സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ചെമ്മട്ടം വയലിലെ ജില്ലാ ആശുപത്രിയിൽ പ്രസവരോഗ വാർഡ് നിർത്തലാക്കാൻ നീക്കം. ജില്ലാ ശുപത്രിയുടെ പ്രസവ വാർഡ് പൂർണമായും അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് പറിച്ചുമാറ്റുന്നതിനാണ് ശ്രമം നടക്കുന്നത്. ജില്ലാ പഞ്ചായത്തിന് സർക്കാർ ഇത് സംബന്ധിച്ച് ആലോചനക്കായി നിർദ്ദേശം വന്നതായാണ് വിവരം. മാസങ്ങൾക്ക് മുൻപ് തന്നെ നിർദ്ദേശമെത്തുകയും ജില്ലാ പഞ്ചായത്ത് ഇത് സംബന്ധിച്ച് കൂടിയാലോചനകളും പഠനവും നടത്തിയിട്ടുണ്ട്. ജില്ലാ ശുപത്രിയിൽ പ്രസവ വാർഡ് നിർത്തലാക്കാനുള്ള നീക്കത്തിനെതിരെ സർക്കാർ ഡോക്ടർമാരിൽ നിന്നും അടക്കംഇതിനോടകം പ്രതിഷേധം ഉയർന്നു കഴിഞ്ഞു. പ്രസവ വാർഡ് ഇല്ലാതായാൽ ജില്ലാ ശുപത്രിയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുമെന്ന് വിലയിരുത്തുന്ന വരുണ്ട്. ജില്ലാ ശുപത്രിയുടെ ആവിർഭാവം മുതൽ പ്രസവ വാർഡുണ്ട്. നിലവിൽ ആവശ്യത്തിനുള്ള കെട്ടിടവും ശസ്ത്രക്രിയ നടത്തുന്നതിനുൾപ്പെടെ അത്യാധുനിക സംവിധാനവും ജില്ലാ ശുപത്രിക്കുണ്ട്. മൂന്ന് ഗൈനക്കോളജിസ്റ്റുകളും ആവശ്യത്തിന് ജീവനക്കാരുമുണ്ട്. എന്നിരിക്കെ അനാവശ്യ നീക്കമാണിതെന്നാണ് പരാതി. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങൾക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും. എല്ലാ സൗകര്യവുമുള്ള ജില്ലാ ശുപത്രി പ്രസവ വാർഡ് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം. സൗകര്യ കുറവുള്ള അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് പ്രസവ വാർഡ് മാറ്റുന്നത് രോഗികൾക്ക് വലിയ ബുദ്ധിമുട്ടായി മാറുമെന്ന് സർക്കാർ ഡോക്ടർമാർ ചൂണ്ടിക്കാട്ടി. ജില്ലാ പഞ്ചായത്തിന്റെ അധിനതയിലാണ് ജില്ലാ ആശുപത്രി. അമ്മയും കുഞ്ഞ് ആശുപത്രി കാഞ്ഞങ്ങാട് നഗരസഭയുടെ അധിനിതയിലുമാണുള്ളത്. ജില്ലാ ആശുപത്രിയിൽ നിന്ന് ഗൈനക്കോളജി വിഭാഗം മാറ്റുന്നതിൽ ജില്ലാ പഞ്ചായത്തിന് എതിർപ്പില്ലെ ന്നാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച് സർക്കാരിൽ നിന്ന് നിർദേശങ്ങളൊന്നുമുണ്ടായിട്ടില്ല ന്ന് ആരോഗ്യ വകുപ്പധികൃതരും പറയുന്നു. രണ്ടു ആശുപത്രികളിലും ഗൈനക്കോളജി വിഭാഗം ശക്തമാകണമെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടർമാരും പറയുന്നത്. ജില്ലാ ആശുപത്രിയിൽ മറ്റു വിഭാഗങ്ങൾ സജീവമാകണമെങ്കിൽ ഗൈനക്കോളജി വിഭാഗം ഇവിടെ നിന്ന് മാറിയാൽ നല്ലതെന്ന അഭിപ്രായം ജില്ലാ പഞ്ചായത്ത് അധികൃതർക്കുണ്ട്. കാത്ത് ലാബ്, ന്യൂറോളജി വിഭാഗം എന്നിവ കൂടുതൽ സജീവമാകുമെന്നും ഇവർ പറയുന്നു. അമ്മയും കുഞ്ഞും ആശുപത്രി സജീവമാകുമെന്നും അഭിപ്രായമുണ്ട്. ഈ അഭിപ്രായത്തോടാണ് ഡോക്ടർമാർക്ക് വിയോജിപ്പ്. കുട്ടികളുടെ പരിചരണം കൂടി മുൻനിർത്തിയാണ് അമ്മയും കുഞ്ഞും ആശുപത്രി തുടങ്ങിയത്. ഗൈനക്കോളജി വിഭാഗം പൂർണമായി അങ്ങോട്ട് മാറ്റിയാൽ കുട്ടികളുടെ ചികിത്സയേയും ഇത് ബാധിക്കും. ജില്ലാ ആശുപത്രിയിൽ 36 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം നിലവിൽ ഗൈനക്കോളജി വിഭാഗത്തിലുണ്ട്. അമ്മയും കുഞ്ഞും ആശുപത്രിയിൽ നാല് ഡോക്ടർമാരുടെ സേവനമാണുള്ളത്. ഇപ്പോഴുള്ള അവസ്ഥ തുടർന്നു കൊണ്ടു പോകണമെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം. ജില്ലാ ആശുപത്രിയിൽ നിന്നും ഗൈനക്കോളജി വിഭാഗം അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് മാറ്റിയാൽ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരുടെ എണ്ണം കുറയാനും സാധ്യതയുണ്ട്. പ്രസവ രോഗവിഭാഗം ഒരു സ്ഥലത്ത് കേന്ദ്രീകരിക്കുമ്പോൾ ഡോക്ടർമാരുടെ എണ്ണത്തിലെ സേവനത്തിൽ കുറവുണ്ടാകുമെന്ന സേവനമുണ്ട്. സർക്കാറിൽ നിന്നും നിർദ്ദേശം വന്നു: ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കാഞ്ഞങ്ങാട് : ജില്ലാ ശുപത്രിയിൽ നിന്നും പ്രസവ വാർഡ് മാറ്റുന്നത് സംബന്ധിച്ച് സർക്കാറിൽ നിന്നും മാസങ്ങൾക്ക് മുൻപെ നിർദ്ദേശം വന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ പറഞ്ഞു. പ്രസവ വാർഡ് അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് മാറ്റുന്നതിൽ ജില്ലാ പഞ്ചായത്തിന് എതിർപ്പില്ല. ഇത് ജില്ലാ ശുപത്രിയിൽ കൂടുതൽ സൗകര്യമുണ്ടാക്കും. ചികിൽസ കൂടുതൽ കാര്യക്ഷമമാകും. തീരുമാനമായില്ല: ഡി.എം .ഒ കാഞ്ഞങ്ങാട് : ജില്ലാ ശുപത്രിയിൽ നിന്നും അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് പ്രസവ വാർഡ് മാറ്റുന്നതിൽ തീരുമാനമായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എ. വി.രാംദാസ് മാധ്യമത്തോട് പറഞ്ഞു. സർക്കാർ ഡോക്ടർമാർ നീക്കത്തിനെതിരെ രംഗത്ത് വന്നത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പ്രതികരണം. അനുകൂലിക്കുന്ന വരും എതിർക്കുന്ന വരുമുണ്ട്.
0 Comments