കാഞ്ഞങ്ങാട് : അഞ്ച് മാസം മുൻപ് കാണാതായ ആളെ ആലപ്പുഴയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് സൗത്ത് മൂർക്കൻ കാവിലെ പി. ശിവരാമനെയാണ് കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രീൽ 8 മുതലാണ് കാണാതായത്. സഹോദരൻ നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു. സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷൈജുവെള്ളൂരിൻ്റെ നേതൃത്വത്തിൽ നിരന്തരമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആലപ്പുഴ പൊലീസിൻ്റെ സഹായത്തോടെ കണ്ടെത്തിയത്. നാട്ടിലെത്തിച്ച യുവാവിനെ കോടതിയിൽ ഹാജരാക്കി ബന്ധുക്കൾക്കൊപ്പം വിട്ടു. ബേക്കറി ജോലിക്ക് പോയ ശിവരാമനെ കാണാതായതിൽ ബന്ധുക്കളും വിഷമത്തിലായിരുന്നു. തിരുവനന്തപുരത്തും കർണാടകയുടെ വിവിധ സ്ഥലങ്ങളിലും തീർത്ഥാടന കേന്ദ്രങ്ങളിലുമായി പൊലീസ് നിരന്തര പരിശോധന നടത്തി. ഇനി നിടയിൽ ശിവരാമൻ്റെ ബാഗ് മംഗലാപുരം റെയിൽവെ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മംഗലാപുരത്തെ മലയാളി അസോസിയേഷൻ ബാഗിൽ നിന്നും ലഭിച്ച ബാങ്ക് പാസ് ബുക്കിലെ മേൽവിലാസം കണ്ടെത്തി വിവരം ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചിരുന്നു. മംഗലാപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബാഗ് മോഷണം പോയതാണെന്നും ഇതിന് ശേഷം പ്രയാസമുണ്ടായി ട്രെയിനിൽ കയറി എങ്ങോട്ടെന്നില്ലാതെ പോയതാണെന്ന് ശിവരാമൻ പൊലീസിനോട് പറഞ്ഞു. യുവാവിനെ കണ്ടെത്തിയതോടെ അഞ്ച് മാസത്തെ കാത്തിരിപ്പിന് ഫലം കണ്ട സന്തോഷത്തിലാണ് ബന്ധുക്കൾ.
0 Comments