കാഞ്ഞങ്ങാട് : യുവതിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവത്തിൽ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് കുടുംബവും കർമസമിതിയും ഈ മാസം 15ന് വ്യാഴാഴ്ച നിരാഹാരമിരിക്കും. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ 12 മണിക്കൂർ ആശുപത്രിക്ക് മുന്നിലാണ് നിരാഹാരമിരിക്കുക. ചിത്താരി ചേറ്റുകുണ്ടിലെ പ്രവാസിയായ സാഗറിന്റെ ഭാര്യ ദീപ 38നോർത്ത് കോട്ടച്ചേരി പത്മ പോളി ക്ലിനിക്കിൽ മരിച്ച സംഭവത്തിലാണ് നിരാഹാരം. ചികിത്സിച്ച ഡോ. രേഷ്മ സുവർണയുടെ പിഴവ് മൂലമാണ് മരണമെന്നാണ് ബന്ധുക്കളും കർമസമിതി ഭാരവാഹികളും ആരോപിക്കുന്നത്. വിവിധ ആശുപത്രികളിലെ ചികിത്സയ്ക്കിടെ ഡോക്ടർക്കുണ്ടായ പിഴവുകളും ഭാരവാഹികൾ വാർത്ത സമ്മേളനം നടത്തി ചൂണ്ടിക്കാട്ടി.ഡോക്ടറുടെ അനാസ്ഥ കാരണം കുഞ്ഞിന് വൈകല്യം ബാധിച്ച മൂലക്കണ്ടത്തെ യുവതിയും ഭർത്താവും കർമസമിതിക്കൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഫെബ്രുവരി നാലിന് പുലർച്ചയാണ് ദീപ മരിച്ചത്.ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ദീപയ്ക്ക് രക്തസമ്മർദവും ഓക്സിജന്റെ അളവും കുറഞ്ഞിരുന്നു. ഈ സമയത്ത് അടിയന്തര ശസ്ത്രക്രിയ നിശ്ചയിക്കുകയും ചെയ്തു. പെൺകുഞ്ഞിെനെ പുറത്തെടുക്കുകയും ചെയ്തു. എന്നാൽ ഈ കാര്യങ്ങൾ ഒന്നും ബന്ധുക്കളെ അറിയിച്ചിരുന്നില്ല. ശസ്ത്രക്രിയക്ക് രക്തത്തിൻ്റെ ആവശ്യമുള്ളതും അറിയിച്ചിരുന്നില്ല.പ്രസവത്തോടെ ദീപയുടെ സ്ഥിതി വഷളായി. ഉടൻ പരിയാരം ഗവ മെഡിക്കൽ കോളജിലേക്ക് മാറ്റണമെന്നും പറഞ്ഞു.എന്നാൽ കുട്ടി മരിച്ച കാര്യം അറിയിച്ചിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. കുഞ്ഞ് രാത്രി തന്നെ മരിച്ചുവെന്നാണ് പിന്നീട് അന്വേഷണത്തിൽ തെളിഞ്ഞതെന്നും പറഞ്ഞു. പരിയാരത്തെത്തി ഗർഭപാത്രം നീക്കാനുള്ള ശസ്ത്രക്രിയ നടത്തിയെന്നും പിന്നാലെ മരിച്ചുവെന്നുമാണ് പറഞ്ഞത്. പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച ഡോക്ടറുടെയും ആശുപത്രി അധികൃതരുടെയും വീഴ്ചയെ തുടർന്നാണ് ദീപ മരിച്ചതെന്നും കർമസമിതി ഭാരവാഹികൾ പറഞ്ഞു. പള്ളിക്കര പഞ്ചായത്ത് പ്രസിഡൻ്റും കർമസമിതി ചെയർമാനുമായ എം. കുമാരൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റും വർക്കിങ് ചെയർപേഴ്സനുമായ നാസ്നിം വഹാബ്, പി. കെ. അബ്ദുല്ല, സുകുമാരൻ പൂച്ചക്കാട്, കെ. സോഹൻ, ഗോപാലകൃഷ്ണൻ തച്ചങ്ങാട് വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.
0 Comments