കാഞ്ഞങ്ങാട് : ജില്ലാ ശുപത്രിയിലെ ഡോക്ടറുടെ വീഴ്ചയെ തുടർന്ന് പത്ത് വയസുകാരന് ഗുരുതര ആരോഗ്യ പ്രശ്നമുണ്ടായതിൽ ഡി.എം.ഒ ഓഫീസിൽ പ്രതിഷേധിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ. യൂത്ത് ലീഗ് നേതാവ് ആറങ്ങാടിയിലെ ഇ.കെ. റമീസ് 37 , ഇട്ടമ്മലിലെ പി.വി.സിദ്ദീഖ് 38, അതി ഞ്ഞാലിലെ പി മുഹമ്മദ് അസ്ക്കർ 36, മാണിക്കോത്തെ എം പി . നൗഷാദ് 44,വടകര മുക്കിലെ സി. വി. സലാം 37, കൊളവയലിലെ കെ.അഹമ്മദ് നദീർ 34 എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ നീതി കിട്ടിയില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിൻ്റെ തീരുമാനമെന്ന് പിതാവ് അശോകൻ പറഞ്ഞു.
ഡോക്ടറുടെ അനാസ്ഥ കാരണം ശസ്ത്രക്രിയയിൽ വിദ്യാർത്ഥിയുടെ കാലിലെ ഞരബ് അറ്റ് പോയ സംഭവത്തിലും, ചികത്സയ്ക്കായ് ഡോക്ടർമാർ കൈക്കൂലി വാങ്ങുന്നതിലും പ്രതിഷേധിച്ച് ജില്ല യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധ സൂചകമായി ഡോക്ടർമാർക്ക് നൽകാൻ നോട്ടുമാലയുമായാണ് പ്രവർത്തകർ ആശുപത്രിൽ എത്തിയത്. സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് മാർച്ച് ഉദ്ഘാടനം ചെയ്തു. കൈക്കൂലി വാങ്ങുന്ന ഡോക്ടർമാരെ യൂത്ത് കോൺഗ്രസ് തെരുവിൽ നേരിടുമെന്നും, സർവീസിൽ തുടരാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയുടെ കെടുകാകാര്യസ്ഥതയാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും ജോമോൻ പറഞ്ഞു. ജില്ല വൈസ് പ്രസിഡന്റ് രാജേഷ് തമ്പാൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഷോണി കെ തോമസ്, സെക്രട്ടറിമാരായ വിനോദ് കപ്പിത്താൻ, മാർട്ടിൻ ജോർജ്, അക്ഷയ എസ് ബാലൻ, മാർട്ടിൻ എബ്രഹാം,കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ എന്നിവർ പ്രസംഗിച്ചു. സിജോ അമ്പാട്ട്, രോഹിത് , മണ്ഡലം പ്രസിഡന്റ്മാരായ വിനീത് , ജോമോൻ ജോസഫ് , ജോബിൻ ജോസ് രാജേഷ് പണംകോട്, അമ്പിളി , അനൂപ് ഓർച്ച തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
കാഞ്ഞങ്ങാട് : ജില്ലാ ആശുപത്രിയിലെ സർജൻ ഡോ. പി. വിനോദ് കുമാറിനെതിരെ വ്യാജ പ്രചാരണമെന്നും ഇതിൽ പ്രതിഷേധിക്കുന്നതായി കെ ജി എം ഒ എ ഘടകം പ്രസ്താവനയിൽ പറഞ്ഞു. സെപ്റ്റംബർ 19 വ്യാഴാഴ്ച 10 വയസ്സുള്ള കുട്ടിയാണ് ഡോ.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ വലതുഭാഗത്തെ ഹെർണിയ (കുടലിറക്കം) ശാസ്ത്രക്രിയക്ക് വിധേയനായത്. ഏതൊരു ശസ്ത്രക്രിയയും പോലെ ഹെർണിയ ഓപ്പറേഷനും അപകടസാധ്യത ഉണ്ട്. ഈ ശാസ്ത്രക്രിയയിൽ ശിര മുറിയുകയും അത് ഉടൻ തന്നെ അദ്ദേഹം തുന്നി കെട്ടുകയും വിദഗ്ധ അഭിപ്രായത്തിന് സർജൻ ഉള്ള ആസ്റ്റർ മിംസ് കണ്ണൂരിലേക്ക് മാറ്റുകയും ചെയ്തു. ആസ്റ്ററിലെ ഡിസ്ചാർജ് സമ്മറി പ്രകാരം ഉചിതമായി ചെയ്യേണ്ട ചികിത്സ ചെയ്തതായും കൂടുതലായി ഒന്നും ചെയ്യേണ്ടതില്ല എന്നും മനസ്സിലാക്കുന്നു. കുട്ടി സുഖം പ്രാപിക്കുകയും ചെയ്തു.ഒരു ഹെർണിയ ശാസ്ത്രക്രിയയിൽ ആകസ്മികമായ സങ്കീർണതകളിൽ ഒന്നുമാത്രമാണ് ഇത് എന്നും അത് പരിഹരിക്കേണ്ട നടപടികൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുമുണ്ട്. ഇക്കാര്യത്തിൽ ബന്ധുക്കൾക്ക് ഏതെങ്കിലും തരത്തിലുള്ള പരാതിയുണ്ടെങ്കിൽ അതിൽ നീതിപൂർവമായ ഒരു അന്വേഷണം കെ ജി എം ഒ എ സ്വാഗതം ചെയ്യുന്നു. യഥാർത്ഥ വസ്തുതകൾ പുറത്തുവരുന്നതിനു മുൻപേ മാധ്യമങ്ങൾ വഴി അദ്ദേഹത്തെ അപമാനിക്കുന്ന രീതിയിലുള്ള വാർത്തകൾ പടച്ചുവിടുന്നത് ഉചിതമായ നടപടിയായി കാണുന്നില്ല. ഇത്തരം പ്രവർത്തികൾ ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും മനോവീര്യം തകർക്കുമെന്നും കെ ജി എം ഒ എ വിലയിരുത്തുന്നു വെന്ന് ഡോ. എ. ടി. മനോജ് ( പ്രസിഡന്റ് ) ഡോ.ഷിൻസി (സെക്രട്ടറി ) ഡോ.രാജു മാത്യു സിറിയക് (ട്രഷറർ ) എന്നിവർ പറഞ്ഞു.
0 Comments