Ticker

6/recent/ticker-posts

പുഞ്ചാവിയിലെ കവർച്ച : പ്രതി വീട്ടിൽ കയറിയത് തെങ്ങിന് മുകളിലൂടെ ചുരുളഴിയിച്ച് പൊലീസ്

കാഞ്ഞങ്ങാട് : കല്ലൂരാവി പുഞ്ചാവിയിൽ കവർച്ച നടത്താൻ
പ്രതി വീട്ടിൽ കയറിയത്
തെങ്ങിന് മുകളിലൂടെയെന്ന് വ്യക്തമായി.
 പുല്ലൂർ തടത്തിൽ താമസിക്കുന്ന വയനാട് വെള്ളമുണ്ട സ്വദേശി
മുഹമ്മദ്‌ അഫ്സൽ 35 ആണ് തെങ്ങിൽ കൂടി കയറി വീട്ടിൽ കവർച്ച നടത്തിയത്. 
കഴിഞ്ഞ 26 ന് ആയിരുന്നു മോഷണം.
പുഞ്ചാവിയിലെ പറമ്മല എ. റഹ്മത്തിൻ്റെ വീട്ടിൽ ആയിരുന്നു കവർച്ച. രാവിലെ മാതാവിന് സുഖമില്ലാത്തതിനാൽ റഹ്മത്തും കുടുംബവും വീട് പൂട്ടി ആശുപത്രിയിൽ പോയതായിരുന്നു. ഈ സമയം തൊട്ടടുത്ത ബന്ധു വീട്ടിൽ ഉണ്ടായിരുന്ന പ്രതി ഇത് മനസിലാക്കി. പരിസരമാകെ വീക്ഷിക്കുകയും വീടിനോട് ചേർന്ന് മൂന്ന് തെങ്ങുകൾ ഉള്ളതായും മനസിലാക്കി.
 അന്ന് രാത്രി ബന്ധു വീട്ടിൽ തങ്ങി. പുലർച്ചെ 2 ന് ഉറക്കമുണർന്ന് ബന്ധുക്കൾ അറിയാതെ പുറത്തിറങ്ങി. തുടർന്ന് തെങ്ങിൽ വലിഞ്ഞു കയറി റഹ്മത്തിൻ്റെ വീടിന്റെ മുകളിൽ എത്തി. ഏണി കൂടിൻ്റെ വാതിൽ വീടിന് മുകളിലുണ്ടായിരുന്ന ഇരുമ്പ് കഷണം കൊണ്ട് തകർത്ത് അകത്തു കയറി. കിടപ്പ് മുറി പൂട്ടിയത് കണ്ട് മുറിയുടെ വാതിൽ പൂട്ടും തകർത്തു. ഒരു പവൻ ആഭരണവും അര ലക്ഷം രൂപയും കിടപ്പ് മുറിയിലെ ഷെൽഫിൽ നിന്നും കവർന്ന പ്രതി തെങ്ങിൽ കൂടി തന്നെ ഇറങ്ങി ഒന്നും അറിയാത്ത രീതിയിൽ ബന്ധു വീട്ടിൽ എത്തി കിടന്നുറങ്ങി. വീട്ടിൽ മോഷണം നടന്ന വിവര മറിഞ്ഞ് രാവിലെ സ്ഥലത്ത് നാട്ടുകാർ തടിച്ച് കൂടുമ്പോഴും ഒന്നും അറിയാത്ത രീതിയിൽ പ്രതിയുമുണ്ടായിരുന്നു. പിന്നീട് പ്രതി കാസർകോട് പോകാനുണ്ടെന്ന് പറഞ്ഞ് സ്ഥലത്ത് നിന്നും പോയി. മോഷണ വിവര മറിഞ്ഞെത്തിയ ഹോസ്ദുർഗ് പൊലീസിന് ആദ്യം കവർച്ചയിൽ ഒരു സൂചനയും ലഭിച്ചില്ല. പ്രദേശം കേന്ദ്രീകരിച്ച് പ്രാധമികാന്വേഷണത്തിൽ സമീപത്തെ
വീട്ടിൽ പുറത്ത് നിന്നും വന്ന ഒരാൾ താമസിച്ചിരുന്നുവെന്ന് മനസിലായി. പൊലീസ് ഈ യുവാവിനെ കുറിച്ച് രഹസ്യമായി അന്വേഷിച്ചെങ്കിലും സംശയിക്കത്തക്ക ഒന്നും ലഭിച്ചില്ല. മൊബൈൽ ഫോണിൽ ബന്ധപ്പെട്ട പോൾ സംശയങ്ങൾക്കൊന്നും ഇടം തരാതെ പൊലീസ് സ്റ്റേഷനിൽ വന്നു. പല തവണ ചോദ്യം ചെയ്തിട്ടും പ്രതി കുറ്റം സമ്മതിച്ചില്ല. പൊലീസ് 'വിശദമായി ' ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ പ്രതി കുറ്റം ഏറ്റ് പറഞ്ഞു. ജ്വല്ലറിയിൽ ആഭരണം വിൽപ്പന നടത്തിയതായി പൊലീസിനോട് പറഞ്ഞു. റിമാൻഡിലുള്ള പ്രതിയെ കസ്റ്റഡിയിൽ വാങ്ങി സ്വർണം കണ്ടെടുക്കും. ഗൾഫിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് യുവാവ് കവർച്ച കേസിൽ അറസ്ററിലായത്.
  ഇൻസ്പെക്ടർ പി. അജിത് കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.
Reactions

Post a Comment

0 Comments