Ticker

6/recent/ticker-posts

പൂച്ചക്കാട് ഗഫൂർ ഹാജി വധം: പ്രതികൾ വീണ്ടും അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ കണ്ണൂരിലേക്ക് കൊണ്ട് പോകും

കാഞ്ഞങ്ങാട്: പൂച്ചക്കാട് പ്രവാസി വ്യവസായി എം.സി. ഗഫൂർ ഹാജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് റിമാൻ്റിലുള്ള നാല് പ്രതികളെയും കോടതി അന്വേഷണ സംഘത്തിന് ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വിട്ടുകൊടുത്തു. ഉദുമ കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നേരത്തെ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് രണ്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കസ്റ്റഡിയിൽ കിട്ടിയില്ല. തുടർന്ന് അന്വേഷണ സംഘം ജില്ലാ കോടതിയെ സമീപിച്ചു. ജില്ലാ കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഇന്നലെ മജിസ്ട്രേറ്റ് കോടതിക സ്റ്റഡിയിൽ വിട്ടത്. പ്രതികളെ അറസ്റ്റിലായ ദിവസം കോടതി ഏതാനും ദിവസം കസ്റ്റഡിയിൽ നൽകിയിരുന്നു. തെളിവെടുപ്പിന് ശേഷം വീണ്ടും കോടതിയിൽ ഹാജരാക്കിയ ശേഷം വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിക്കുകയായിരുന്നു. വൻ സുരക്ഷയിലാണ് പ്രതികളെ ജയിലിൽ നിന്നും കോടതിയിലെത്തിച്ചത്. (പതികളെ കണ്ണൂരിലെ ജ്വല്ലറിയിലും കാസർകോട്ടു മുൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും. 2023 ഏപ്രിൽ 14ന് പുലർച്ചെയാണ് പ്രവാസി വ്യവസായി അബ്ദുൽ ഗഫൂർ ഹാജിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും കൈയിൽനിന്ന് ഗഫൂർ ഹാജി വാങ്ങിയ 596 പവൻ ആഭരണങ്ങൾ കാണാനില്ലെന്ന് ഇതിനു പിറകെ വീട്ടുകാർക്ക് ബോധ്യപ്പെട്ടു. ഇതോടെ മരണത്തിൽ സംശയമുയരുകയും ഹാജിയുടെ മകൻ മുസമ്മിൽ ബേക്കൽ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഇതേത്തുടർന്ന് മൃതദേഹം ഏപ്രിൽ 28ന് ഖബറിടത്തിൽനിന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തെങ്കിലും സംശയിക്കപ്പെടുന്ന ഒന്നും കണ്ടെത്തിയില്ല. ആദ്യം ബേക്കൽ ഡിവൈ.എസ്‌.പിയും സംഘവുമാണ് കേസ് അന്വേഷിച്ചത്. പുരോഗതി ഉണ്ടാകാത്തതിനെത്തുടർന്ന് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടിരുന്നു. ഭാര്യയും മക്കളുമുൾപ്പെടെയുള്ളവർ ബന്ധുവീട്ടിലുണ്ടായിരുന്ന ദിവസമാണ് ഗഫൂർ ഹാജി മരിച്ചത്. നഷ്ടപ്പെട്ട 550 പവനിലേറെ ആഭരണം ഇനിയും കണ്ടെത്താനുണ്ട്.

Reactions

Post a Comment

0 Comments