Ticker

6/recent/ticker-posts

ചൂട് കനത്തതോടെ തണുപ്പ് തേടി പാമ്പുകൾ വീടുകളിലേക്ക്, ജാഗ്രതക്ക് അധികൃതരുടെ നിർദ്ദേശം

കാഞ്ഞങ്ങാട്:വേനൽക്കാലം കടുക്കുന്നതോടെ അന്തരീക്ഷത്തിലെ ചൂട് വർദ്ധിക്കുന്നത് പാമ്പുകൾ തങ്ങളുടെ സ്വാഭാവിക വാസസ്ഥലങ്ങളിൽ നിന്നും തണുപ്പ് തേടി ജനവാസ മേഖലകളിലേക്കും വീടുകൾക്കുള്ളിലേക്കും ഇറങ്ങാൻ കാരണമാകുന്നു. ഈ സാഹചര്യത്തിൽ പാമ്പ് കടിയേൽക്കാനുള്ള സാധ്യത വളരെ കൂടുതലായതിനാൽ എല്ലാവരും അതീവ ജാഗ്രത പുലർത്തേണ്ടതാണ്. പരിഭ്രാന്തരാകാതെ കൃത്യമായ മുൻകരുതലുകൾ എടുക്കുന്നത് അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
പാമ്പ് കടിയേറ്റാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ
കടിയേറ്റ സഥലത്ത് നിന്നും സാവധാനം സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക.
കടിയേറ്റയാളിന് ആത്മവിശ്വാസം പകരുക. ഭയവും പരിഭ്രാന്തിയുമുണ്ടായാൽ രക്തചംക്രമണം കൂടുകയും വൃക്ക, മസ്തിഷ്‌കം, ഹൃദയം തുടങ്ങിയ അവയവങ്ങളിലേക്ക് വിഷം പെട്ടെന്ന് എത്തുകയും ചെയ്യും. 
കടിയേറ്റ ഭാഗത്ത് ഒന്നും ചെയ്യാതെ അതുപോലെ തന്നെ വെക്കുക / ചലിപ്പിക്കാതിരിക്കുക. 
കടിയേറ്റ കൈകാലുകളിൽ നിന്നും ഷൂസ്, ബെൽറ്റ്, മോതിരം, വാച്ച്, ആഭരണങ്ങൾ, മുറുകിക്കിടക്കുന്ന വസ്ത്രം എന്നിവ അഴിച്ചു മാറ്റുക. 
കടിയേറ്റയാളിനെ തല ചരിച്ചു വെച്ച്, കൈകൊണ്ട് മുഖത്തെ താങ്ങി നിർത്തുന്ന രീതിയിൽ, ഇടത്തോട്ട് ചരിച്ച് വലതു കാൽ മടക്കി കിടത്തുക. 
വാഹന സൗകര്യം ലഭ്യമായാലുടൻ കടിയേറ്റയാളെ അടിയന്തിര ചികിത്സക്കായി തൊട്ടടുത്ത ആന്റി സ്നേക്ക് വെനം (ASV) നൽകുന്ന ആശുപത്രിയിൽ എത്തിക്കുക. 
പാമ്പ് കടിയേറ്റാൽ ചെയ്യരുതാത്ത കാര്യങ്ങൾ 
കടിയേറ്റയാൾക്ക് പരിഭ്രാന്തിയോ ഭയമോ ഉണ്ടാകാൻ അനുവദിക്കാതിരിക്കുക. 
പാമ്പിനെ തിരിച്ചറിയാനും ജീവനോടെയോ അല്ലാതെയോ പിടിക്കാനും ശ്രമിക്കുന്നത് വീണ്ടും കടിയേൽക്കുന്നതിനിടയാക്കും.
കടിയേറ്റ ഭാഗത്ത് മുറിവ് ഉണ്ടാക്കുകയോ ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ ലേപനങ്ങളോ പുരട്ടുകയോ അരുത്. 
കടിയേറ്റ ഭാഗത്തിനു മുകളിൽ രക്തയോട്ടം കുറയ്ക്കാനായി മുറുക്കിക്കെട്ടേണ്ട ആവശ്യമില്ല. ഇങ്ങനെ ചെയ്‌താൽ കടിയേറ്റ ഭാഗത്തേക്കുള്ള രക്തയോട്ടം തടസ്സപ്പെടാനും ആ ഭാഗം പ്രവർത്തന രഹിതമാകാനും സാധ്യതയുണ്ട്. 
കടിയേറ്റയാളിനെ മലർത്തിക്കിടത്തരുത്. അത് ശ്വാസതടസ്സം ഉണ്ടാക്കാനിടയുണ്ട്. 
അശാസ്ത്രീയവും സുരക്ഷിതമല്ലാത്തതുമായ ചികിത്സകൾ ചെയ്യരുത്. 
പാമ്പ് കടിയേറ്റാൽ നൽകുന്ന ആന്റി സ്‌നേയ്ക് വെനം (ASV) ചുവടെ ചേർത്ത ആരോഗ്യസ്ഥാപനങ്ങളിൽ ലഭ്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ബി സന്തോഷ് അറിയിച്ചു.
സർക്കാർ ആശുപത്രികൾ
 ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് 
ജനറൽ ആശുപത്രി കാസർകോട്
താലൂക്ക് ആശുപത്രി നീലേശ്വരം 
താലൂക്ക് ആശുപത്രി മുളിയാർ
താലൂക്ക് ആശുപത്രി പൂടംകല്ല്
താലൂക്ക് ആശുപത്രി നീലേശ്വരം
മെഡിക്കൽ കോളേജ് കാസർകോട്
സ്വകാര്യ ആശുപത്രികൾ
ഐഷാൽ മെഡിസിറ്റി ഹോസ്പിറ്റൽ, കാഞ്ഞങ്ങാട്
കെയർവെൽ ഹോസ്പിറ്റൽ, കാസർകോട്
ഇ. കെ. നായനാർ മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, ചെങ്കള
കിംസ് സൺറൈസ് ഹോസ്പിറ്റൽ, കാസർകോട്
കെ. എസ്. അബ്ദുള്ള ഹോസ്പിറ്റൽ, കാസർകോട് 
ആസ്റ്റർ മിംസ് ഹോസ്പിറ്റൽ, കാസർകോട്
സി. എം. ഹീലിംഗ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ചെങ്കള
അരമന ഫാത്തിമ ഹോസ്പിറ്റൽ, കാസർകോട് .
Reactions

Post a Comment

0 Comments