കാഞ്ഞങ്ങാട് : നറുക്കെടുപ്പിൽ കൈ വന്ന ഒരു ലക്ഷം രൂപ സൗഭാഗ്യം തുണിക്കട ഉടമകൾ നൽകിയില്ല. ആളുകൾക്ക് മുന്നിൽ പരിഹാസ്യനായ യുവാവ് നീതി തേടി പൊലീസിലെത്തിയെങ്കിലും കട മുതലാളിമാരെ ഒന്ന് വിളിപ്പിക്കാൻ പോലും തയാറാകാതെയുവാവിനെ പൊലീസ് തിരിച്ചയച്ചതായും പരാതി ഉയർന്നു. തുണിക്കടനവീകരണമെന്ന പേരിൽ ആളുകൾക്ക് തുണിക്കടയുടെ കൂപ്പണുകൾ വിതരണം ചെയ്തിരുന്നു. ഈ കൂപ്പൺ ജനപ്രതിനിധി നറുക്കെടുക്കുകയും ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപ അജാനൂർ കൊളവയൽ കൊട്ടിലങ്ങാട്ടെ റാഷിദിന് സമ്മാനം അടിക്കുകയും ചെയ്തു. നറുക്കെടുപ്പ് ചടങ്ങിൽ റാഷിദിൻ്റെ പേരും മൊബൈൽ ഫോൺ നമ്പറും മൈക്കിൽ വിളിച്ചു പറഞ്ഞിരുന്നു. തുണിക്കടയുടെ തൊട്ട് മുന്നിൽ തൻ്റെ മൊബൈൽ കവർ വിൽപ്പന നടത്തുന്ന കടയിൽ പോയി ഒരുമിനിറ്റിനകം തിരികെയെത്തിയ യുവാവിന് ഒരു ലക്ഷം രൂപ സമ്മാനതുകനിഷേധിച്ചെന്നാണ് പരാതി. സമ്മാനം നൽകേണ്ട ജനപ്രതിനിധിക്ക് സമയമില്ലെന്ന കാരണത്താലും യുവാവ് ഒരു ലക്ഷം രൂപ സമ്മാനത്തിന് അർഹനല്ലെന്നും പറഞ്ഞ് സമ്മാനതുക മറ്റാർക്കോ നൽകിയെന്നാണ് പരാതി. ആളുകൾക്ക് മുന്നിൽ അപമാനിതനായി മടങ്ങിയ നാഷിദ് ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് ഗൗനിച്ചില്ല. ഇതേ തുടർന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിക്ക് പരാതി നൽകി. പരാതി ഡി.വൈ.എസ്.പി ഓഫീസ് അന്വേഷിക്കുന്നതിനായി ഹോസ്ദുർഗ് പൊലീസിന് കൈമാറിയെങ്കിലും ഇത് വരെ നടപടിയുണ്ടായിട്ടില്ലെന്ന് യുവാവ് പറഞ്ഞു. നടപടി ഉണ്ടാകുന്നില്ലെങ്കിൽനീതി തേടി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകാനുള്ള തയാറെടുപ്പിലാണെന്ന് റാഷിദ് പറഞ്ഞു.
0 Comments