കാഞ്ഞങ്ങാട് : പെരിയകല്യോട്ട് നടന്നഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് പിറ്റേ ദിവസം നടന്ന കോൺഗ്രസ് ഹർത്താലിനിടെ സിപിഎം പ്രവർത്തകൻ്റെ വീടാക്രമിച്ച്, വീടിന് തീയിട്ട കേസിൽ ഏഴ് കോൺഗ്രസ് പ്രവർത്തകരെ കോടതി വിട്ടയച്ചു. കോൺഗ്രസ് പ്രവർത്തകരായ എം.കെ. നാരായണൻ, ബേബി കുര്യൻ, വി. ശശിധരൻ, ഡി.ശശി, എച്ച്. കൃഷ്ണൻ, എ. ജനാർദ്ദനൻ, ദാമോദരൻ എന്നിവരെയാണ് കാസർകോട് ജില്ലാ സെഷൻസ് 3 കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചത്. സിപിഎം പ്രവർത്തകനായ കല്യോട്ട് കണ്ണാടിപ്പാറയിലെ ഓമനക്കുട്ടൻ്റെ വീടിന് തീയിട്ട കേസിലാണ് പ്രതികളെ വിട്ടത്. ബേക്കൽ പൊലീസ് റജിസ്ട്രർ ചെയ്ത കേസാണിത്. യു.ഡി. എഫ് അനുഭാവികളായ ഏഴ് പ്രതികളും മറ്റ് കണ്ടാലറിയാവുന്ന 90 ഓളം പേരും യു.ഡി.എഫ് ഹർത്താലിനിടെ വീട്ടിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയതായായിരുന്നു കുറ്റപത്രം.ടി വി, ഫ്രിഡ്ജ്, ഫാൻ, എമർജൻസി ലൈറ്റ്, മിക്സി,സ്റ്റിൽ അലമാര, കട്ടിൽ, മേശ, കസേരകൾ എന്നിവ അടിച്ച് നശിപ്പിച്ച് വീടിന് തീ വെച്ചെന്നും വ്യക്തമാക്കിയിരുന്നു. 188660 രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. പ്രതികൾക്ക് വേണ്ടി ഹോസ്ദുർഗ് ബാറിലെ അഭിഭാഷകൻ പി. ലതീഷാണ് ഹാജരായത്. ഇന്നാണ് കോടതി പ്രതികളെ വിട്ടത്.
0 Comments