്തി കാഞ്ഞങ്ങാട് താമസിച്ചുവരികയായിരുന്നു.മാതാവിനെ വേർതിരിഞ്ഞുനിൽക്കുന്നത് സഹിക്കാൻ കഴിയാതെയായിരുന്നു കുട്ടി കാഞ്ഞങ്ങാട് എത്തിയത്. ബസിലാണ് കാഞ്ഞങ്ങാട്ടെ എത്തിയത് . കാഞ്ഞങ്ങാട്ട് എവിടെയോ യാണ് മാതാവ് താമസിക്കുന്നതെന്ന് മാത്രമെ കുട്ടിക്കറിയാമായിരുന്നുള്ളൂ. എങ്ങോട്ട് പോകണമെന്നറിയാതെ നിൽക്കുകയായിരുന്നു കുട്ടി. ടൗണിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് ചന്ദ്രൻ വിവരമറിഞ്ഞ് കുട്ടിയുടെ അടുത്തെത്തി. കാര്യങ്ങൾ തിരക്കിയപ്പോൾ 12 കാരൻ വിങ്ങി പൊട്ടുകയായിരുന്നു.കുടുംബ പശ്ചാത്തലവും മാതാവിനെ വിട്ട് താമസിക്കുന്നതുമായ സങ്കടകരമായ കാര്യങ്ങൾ വിവരിച്ചതോടെ ഹോം ഗാർഡിനും പ്രയാസമായി. മാതാവിൻ്റെ മൊബൈൽ ഫോൺ നമ്പർ കുട്ടി നൽകിയതനുസരിച്ച് ഹോം ഗാർഡ് ഈ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ നമ്പർ പ്രവർത്തന രഹിതമായിരുന്നു. ഇതേ തുടർന്ന് അപ്പോൾ തന്നെ വിവരം പൊലീസിൻ്റെ ട്രാഫിക് കൺട്രോൾ റൂമിൽ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസുകാർ കുട്ടിയെ ആശ്വസിപ്പിച്ച് എത്ര വൈകിയാലും മാതാവിനെ കണ്ടുപിടിച്ച് നൽകാമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു.പിന്നീട് തീരദേശം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പലരെയും വിളിച്ച് സഹായം തേടിയതോടെ മാതാവ് താമസിക്കുന്ന സ്ഥലം കണ്ടെത്തി. തുടർന്ന് കുട്ടിയെ മാതാവിനെ ഏൽപ്പിച്ചു.

Reactions

Post a Comment

0 Comments