കാഞ്ഞങ്ങാട് :പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയക്ക്
ശേഷം കാസര്‍കോട് ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് പട്ടികയുടെ പകര്‍പ്പ് കൈമാറിക്കൊണ്ടാണ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ പട്ടിക പുറത്തിറക്കിയത്. പുതുക്കിയ കണക്കുകള്‍ പ്രകാരം ജില്ലയില്‍ ഇപ്പോള്‍ ആകെ 10,96,241 വോട്ടര്‍മാരാണുള്ളത്. മുന്‍പുണ്ടായിരുന്ന കരട് പട്ടികയുമായി താരതമ്യം ചെയ്യുമ്പോള്‍ 74,896 പേരുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അന്തിമ പട്ടികയിലെ കണക്കുകള്‍ ഒറ്റനോട്ടത്തില്‍-
പുരുഷ വോട്ടര്‍മാര്‍- 5,40,698
സ്ത്രീ വോട്ടര്‍മാര്‍- 5,55,530
ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍- 13
അന്തിമ പട്ടികയില്‍ 37580 പുരുഷ വോട്ടര്‍മാരും 37313 സ്ത്രീ വോട്ടര്‍മാരും മൂന്ന് ട്രാന്‍സ്‌ജെന്റര്‍ വോട്ടര്‍മാരുമായി 74896 വോട്ടര്‍മാരുടെ വര്‍ധനവുണ്ടായി. കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ വോട്ടര്‍മാരുടെ എണ്ണം 1078256 ആയിരുന്നു. എന്നാല്‍ ആക്ഷേപങ്ങളും പരാതികളും പരിഗണിച്ച് പുതിയ അപേക്ഷകള്‍ സ്വീകരിച്ചതോടെയാണ് വോട്ടര്‍മാരുടെ എണ്ണം നിലവിലെ നിലയിലേക്ക് ഉയര്‍ന്നത്.
മികച്ച പ്രകടനവുമായി കാസര്‍കോട്
സംസ്ഥാനാടിസ്ഥാനത്തില്‍ തന്നെ വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയുടെ വിവിധ ഘട്ടങ്ങളില്‍ കാസര്‍കോട് ജില്ല മികച്ച പ്രകടനം കാഴ്ചവെച്ചു. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരും മറ്റ് ഉദ്യോഗസ്ഥരും രാപ്പകലില്ലാതെ പ്രയത്‌നിച്ചതാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കലക്ടര്‍ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍, ബി.എല്‍.ഒ മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എസ്.സി, എസ്. ടി പ്രമോട്ടർമാർ എന്നിവരുടെ സഹകരണത്തിന് ജില്ലാ ഭരണകൂടം നന്ദി അറിയിച്ചു.
വോട്ടര്‍മാര്‍ പട്ടിക പരിശോധിക്കുകയും അര്‍ഹരായ എല്ലാവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. പട്ടികയില്‍ ഇരട്ട വോട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 'ഫോറം 7' ഉപയോഗിച്ച് അവ നീക്കം ചെയ്യാന്‍ ആര്‍ക്കും അപേക്ഷിക്കാവുന്നതാണ്. പട്ടികയില്‍ പേര് വരാത്തവര്‍ ആശങ്കപ്പെടേണ്ടതില്ല. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ പത്ത് ദിവസം മുന്‍പ് വരെ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും.
