കാഞ്ഞങ്ങാട്: ഗ്രൂപ്പ് ലോൺ നൽകാമെന്ന് പറഞ്ഞ് സ്ത്രീകളുടെ പണം തട്ടിയെടുത്ത് തട്ടിപ്പുകാരൻ അപ്രത്യക്ഷനായി. നിരവധി സ്ത്രീകളുടെ പണം നഷ്ടപ്പെട്ടു. കണ്ണൂർ ബ്രാഞ്ച് ഫിനാൻസ് എന്ന കമ്പനിയുടെ പേരിലാണ് തട്ടിപ്പ്. ഗ്രൂപ്പ് ലോൺ നൽകുന്നുണ്ടെന്ന് പറഞ്ഞ് സമീപിച്ചായിരുന്നു വിവിധ പ്രദേശങ്ങളിൽ തട്ടിപ്പ് നടത്തിയത്. ബേക്കലിലും തായന്നൂർ എണ്ണപ്പാറയിലും രാവണീശ്വരം ഭാഗങ്ങളിലും നിരവധി സ്ത്രീകൾ തട്ടിപ്പിനിരയായ തായാണ് വിവരം. തമിഴ് സംസാരിക്കുന്ന യുവാവാണ് ഗ്രൂപ്പ് ലോൺ കമ്പനിയുടെ സ്റ്റാഫെന്ന് പറഞ്ഞ് പരിചയപ്പെടുത്തി വിശ്വാസത്തിലെടുത്ത് പണം വാങ്ങിയത്. 60000 രൂപ ലോണായി നൽകുമെന്നാണ് പറഞ്ഞിരുന്നത്.പണം നഷ്ടപ്പെട്ട എണ്ണപ്പാറ സ്വദേശിനി ഇതു സംബന്ധിച്ച് അമ്പലത്തറ പൊലിസിൽ പരാതി നൽകി. ബേക്കലിൽ നിരവധി പേർക്ക് ലോൺ നൽകിയിട്ടുണ്ടെന്ന് പറഞ്ഞാണ് എണ്ണപ്പാറയിലെ സ്ത്രീകളെ വിശ്വസിപ്പിച്ചത്. അടുത്ത ദിവസം തന്നെ സ്ഥലത്തെത്തുമെന്നും ആധാർ അയച്ചുകൊടുത്ത് 1320 രൂപ വീതം മുത്തുവേൽ എന്ന പേരിൽ അയക്കുവാനും പറഞ്ഞു. ഇതനുസരിച്ച് അക്കൗണ്ട് വഴി പണം അയച്ചു കൊടുത്തവരാണ് വഞ്ചിതരായത്. 1320 രൂപ ഇൻഷുറൻസ് തുകയായാണ് വാങ്ങുന്നതെന്നാണ് പറഞ്ഞത്. ഇതെല്ലാം വിശ്വസിച്ചാണ് പണം നൽകിയത്. അടുത്ത ദിവസം തന്നെ ലോൺ ലഭിക്കുമെന്നും പറഞ്ഞു. എന്നാൽ പണം അയച്ചുകൊടുത്തതിനുശേഷം സ്റ്റാഫെന്ന് പരിചയപ്പെടുത്തിയ യുവാവിനെ വിളിക്കാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തമിഴ്നാട്ടിലെ ഒരു ബാങ്കിലേക്കാണ് പണം പോയതെന്ന് തട്ടിപ്പിനിരയായ സ്ത്രീകൾ പറഞ്ഞു. അക്കൗണ്ടിൽ നിന്ന് ഏതെങ്കിലും ലിങ്ക് വഴി പണം ഉടമ അറിയാതെ പിൻവലിക്കുന്നത് വ്യാപകമായതിനാൽ ഇതിനെതിരെ ബോധവൽക്കരണം നടക്കുന്നതിനിടെയാണ് പണം നേരിട്ടയച്ചു കൊടുക്കാൻ പറഞ്ഞുള്ള തട്ടിപ്പ് നടന്നത്. പരാതി ലഭിച്ച അമ്പലത്തറ പൊലിസ് അന്വേഷണം തുടങ്ങി. നിർദ്ദനരായ സ്ത്രീകൾ പെട്ടന്ന് പണം ലഭിക്കുമെന്ന് വിശ്വസിച്ചായിരുന്നു ഇൻഷൂർ തുക അയച്ചു കൊടുത്തത്. സ്ത്രീകൾ സൈബർ സെല്ലിനെയും സമീപിച്ചിട്ടുണ്ട്.
0 Comments