കാഞ്ഞങ്ങാട്: അർബുദ രോഗിയുടെ ചികിത്സാ സഹായാർത്ഥം ബാവാ സ്പോർട്ട് സ് ക്ലബ്ബ്, സെവൻസ്റ്റാർ സ്പോർട്ട് സ് ക്ലബ്ബ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ബിരിയാണി ചാലഞ്ച് വൻ വിജയമായി. നാട്ടിലെയും സമീപ പ്രദേശങ്ങളിലെയും നാട്ടുകാരുടെ മികച്ച സഹകരണമാണ് പരിപാടിയുടെ വിജയത്തിന് പിന്നിലെ പ്രധാന ശക്തിയായി മാറിയത്. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചിരുന്നു. എ.എം .. റഷിദ് ഹാജിയെ ചെയർമാനായും, കെ. ഷാഹുൽ ഹമിദിനെ കൺവീനറായും, സി.എച്ച്. നെജ്മുദ്ധീനെ ഖജാൻ ഞ്ചി യായും ഉൾപ്പെടുത്തി 12 അംഗ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. സംഘാടകരുടെ ശക്തമായ ഇടപെടലും കൃത്യമായ ഏകോപനവുമാണ് പരിപാടിയെ ശ്രദ്ധേയമാക്കിയത്. ബാവാ നഗറിലെ യുവാക്കളും ക്ലബ് പ്രവർത്തകരും ഒരു ദിവസം മുമ്പേ ഉറക്കമൊഴിഞ്ഞ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേർന്ന് ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിറവേറ്റി. ബിരിയാണി ചാലഞ്ചിന് പ്രതീക്ഷിച്ചതിലും കൂടുതൽ ഓർഡറുകൾ ലഭിച്ചതിനെ തുടർന്ന് ബുക്കിംഗ് 12 മണിക്കൂർ മുമ്പേ അവസാനിപ്പിക്കേണ്ട സാഹചര്യം ഉണ്ടായി. ഇത് പരിപാടിയോടുള്ള ജനങ്ങളുടെ വലിയ പിന്തുണയും വിശ്വാസവും തെളിയിക്കുന്നതായി സംഘാടകർ പറഞ്ഞു. പ്രാർഥനയോടെയാണ് പരിപാടിക്ക് തുടക്കമായത്. സി.എച്ച്. സെന്റർ ട്രഷറർ സി.എച്ച്. അഹമ്മദ് കുഞ്ഞി ഹാജി, റിട്ട: ഡി വൈ എസ് പി ഹസൈനാർ, സി.എച്ച്. കരീം ഹാജി ജമാഅത്ത് പ്രസിഡന്റ്, യൂത്ത് വോയ്സ് പ്രവർത്തകൻ ശംസുദ്ധീൻ കൂളിയങ്കാൽ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇത്തരം സാമൂഹിക ഉത്തരവാദിത്വ പരിപാടികൾ മറ്റു ക്ലബ്ബുകൾക്കും മാതൃകയാകണമെന്ന് ചെയർമാൻ റഷിദ് ഹാജി അഭിപ്രായപ്പെട്ടു. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച മുഴുവൻ ആളുകളോടും കൺവീനർ ഷാഹുൽ ഹമിദ് നന്ദി അറിയിച്ചു.
0 Comments