അവസാന നിമിഷം വരെ കാത്തുനില്‍ക്കാതെ അര്‍ഹരായ മുഴുവന്‍ ആളുകളും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അഭ്യര്‍ത്ഥിച്ചു. ജില്ലാകലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഇലക്ഷന്‍ ആര്‍.ഡി.ഒ ബിനു ജോസഫ് , ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍ ഗോപകുമാര്‍, ജെ.എസ് എ. രാജീവന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ.എ മുഹമ്മദ് ഹനീഫ്, പി.രമേശ്, ഹാരിസ് ചൂരി, ബിജു ഉണ്ണിത്താന്‍, ഹരീഷ് ബി നമ്പ്യാര്‍, മാമുനി വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പുതിയ വോട്ടര്‍മാര്‍ (ഫോം 6)-ലഭിച്ച 71,789 അപേക്ഷകളില്‍ 65,938 എണ്ണം (91.85%) അംഗീകരിച്ചു. ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ കാസര്‍കോട് മണ്ഡലത്തിലാണ് (19,342 അപേക്ഷകള്‍). മഞ്ചേശ്വരം മണ്ഡലത്തില്‍ 16,692 അപേക്ഷകളും ഉദുമ മണ്ഡലത്തില്‍ 15,671 അപേക്ഷകളും കാഞ്ഞങ്ങാട് 10419 അപേക്ഷകളും തൃക്കരിപ്പൂരില്‍ 9665 അപേക്ഷകളും ലഭിച്ചു.
പ്രവാസി വോട്ടര്‍മാര്‍ (ഫോം 6എ)- പ്രവാസി വോട്ടര്‍മാരുടെ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ലഭിച്ച 11,746 അപേക്ഷകളില്‍ 8,851 എണ്ണം (75.35%)അംഗീകരിച്ചു. ഇതില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തിലാണ് (3,996 അപേക്ഷകള്‍) കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത്. മഞ്ചേശ്വരം മണ്ഡലത്തില്‍ 789 അപേക്ഷകളും കാസര്‍കോട് മണ്ഡലത്തില്‍ 1526 അപേക്ഷകളും ഉദുമ മണ്ഡലത്തില്‍ 2174 അപേക്ഷകളും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 3261 അപേക്ഷകളും ലഭിച്ചു.
അനര്‍ഹരെ ഒഴിവാക്കല്‍ (ഫോം 7)- പട്ടികയിലെ അനര്‍ഹരായവരെയും നീക്കം ചെയ്യുന്നതിനായി ലഭിച്ച 8,095 അപേക്ഷകളില്‍ 7,957 എണ്ണം (98.30%) അംഗീകരിച്ച് നടപടികള്‍ സ്വീകരിച്ചു. മഞ്ചേശ്വരം മണ്ഡലത്തില്‍ 1877 അപേക്ഷകളും കാസര്‍കോട് 1731 അപേക്ഷകളും ഉദുമ മണ്ഡലത്തില്‍ 1446 അപേക്ഷകളും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 1849 അപേക്ഷകളും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 1192 അപേക്ഷകളും ലഭിച്ചു.
തിരുത്തലുകളും മാറ്റങ്ങളും (ഫോം 8)- വിലാസം മാറുന്നതിനായി (Shifting) ആകെ 3,108 അപേക്ഷകള്‍ ലഭിച്ചു. 2616 (84.17%) അപേക്ഷകള്‍ സ്വീകരിച്ചു. മഞ്ചേശ്വരം മണ്ഡലത്തില്‍ 770 അപേക്ഷകളും കാസര്‍കോട് 553 അപേക്ഷകളും ഉദുമ മണ്ഡലത്തില്‍ 489 അപേക്ഷകളും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 867 അപേക്ഷകളും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 429 അപേക്ഷകളും ലഭിച്ചു.
വോട്ടര്‍ പട്ടികയിലെ തെറ്റ് തിരുത്തലുകള്‍ (ഫോം 8)- വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിനായി (Correction) 11,780 അപേക്ഷകള്‍ ലഭിച്ചു. തെറ്റുകള്‍ തിരുത്തുന്നതിനായി ലഭിച്ച അപേക്ഷകളില്‍ 11110 (94.31) ശതമാനവും അംഗീകരിച്ചു. മഞ്ചേശ്വരം മണ്ഡലത്തില്‍ 3653 അപേക്ഷകളും കാസര്‍കോട് 2453 അപേക്ഷകളും ഉദുമ മണ്ഡലത്തില്‍ 1992 അപേക്ഷകളും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 1458 അപേക്ഷകളും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 2224 അപേക്ഷകളും ലഭിച്ചു.
0 Comments