കാഞ്ഞങ്ങാട് : സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഡിസ്‌കസ് ത്രോയിൽ ചെറുവത്തൂർ കാരിയിലെ സോനാ മോഹൻപുതിയ റെക്കോഡ് സൃഷ്ടിച്ചപ്പോൾ നാട് ആഹ്ലാദത്തിലായി.
സോനയുടെ വിജയത്തിൽ മധുരം പങ്കിട്ട് ചെറുവത്തൂർ ഹൈവേ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികളും സന്തോഷം പ്രകടിപ്പിച്ചു.
സഹപ്രവർത്തകൻ പാലത്തേരയിലെ മോഹനന്റെ മകൾ തലസ്ഥാനത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് വിഭാഗത്തിൽ മീറ്റ് റെക്കോർഡോടെ സ്വർണം നേടിയതിൽ അവർ അതിയായ ആഹ്ലാദത്തിലാണ്.
തൃശൂർ സ്വദേശി അതുല്യ ഏഴ് വർഷം മുൻപ് കുറിച്ച 37.73 എന്ന റെക്കോഡ് തിരുത്തിയാണ് സോന പുതിയ റെക്കോഡ് സൃഷ്ടിച്ചത്.
38.64 എന്ന റെക്കോഡാണ് സോന കുറിച്ചിരിക്കുന്നത്. കോച്ച് ഗിരീഷ് കെ സിയുടെ ശിക്ഷണത്തിലാണ് സോന മികച്ച പ്രകടനം പുറത്തെടുത്തത്. ഓട്ടോ തൊഴിലാളിയായ പി പി മോഹനൻ, ടി. സൗമ്യ ദമ്പതികളുടെ മൂത്ത മകളാണ് സോന. കുട്ടമത്ത് ജി എച്ച് എസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ സ്കൂൾ കായിക മേളയിലും സോനാ ജൂനിയർ ഡിസ്‌കസ് ത്രോയിൽ രണ്ടാം സ്ഥാനം നേടി.
0 Comments